പാലക്കാട്- കോഴിക്കോട് റൂട്ടിൽ പുതിയ ട്രെയിൻ എത്തുന്നു

തിങ്കളാഴ്ച മുതൽ പ്രത്യേക തീവണ്ടി താത്കാലികമായി ഓടിത്തുടങ്ങും

പാലക്കാട്- കോഴിക്കോട് റൂട്ടിൽ പുതിയ ട്രെയിൻ എത്തുന്നു
പാലക്കാട്- കോഴിക്കോട് റൂട്ടിൽ പുതിയ ട്രെയിൻ എത്തുന്നു

പാലക്കാട്/കണ്ണൂർ: പാലക്കാട്-കോഴിക്കോട് പാതയിൽ പകൽ യാത്രാദുരിതത്തിന് താത്കാലികമായി ഒരു പരിഹാരം എത്തിയിരിക്കുകയാണ്. തിങ്കളാഴ്ച മുതൽ പ്രത്യേക തീവണ്ടി താത്കാലികമായി ഓടിത്തുടങ്ങും. രാവിലെ 10.10-ന് കോഴിക്കോട്ടുനിന്ന് അൺറിസർവ്‍ഡ് എക്സ്പ്രസ് സ്പെഷ്യലായി ഓടിത്തുടങ്ങുന്ന വണ്ടി ഉച്ചയ്ക്ക് 1.05-ന് പാലക്കാട്ടെത്തും. തിരികെ 1.50-ന് പുറപ്പെടും. 23 മുതൽ സെപ്തംബർ 15 വരെ ഈ വണ്ടി ഓടുമെന്നാണ് ടൈംടേബിളിൽ സൂചിപ്പിച്ചിട്ടുള്ളത്.

അതേസമയം പകൽ 11.30നും നാലിനുമിടയിൽ പാലക്കാടിനും കോഴിക്കോടിനുമിടയ്ക്ക് പകൽ വണ്ടികളില്ല എന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. കണ്ണൂർ-ഷൊർണൂർ അൺറിസർവ്ഡ് സ്പെഷലാണ് പാലക്കാട്ടേക്കെത്തുന്നത്. കോഴിക്കോടിനും പാലക്കാടിനുമിടയിൽ ഫറോക്ക്, പരപ്പനങ്ങാടി, താനൂർ, തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും. ശനിയാഴ്ചയൊഴികെ എല്ലാ ദിവസവും പാലക്കാട്ടെത്തുന്ന വണ്ടി ശനിയാഴ്ചകളിൽ ഷൊർണൂർ വരെ മാത്രമേ ഉണ്ടാവൂ.

നാലു നമ്പറുകളിലാണ് വണ്ടി സർവീസ് നടത്തുക. 18 കോച്ചുകളാണ് ഉള്ളത്. വൈകുന്നേരം എറണാകുളത്തുനിന്ന് ഷൊർണൂർ വരെയെത്തുന്ന മെമു വണ്ടി പ്രത്യേകവണ്ടിയായി നിലമ്പൂർ വരെ നീട്ടുന്ന കാര്യവും പരിഗണനയിലുണ്ട്.

Share Email
Top