നവജാതശിശുക്കളെ വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ ചക്കരക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്‌നാട് സ്വദേശി മുപ്പിലി രാജ, വാഗമൺ സ്വദേശി അപർണ, കൊല്ലം പരവൂർ സ്വദേശി അനീന തസ്‌നി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പാലാ, കോട്ടയം ജയിലുകളിലെത്തിയാണ് പോലീസ് സംഘം നടപടികൾ പൂർത്തിയാക്കിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും.
കോട്ടയം തീക്കോയിയിൽ അസം സ്വദേശിയായ ഗർഭിണിയെ തടവിലാക്കി കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിലൂടെയാണ് അന്തർസംസ്ഥാന ശിശുവിൽപ്പന സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. വീട്ടുകാർ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയ വഴിയാണ് യുവതി തീക്കോയിയിലെ അഭയകേന്ദ്രത്തെക്കുറിച്ച് അറിയുന്നത്. പ്രസവത്തിനുള്ള സഹായവും കുഞ്ഞിനെ സംരക്ഷിക്കാമെന്ന വാഗ്ദാനവും നൽകി യുവതിയെ കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു.
Also Read: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ജീപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
എന്നാൽ തീക്കോയിയിൽ എത്തിച്ച ശേഷം യുവതിയെ തടവിലാക്കുകയും പ്രസവിക്കുന്ന കുഞ്ഞിനെ നൽകിയാൽ 3 ലക്ഷം രൂപ തരാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇവിടെനിന്നും രക്ഷപ്പെട്ട യുവതി പോലീസിൽ പരാതി നൽകിയതോടെയാണ് പ്രതികൾ പിടിയിലാകുന്നത്. തുടരന്വേഷണത്തിലാണ് ഇവർ നേരത്തെയും കുട്ടികളെ വിൽപ്പന നടത്തിയതായി വ്യക്തമായത്. ഇതിൽ ഒരു കുട്ടിയെ കണ്ണൂർ ചക്കരക്കൽ സ്റ്റേഷൻ അതിർത്തിയിലെ വാരം സ്വദേശികൾക്കാണ് വിറ്റത്. മറ്റൊരു കുട്ടിയെ തൊടുപുഴയിലും വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവങ്ങളിലാണ് ചക്കരക്കൽ പോലീസും തൊടുപുഴ പോലീസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ശക്തമാക്കിയത്.






