നേമത്ത് സി.പി.എം പൂട്ടിച്ച അക്കൗണ്ട് തൃശൂരിൽ തുറന്ന് ബി.ജെ.പി, രാഷ്ട്രീയ തിരിച്ചടി കോൺഗ്രസ്സ് നേതൃത്വത്തിന്

നേമത്ത് സി.പി.എം പൂട്ടിച്ച അക്കൗണ്ട് തൃശൂരിൽ തുറന്ന് ബി.ജെ.പി, രാഷ്ട്രീയ തിരിച്ചടി കോൺഗ്രസ്സ് നേതൃത്വത്തിന്

നിയമസഭയിൽ സിപിഎം പൂട്ടിച്ച ബിജെപിയുടെ അക്കൗണ്ട് ലോകസഭയിൽ തുറപ്പിച്ചതിന് കോൺഗ്രസ്സ് ഇനി മറുപടി പറയേണ്ടി വരും. ബിജെപി വലിയ ഭൂരിപക്ഷത്തിന് പിടിച്ചെടുത്ത തൃശൂർ ലോകസഭ മണ്ഡലം കോൺഗ്രസ്സിൽ നിന്നാണ് കാവിപ്പട പിടിച്ചെടുത്തിരിക്കുന്നത്. ഇവിടെ വ്യാപകമായ വോട്ട് ചോർച്ച ഉണ്ടായിരിക്കുന്നത് കോൺഗ്രസ്സിൻ്റെ പെട്ടിയിൽ നിന്നു തന്നെയാണ്. ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന കോൺഗ്രസ്സ് മൂന്നാം സ്ഥാനത്തേക്കാണ് ഇവിടെ തള്ളപ്പെട്ടിരിക്കുന്നത്.

ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാര ഉണ്ടെന്ന് കോൺഗ്രസ്സ് നേതൃത്വം ആരോപിച്ച തൃശൂരിൽ കോൺഗ്രസ്സും ബിജെപിയും തമ്മിൽ അന്തർധാര ഉണ്ടായിരുന്നുവോ എന്ന സംശയമാണ് ഇതോടെ ഉയർന്നിരിക്കുന്നത്. ഇതിന് കോൺഗ്രസ്സ് നേതൃത്വം മാത്രമല്ല അവരുടെ സഖ്യകക്ഷിയായ മുസ്ലിംലീഗും ഇനി മറുപടി പറയേണ്ടി വരും.

2019- ലെ ലോകസഭ തിരഞ്ഞെടുപ്പിൽ 93,633 വോട്ടിൻ്റെ കൂറ്റൻ ഭൂരിപക്ഷത്തിന് കോൺഗ്രസ്സ് നേതാവ് ടി.എൻ പ്രതാപൻ വിജയിച്ച സീറ്റിലാണ് മുക്കാൽ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി പിടിച്ചെടുത്തിരിക്കുന്നത്. 2019-ൽ രണ്ടാം സ്ഥാനത്ത് ആയിരുന്ന ഇടതുപക്ഷം ഈ പ്രതികൂല സാഹചര്യത്തിലും രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ മൂന്നാം സ്ഥാനത്തേക്കാണ് കോൺഗ്രസ്സ് തള്ളപ്പെട്ടിരിക്കുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥി വി സുനിൽകുമാറിനെ നേരിടാൻ വടകരയിൽ നിന്നാണ് മുരളീധരനെ അവസാന നിമിഷം കോൺഗ്രസ്സ് തൃശൂരിലേക്ക് മാറ്റി നിയോഗിച്ചിരുന്നത്. ആ പരീക്ഷണമാണിപ്പോൾ തകർന്നടിഞ്ഞിരിക്കുന്നത്.

