തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങൾക്ക് ഇളവ് അനുവദിച്ച് ഇറാൻ. ഈ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകപ്പലുകൾക്ക് തടസ്സമില്ലാതെ കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതിയുണ്ടെന്ന് ഇറാനിയൻ പാർലമെന്റിലെ ദേശീയ സുരക്ഷാ, വിദേശ നയ സമിതി ഡെപ്യൂട്ടി ചെയർമാൻ അമീർ ഹയാത്ത് മൊഗദ്ദാം അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള മരുന്ന് വിതരണം സുഗമമാക്കുന്നതിനും പങ്കാളിത്ത രാജ്യങ്ങളുമായുള്ള നയതന്ത്ര സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഈ ഇളവുകൾ നൽകിയിട്ടുള്ളത്.
ഇറാനിയൻ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അമീർ ഹയാത്ത് മൊഗദ്ദാം ഈ വിവരങ്ങൾ വ്യക്തമാക്കിയത്. ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ കപ്പലുകളിൽ നിന്ന് ഗതാഗത ഫീസ് ഈടാക്കുന്നുണ്ടെന്നും എന്നാൽ ഖത്തറിന് ഫീസില്ലാതെ കടന്നുപോകാൻ അനുവാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യയിൽ നിന്നുള്ള മരുന്നുകളുടെ ഇറക്കുമതി സുഗമമാക്കുക എന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
ലോകത്തെ എണ്ണ വിതരണത്തിന്റെ കാൽഭാഗത്തോളം കടന്നുപോകുന്ന പാതയാണ് ഇറാനും ഒമാനും ഇടയിലുള്ള ഹോർമുസ് കടലിടുക്ക്. മുൻപ് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 70 ശതമാനത്തോളം ഇതുവഴിയായിരുന്നു എത്തിയിരുന്നത്. എന്നാൽ പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് റഷ്യ, അമേരിക്കൻ, പടിഞ്ഞാറൻ ആഫ്രിക്ക തുടങ്ങിയ മറ്റ് സ്രോതസ്സുകളെ ആശ്രയിക്കാൻ തുടങ്ങിയതോടെ ഇന്ത്യയുടെ ഹോർമുസ് പാതയോടുള്ള ആശ്രയത്വം നിലവിൽ 30 ശതമാനമായി കുറഞ്ഞിട്ടുണ്ട്.






