‘നവീന്‍ ബാബുവിന്റേത് കൊലപാതകമല്ല; ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല’: ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനെന്നും വിമര്‍ശനമുണ്ട്

‘നവീന്‍ ബാബുവിന്റേത് കൊലപാതകമല്ല; ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല’: ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം
‘നവീന്‍ ബാബുവിന്റേത് കൊലപാതകമല്ല; ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല’: ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം

കണ്ണൂര്‍: മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിക്കെതിരെ സര്‍ക്കാര്‍. നവീന്‍ ബാബുവിന്റേത് കൊലപാതകമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. നവീനിന്റെ ഭാര്യ മഞ്ജുഷയുടെ വാദങ്ങളെ സമ്പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലം.

നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയതാണെന്നു സംശയിക്കാന്‍ കാരണങ്ങളില്ലെന്നാണു പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയത്. തൂങ്ങി മരിച്ചുവെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തലെന്നും പറയുന്നു. നവീന്‍ ബാബുവിന്റെ മൃതശരീരത്തില്‍ നിന്ന് മറ്റ് മുറിവുകള്‍ കണ്ടെത്താനായില്ല. കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല. പൊലീസ് സംഭവസ്ഥലത്ത് എത്താന്‍ വൈകിയെന്ന കുടുംബത്തിന്റെ വാദം തെറ്റ്. കളക്ടറേറ്റ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടില്ലെന്ന വാദം ശരിയല്ലെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. കുടുംബത്തിന്റെ ആക്ഷേപങ്ങളെല്ലാം അടിസ്ഥാനമില്ലാതതെന്നും എസ്‌ഐടി വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനെന്നും വിമര്‍ശനമുണ്ട്.

Also Read:ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറി

ബന്ധുക്കളുടെ സാന്നിധ്യത്തിലല്ല ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതെന്ന വാദവും സര്‍ക്കാര്‍ തള്ളി. അഞ്ച് സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യം ആവശ്യമില്ല. മരണവിവരം അറിഞ്ഞ് നാല് മണിക്കൂറിനകം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ബന്ധുക്കള്‍ പത്തനംതിട്ടയില്‍ നിന്ന് കണ്ണൂരിലെത്തിയത് മരണവിവരമറിയിച്ച് 15 മണിക്കൂറിന് ശേഷം. നവീന്‍ ബാബുവിന്റെ താമസ സ്ഥലത്തുനിന്ന് വിരലടയാളങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചുവെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു.

മൊഴി രേഖപ്പെടുത്താന്‍ വൈകിയെന്ന മഞ്ജുഷയുടെ വാദവും സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്. സംഭവത്തിന് മൂന്ന് ദിവസത്തിനകം മക്കളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. അതിവേഗത്തിലും കാര്യക്ഷമവുമായ അന്വേഷണമാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. മഞ്ജുഷ നല്‍കിയ ഹര്‍ജിയിലെ വാദങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.

Share Email
Top