കേരളത്തിൽ ബിജെപിയെ ചെറുക്കുവാൻ കോൺഗ്രസ്സിനും യുഡിഎഫിനും കഴിയുകയില്ല എന്നതിൻ്റെ സൂചനയാണ് ബിജെപിയുടെ കേരളത്തിലെ വിജയമെന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസ്സിൽ നിന്നും വോട്ടുകൾ ബിജെപിയുടെ പെട്ടിയിലേക്ക് ഒഴുകിയില്ലായിരുന്നു എങ്കിൽ ബിജെപിക്ക് ഒരിക്കലും അക്കൗണ്ട് തുറക്കാൻ കഴിയുകയില്ലായിരുന്നു എന്നതാണ് അവരുടെ വാദം. ഈ വാദം മുൻ നിർത്തിയാണ് ഇനി ഇടതുപക്ഷം പ്രചരണം നടത്താൻ പോകുന്നത്. 2019-ൽ ഒരു സീറ്റിൽ ഒതുങ്ങിയ ഇടതുപക്ഷം 2024-ൽ എത്തി നിൽക്കുമ്പോൾ പ്രതികൂല സാഹചര്യത്തിലും ആ വിജയം നിലനിർത്താൻ സാധിച്ചിട്ടുണ്ട്. വോട്ടിങ് ശതമാനത്തിലും 2019- നോക്കാൾ വലിയ നേട്ടം ഇടതുപക്ഷത്തിന് ഉണ്ടായിട്ടുണ്ടെന്നാണ് നേതൃത്വം കരുതുന്നത്. അവസാന കണക്കുകൾ പുറത്തു വരുമ്പോൾ ഇക്കാര്യത്തിലും വ്യക്തതയുണ്ടാകും. 2019-ന് സമാനമായി രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതാണ് യുഡിഎഫിന് ഇത്തവണയും പ്രധാനമായും നേട്ടമായിരിക്കുന്നത്. അതാകട്ടെ ഒരു യാഥാർത്ഥ്യവുമാണ്.

അതേസമയം ലോകസഭ തിരഞ്ഞെടുപ്പിലെ കണക്ക് മുൻ നിർത്തി കേരള ഭരണം പിടിക്കാമെന്ന് യുഡിഎഫും കോൺഗ്രസ്സും അഹങ്കരിച്ചാൽ പണി പാളാനാണ് സാധ്യത. 2019- ലെ ലോകസഭ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽ ഒതുങ്ങിയ ഇടതുപക്ഷം 2024-ലെ ലോകസഭ തിരഞ്ഞെടുപ്പിൽ 99 സീറ്റുകളുടെ വൻ ഭൂരിപക്ഷം നേടിയാണ് ഭരണ തുടർച്ച നേടിയിരുന്നത് എന്നതും ഓർക്കുന്നത് നല്ലതാണ്. കേരളത്തിലെ കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള ജില്ലയായാണ് തൃശൂർ അറിയപ്പെടുന്നത്. യുഡിഎഫ് രാഷ്ട്രീയത്തിലെ ചാണക്യനായിരുന്ന ലീഡർ കെ. കരുണാകരനെ 1996ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 1,480 വോട്ടിന് തോൽപ്പിച്ച ഒരു ചരിത്രവും തൃശൂരിലെ കോൺഗ്രസ്സിനുണ്ട്. അവിടെ ചരിത്രം വീണ്ടും ആവർത്തിച്ചപ്പോൾ മൂന്നാം സ്ഥാനമെന്ന ദയനീയ പരാജയമാണ് കരുണാകരൻ്റെ മകന് ഇപ്പോൾ ഏറ്റു വാങ്ങേണ്ടി വന്നിരിക്കുന്നത്.

കരുണാകരന്റെയും ആന്റണിയുടെയും നേതൃത്വത്തിൽ ഗ്രൂപ്പ് രാഷ്ട്രീയം കത്തിനിന്നകാലത്താണ് കരുണാകരൻ സ്വന്തം തട്ടകമായ തൃശൂരിൽ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചത്. ഗ്രൂപ്പ് പോരിൽ കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയ ശേഷമായിരുന്നു, 1996ൽ കരുണാകരൻ സ്വന്തം തട്ടകമായ തൃശൂരിൽ നിന്നും ലോക്‌സഭയിലേക്ക് ജനവിധി തേടിയത്. അന്ന് തൃശൂരിൽ സിപിഐ സ്ഥാനാർത്ഥി വി.വി രാഘവനോട് കേവലം 1,480 വോട്ടിനാണ് കേരള രാഷ്ട്രീയത്തിലെ അതികായകനായിരുന്ന കരുണാകരൻ പരാജയം സമ്മതിച്ചിരുന്നത്.

