പുതുചരിത്രം; ഒരു എക്സോപ്ലാനറ്റിന്‍റെ ഉപരിതലം ആദ്യമായി നേരിട്ട് നിരീക്ഷിച്ച് ശാസ്ത്രലോകം

ഭൂമിയേക്കാൾ 30 ശതമാനം വലിപ്പമുള്ള ഈ പാറഗ്രഹം സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പുതിയ അറിവുകൾ നൽകുന്നു

പുതുചരിത്രം; ഒരു എക്സോപ്ലാനറ്റിന്‍റെ ഉപരിതലം ആദ്യമായി നേരിട്ട് നിരീക്ഷിച്ച് ശാസ്ത്രലോകം
പുതുചരിത്രം; ഒരു എക്സോപ്ലാനറ്റിന്‍റെ ഉപരിതലം ആദ്യമായി നേരിട്ട് നിരീക്ഷിച്ച് ശാസ്ത്രലോകം

ഭൂമിക്ക് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ അന്തരീക്ഷം മാത്രമല്ല, അതിന്റെ ഉപരിതലം കൂടി നേരിട്ട് പഠനവിധേയമാക്കി ജ്യോതിശാസ്ത്രജ്ഞർ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ജെയിംസ് വെബ് ടെലിസ്‌കോപ്പിന്റെ സഹായത്തോടെ ഭൂമിയിൽ നിന്ന് 48.5 പ്രകാശവർഷം അകലെയുള്ള ‘LHS 3844 b’ എന്ന എക്സോപ്ലാനറ്റിലാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ഭൂമിയേക്കാൾ 30 ശതമാനം വലിപ്പമുള്ള ഈ പാറഗ്രഹം സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പുതിയ അറിവുകൾ നൽകുന്നു.

തന്റെ നക്ഷത്രത്തോട് വളരെ ചേർന്ന് ഭ്രമണം ചെയ്യുന്ന ഈ ഗ്രഹത്തിന് ഒരു വട്ടം ചുറ്റിവരാൻ വെറും 11 മണിക്കൂർ മതി. നക്ഷത്രവുമായി ‘ടൈഡലി ലോക്ക്ഡ്’ ആയതിനാൽ ഗ്രഹത്തിന്റെ ഒരു വശത്ത് എപ്പോഴും കടുത്ത പകലായിരിക്കും. ഇവിടെ താപനില 725 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നു. അന്തരീക്ഷമില്ലാത്ത ഈ ഗ്രഹത്തിന്റെ ഉപരിതലം ഇരുണ്ട പാറകളാൽ നിർമ്മിതമാണെന്നും ചന്ദ്രനെയോ ബുധനെയോ പോലെ പൊടിപടലങ്ങൾ നിറഞ്ഞതാണെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

അഗ്നിപർവ്വത വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്താനായില്ലെങ്കിലും, വികിരണങ്ങളും ഉൽക്കാപതനങ്ങളും മൂലം പാറകൾ പൊടിയായി മാറുന്ന ‘സ്പേസ് വേതറിംഗ്’ എന്ന പ്രക്രിയ ഇവിടെ നടക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ജെയിംസ് വെബ് ടെലിസ്‌കോപ്പിലെ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഗ്രഹത്തിൽ നിന്നുള്ള താപം അളന്നാണ് ഈ വിവരങ്ങൾ ശേഖരിച്ചത്. അന്യഗ്രഹങ്ങളുടെ ഭൗമശാസ്ത്ര ചരിത്രം മനസ്സിലാക്കുന്നതിൽ ഈ കണ്ടെത്തൽ വരുംകാലങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.

Share Email
Top