സെർച്ച് എഞ്ചിനിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി നെറ്റ്‌ഫ്ലിക്‌സ്. നിലവിലുള്ള സെർച്ച് സംവിധാനത്തിന് പകരമായി ഓപ്പൺ എ.ഐയുടെ മോഡലുകൾ ഉപയോഗിച്ചുള്ള പുതിയ എ.ഐ സെർച്ചിങ് സംവിധാനം കൊണ്ടുവരാനാണ് പുതിയ നീക്കം.
അതേസമയം ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായ പദങ്ങൾ ഉപയോഗിച്ച് കണ്ടന്‍റുകൾ തിരയാനാകും. ഉദാഹരണത്തിന്, സങ്കടമുള്ളപ്പോൾ കാണാൻ പറ്റിയ നല്ല സിനിമകൾ എന്ന് തിരയുമ്പോൾ അതിന് അനുയോജ്യമായ സിനിമകൾ നെറ്റ്‌ഫ്ലിക്‌സിൽ ലഭ്യമാകും. ഉപയോക്താക്കളുടെ അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിൽ ഫീച്ചറിൽ മാറ്റങ്ങൾ വരുത്തും. കൂടാതെ ഈ സംവിധാനം ഇപ്പോൾ ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാണ്.
Also Read: 6 വനിതകള്‍; ബഹിരാകാശ വിനോദസഞ്ചാര യാത്രകളില്‍ ചരിത്രമെഴുതി എന്‍എസ് 31 ദൗത്യം
നിലവിൽ ഐ.ഒ.എസ് ആപ്പിൽ മാത്രമാണ് ഈ ഫീച്ചർ ലഭിക്കുക. അടുത്ത ദിവസങ്ങളിൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഈ ഫീച്ചർ ലഭ്യമായി തുടങ്ങും. ഇന്ത്യയിൽ ഇത് ലഭ്യമാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. സിനിമ നിർമാണത്തിലും പ്ലാറ്റ്ഫോം മെച്ചപ്പെടുത്തലിലുമായി നെറ്റ്‌ഫ്ലിക്‌സ് എ.ഐ സാങ്കേതിക വിദ്യകളിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തുകയാണ്. ഈ മാസം ആദ്യം, നെറ്റ്ഫ്ലിക്സ് അതിന്റെ ടിവി ആപ്പ് ബഹുഭാഷാ ഓഡിയോ പിന്തുണയോടെ അപ്ഡേറ്റ് ചെയ്തു. ഇതിലൂടെ ഉപയോക്താക്കൾക്ക് വിവിധ ഭാഷകളിൽ സിനിമകളും ഷോകളും ആസ്വദിക്കാനാകും