നേപ്പാൾ ഭൂചലനം; മരണസംഖ്യ 95 ആയി

ഇന്ത്യയിലെ ബിഹാര്‍, അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്

നേപ്പാൾ ഭൂചലനം; മരണസംഖ്യ 95 ആയി
നേപ്പാൾ ഭൂചലനം; മരണസംഖ്യ 95 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ 95 പേ‍ർ മരിക്കുകയും 130-ൽ അധികം പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബിഹാര്‍, അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

ചൈനയിലെ ഷിഗാറ്റ്‌സേ പട്ടണത്തിലെ ടിംഗ്രി കൗണ്ടിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ചൊവ്വാഴ്ച രാവിലെ 6.35-നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആദ്യഘട്ട ഭൂചലനത്തിന് ശേഷം ഏഴ് മണിയോടെ 4.7, 4.9 തീവ്രതയിലും നേപ്പാളില്‍ ഭൂചലനമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) റിപ്പോര്‍ട്ട് പറയുന്നു.

Also Read: ടിബറ്റിൽ ഭൂകമ്പത്തെ തുടർന്ന് എവറസ്റ്റ് കൊടുമുടി ചൈന അടച്ചുപൂട്ടി

ടിബറ്റിന്റെ തലസ്ഥാനത്തുനിന്ന് 400 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ടിംഗ്രി നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന മേഖല കൂടിയാണ്. എവറസ്റ്റ് സന്ദര്‍ശിക്കാനെത്തുന്നവരുടെ പ്രധാന ടൂറിസകേന്ദ്രം കൂടിയാണ് ടിംഗ്രി കൗണ്ടി.

അതേസമയം ടിബറ്റിലുണ്ടായ‌ ഭൂകമ്പത്തെത്തുടർന്ന് മൗണ്ട് ക്വോമോലാങ്മയിലെ വിനോദസഞ്ചാരത്തിന് ചൈന വിലക്ക് ഏർപ്പെടുത്തി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത് ഡിംഗ്രിയിലാണ്. പ്രദേശത്ത് ഉണ്ടായ ഭൂചലനത്തിൽ മൗണ്ട് ക്വോമോലാങ്മയിലെ ജീവനക്കാരും വിനോദസഞ്ചാരികളും സുരക്ഷിതരാണെന്ന് പ്രാദേശിക അധികാരികൾ അറിയിച്ചു.

Share Email
Top