സംഗീതപരിപാടി മണിക്കൂറുകളോളം വൈകിയതിന് പിന്നാലെയുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി ഗായിക നേഹ കക്കര്‍. സംഘാടകര്‍ തന്റെയും മറ്റുള്ളവരുടെയും പണവുമായി കടന്നുകളഞ്ഞെന്നും തങ്ങള്‍ക്ക് ഹോട്ടലോ, ഭക്ഷണമോ, വെള്ളമോ ലഭ്യമാക്കിയില്ലെന്നും നേഹ പറഞ്ഞു. ആരാധകര്‍ മണിക്കൂറുകളായി കാത്തുനില്‍ക്കുകയാണല്ലോ എന്നുകരുതിയാണ് പരിപാടിക്കായി സ്റ്റേജിലെത്തിയതെന്നും ഗായിക ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.
Also Read: റിലീസിന് പിന്നാലെ ‘എമ്പുരാന്റെ’ വ്യാജ പതിപ്പ്; നടപടിയുമായി സൈബര്‍ പൊലീസ്
‘മൂന്ന് മണിക്കൂര്‍ വൈകിവന്നെന്നാണ് അവര്‍ പറയുന്നത്. ഒരിക്കലെങ്കിലും എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിട്ടുണ്ടോ? ആരേയും വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് സ്റ്റേജില്‍ വെച്ച് ഒന്നും പറയാതിരുന്നത്. ഇപ്പോള്‍ പറയാനുള്ള സമയമായിരിക്കുന്നു’വെന്ന് പറഞ്ഞാണ് നേഹ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘മെല്‍ബണിലെ ഓഡിയന്‍സിന് മുമ്പാകെ സൗജന്യമായാണ് ഞാന്‍ പെര്‍ഫോം ചെയ്തതെന്ന് നിങ്ങള്‍ക്കറിയുമോ? സംഘാടകര്‍ എന്റെയും മറ്റുള്ളവരുടെയും പണവുമായി കടന്നുകളഞ്ഞു. എന്റെ ബാന്‍ഡിലുള്ളവര്‍ക്ക് ഹോട്ടലോ, ഭക്ഷണമോ, വെള്ളമോ നല്‍കിയില്ല. എന്റെ ഭര്‍ത്താവും കൂടെയുള്ളവരുമാണ് അവര്‍ക്ക് ഭക്ഷണം നല്‍കിയത്. ഇത്രയുമുണ്ടായിട്ടും വിശ്രമം പോലുമില്ലാതെ ഞങ്ങള്‍ സ്റ്റേജിലെത്തി. കാരണം എന്റെ ആരാധകര്‍ മണിക്കൂറുകളായി കാത്തുനില്‍ക്കുന്നുണ്ട്.’- നേഹ കുറിച്ചു.
‘ഞങ്ങളുടെ ശബ്ദം പരിശോധിക്കുന്നത് മണിക്കൂറുകളോളം വൈകി. കാരണം ഞങ്ങളുടെ സൗണ്ട് വെന്‍ഡര്‍ക്ക് കൃത്യമായി പണം നല്‍കാത്തതിനാല്‍ അദ്ദേഹം സൗണ്ട് ഓണാക്കാന്‍ തയ്യാറായില്ല. കുറേ വൈകിയതിന് ശേഷമാണ് ഇത് ആരംഭിക്കുന്നത്. എന്നാല്‍ എനിക്ക് സ്ഥലത്തെത്താനോ ശബ്ദം പരിശോധിക്കാനോ സാധിച്ചില്ല. സംഘാടകര്‍ എന്റെ മാനേജറുടെ കോളുകളൊന്നും എടുത്തില്ല. അവര്‍ സ്പോണ്‍സര്‍മാരുള്‍പ്പെടെ എല്ലാവരില്‍ നിന്നും ഒളിച്ചോടുകയായിരുന്നു.’- നേഹ പറഞ്ഞു.
ഇനിയും ഒരുപാട് കാര്യങ്ങള്‍ പങ്കുവെക്കാനുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ഇത് മാത്രമേ പറയുന്നുള്ളൂവെന്നും നേഹ കൂട്ടിച്ചേര്‍ത്തു. തന്നെ പിന്തുണച്ചവര്‍ക്കും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും നന്ദി പറയുന്നതായും നേഹ കുറിപ്പില്‍ വ്യക്തമാക്കി.