പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരുടെ ഇരട്ടക്കൊലപാതകക്കേസിൽ പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് ശിക്ഷാവിധി പ്രസ്താവിക്കും. കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബിഎൻഎസ് വകുപ്പുകൾ പ്രകാരം കുറ്റക്കാരനായ പ്രതിക്ക്, ബാക്കിയുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുമെന്നതിനാൽ പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ സാഹചര്യ തെളിവുകൾ മാത്രമുള്ളതിനാൽ കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
അതേസമയം, വിധിപ്രസ്താവനയ്ക്കായി കോടതിയിലെത്തിയ പ്രതി ചെന്താമര കടുത്ത വെല്ലുവിളിയും ഭീഷണിയുമാണ് ഉയർത്തിയത്. വേണ്ടി വന്നാൽ താൻ മറ്റുള്ളവരെയും കൊല്ലുമെന്നും, ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ താൻ ഗാന്ധിജിയല്ലെന്നും പ്രതി ജഡ്ജിയോട് പറഞ്ഞു. തൂക്കിക്കൊന്നോളൂ എന്ന് കോടതിക്ക് മുന്നിൽ വിളിച്ചുപറഞ്ഞ പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2025 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊല്ലുകയായിരുന്നു. മുൻപ് 2019-ൽ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും പ്രതിയായ ചെന്താമര, ആ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഈ ഇരട്ടക്കൊലപാതകം നടത്തിയത്. തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം ഈ അയൽവാസികളാണെന്ന വൈരാഗ്യത്തിലായിരുന്നു കൊലപാതകം.






