ദുബായിൽ നിർമാണം പുരോഗമിക്കുന്ന ഇത്തിഹാദ് റെയിൽവേ സ്റ്റേഷന് ‘ദുബായ് അൽ യലായിസ് സ്റ്റേഷൻ’ എന്ന് നാമകരണം ചെയ്തു. വരും സെപ്റ്റംബർ 30-ന് സ്റ്റേഷൻ ഔദ്യോഗികമായി പ്രവർത്തനമാരംഭിക്കും. ഇതോടൊപ്പം ഷാർജയിലെ ദൈദ് സ്റ്റേഷനും പ്രവർത്തനം തുടങ്ങും. യു.എ.ഇയുടെ ദേശീയ റെയിൽവേ പദ്ധതിയായ അബുദാബി-ഫുജൈറ സർവീസിന് പിന്നാലെ യാഥാർഥ്യമാകുന്ന പ്രധാന പാസഞ്ചർ സ്റ്റേഷനുകളാണിത്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനോട് ചേർന്ന് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് കമ്യൂണിറ്റിക്ക് സമീപമാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ദുബായ് മെട്രോ റെഡ് ലൈനുമായി ഇത്തിഹാദ് റെയിൽ പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാതയുടെ നിർമാണവും പൂർത്തിയായി വരുന്നു. അൽ ഫുർജാൻ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, എക്‌സ്‌പോ സിറ്റി ദുബായ് തുടങ്ങിയ പ്രമുഖ റസിഡൻഷ്യൽ-ബിസിനസ് മേഖലകൾ തമ്മിലുള്ള യാത്രാസൗകര്യം വർദ്ധിപ്പിക്കാൻ പുതിയ സ്റ്റേഷൻ സഹായിക്കും.