“മുന്നിൽ നിന്നും പിന്നിൽ നിന്നും തന്നെ കുത്തി ” എന്നാണ് അന്നത്തെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് രോഷാകുലനായ ലീഡർ പ്രതികരിച്ചിരുന്നത്. ‘എ’ ഗ്രൂപ്പുകാർ മുന്നിൽ നിന്നും കുത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന ചില ഐ ഗ്രൂപ്പുകാർ തന്നെ പിന്നിൽ നിന്നും കുത്തിയെന്നാണ് ലീഡർ തുറന്നടിച്ചിരുന്നത്. തൃശൂരിനെ കൈവെള്ളയിലെന്നപോലെ അറിയുമായിരുന്ന ലീഡറെ 96ൽ പരാജയപ്പെടുത്തിയ കോൺഗ്രസുകാർ തന്നെയാണ് മുരളീധരനെ ഇത്തവണ അടപടലം വാരിയിരിക്കുന്നത്. ഈ വോട്ടുകളിൽ നല്ലൊരു വിഭാഗവും സുരേഷ് ഗോപിക്കാണ് ലഭിച്ചിരിക്കുന്നത്. വോട്ടിങ്ങ് നില പരിശോധിക്കുമ്പോൾ മനസ്സിലാകുന്നതും അതു തണയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കരുണാകരന്റെ മകൾ പത്മജയും തൃശൂർ നിയമസഭാ മണ്ഡലത്തിൽ പരാജയപ്പെട്ടിരുന്നു. കോൺഗ്രസ് നേതാക്കൾ കാലുവാരിയെന്നാണ് അന്ന് പത്മജയും പറഞ്ഞിരുന്നത്. ടി.എൻ പ്രതാപൻ മുൻ എംഎൽഎ വിൻസെന്റ് അടക്കമുള്ളവരുടെ പേരെടുത്ത്പറഞ്ഞായിരുന്നു പത്മജ ആരോപണം ഉന്നയിച്ചിരുന്നത്. ഈ പത്മജയും തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് ബിജെപിയിൽ ചേർന്നാണ് പരിവാർ ഭക്തി കാണിച്ചിരുന്നത്.
ഇതിന് മറുഷോക്ക് നൽകാനെന്ന പേരിലാണ് കോൺഗ്രസ് നേതൃത്വം പത്മജയുടെ സഹോദരനായ കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലേക്ക് മാറ്റി മത്സരിപ്പിച്ചിരുന്നത്. തൃശൂർ എം.പി ടി.എൻ പ്രതാപനെ മാറ്റി നിർത്തി വടകര എം.പിയായ മുരളീധരനെ കൊണ്ടുവന്നപ്പോൾ തന്നെ ഈ മാറ്റത്തിൽ വലിയ കള്ളക്കളി രാഷ്ട്രീയ നിരീക്ഷകരും സംശയിച്ചിരുന്നു.

തൃശൂരിൽ സിപിഎമ്മും ബിജെപിയും അന്തർധാരയുണ്ടെന്ന് പറഞ്ഞ് സിപിഎമ്മിന് എതിരെ ആക്ഷേപം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമാണ് ഇനി മുരളീധരന്റെ തോൽവിയിൽ പ്രധാനമായുംഉത്തരം പറയേണ്ടി വരിക. ഇടതുപക്ഷ സ്ഥാനാർത്ഥി വി.എസ് സുനിൽകുമാർ രണ്ടാമതെത്തിയതിനാൽ കോൺഗ്രസ് വോട്ടുകളാണ് ബിജെപിയിലേക്ക് ഒഴുകിയതെന്ന കാര്യം കോൺഗ്രസ്സ് നേതാക്കളും ഇപ്പോൾ സമ്മതിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്നാണ് കെപിസിസി നേതൃത്വം പറയുന്നത്. എന്നാൽ, കേവലം ഒരു വിശദീകരണം കൊണ്ട് മാത്രം ഈ പരാജയത്തിൽ നിന്നും തലയൂരാൻ കോൺഗ്രസ്സിനും യുഡിഎഫ് നേതൃത്വത്തിനും കഴിയുകയില്ല. ബിജെപിക്ക് ചരിത്രത്തിൽ ആദ്യമായി ലോകസഭയിൽ ഒരു അക്കൗണ്ട് തുറക്കാൻ വഴി ഒരുക്കിയതിന് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ്സിന് വലിയ വില നൽകേണ്ടി വരും.

EXPRESS KERALA VIEW

Top