ടി20 ലോകകപ്പിനുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു ; കെയിന്‍ വില്ല്യംസണ്‍ നയിക്കും

ടി20 ലോകകപ്പിനുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു ; കെയിന്‍ വില്ല്യംസണ്‍ നയിക്കും

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കേ, 15 അംഗ ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമായി ന്യൂസീലന്‍ഡ്. കെയിന്‍ വില്യംസണാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ സീം ബൗളിംഗ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന് വേണ്ടി മികച്ച ഓള്‍ റൗണ്ടര്‍ പ്രകടനം കാഴ്ച്ച വെച്ചിരുന്ന രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്. ഇരുവരുടെയും ആദ്യ ടി20 ലോകകപ്പാവും ഇത്തവണത്തേത്. കണങ്കാലിന് പരിക്കേറ്റ ആദം മില്‍നെയും കൈല്‍ ജാമിസണും ടീമിലില്ല.

ഇത് നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ നായകനാവുന്നത്. ‘വെസ്റ്റ് ഇന്‍ഡീസിലേയും യുഎസിലെയും വേദികള്‍ തികച്ചും വ്യത്യസ്തമാണ്, വ്യത്യസ്തമായ സാഹചര്യങ്ങളെയാവും ടീമിന് അഭിമുഖീകരിക്കേണ്ടി വരിക, ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സാധ്യതയുള്ള ഒരു ടീമിനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്’ ബ്ലാക്ക് ക്യാപ്‌സ് കോച്ച് ഗാരി സ്റ്റെഡ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലിലെത്തിയ ടീമാണ് ന്യൂസിലാന്‍ഡ്. 2021ല്‍ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനായില്ല.

ന്യൂസീലന്‍ഡ് സ്‌ക്വാഡ്: കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ടിം സൗത്തി. ട്രാവലിങ് റിസര്‍വ്: ബെന്‍ സിയേഴ്സ്. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്താനെതിരെയാണ് ന്യൂസീലന്‍ഡിന്റെ ആദ്യ മത്സരം.

Top