കഴിഞ്ഞ ഒരുമാസമായി റഷ്യയുടെ അധീന മേഖലയായ ബാള്‍ട്ടിക് പ്രദേശത്ത് നാറ്റോ പ്രഖ്യാപിച്ച ഓപ്പറേഷന്‍ ബാള്‍ട്ടിക് സെന്‍ട്രി പുരോഗമിക്കുകയാണ്. റഷ്യയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തികള്‍ക്ക് സമീപമുള്ള നാറ്റോയുടെ നാവിക സാന്നിധ്യത്തില്‍ ഓപ്പറേഷന്‍ ബാള്‍ട്ടിക് സെന്‍ട്രി ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടാക്കിയിട്ടുള്ളത്. കടലിനടിയിലെ കേബിളുകളെ അട്ടിമറിയില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ഓപ്പറേഷനെന്ന് അവകാശപ്പെടുന്ന നാറ്റോ പക്ഷേ ഇതിനു പിന്നില്‍ മറച്ചു വെക്കുന്ന ഗൂഢ ലക്ഷ്യത്തെക്കുറിച്ചുള്ള വിവരണങ്ങളാണ് റഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ RIA നോവോസ്റ്റി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. റഷ്യയെക്കുറിച്ചുള്ള രഹസ്യാന്വേഷണങ്ങള്‍ നടത്തുന്നതിനും, പുതിയ തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിനും, അത്യാധുനിക സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്നതിനുമുള്ള ഒരു ബഹുമുഖ ശ്രമമായാണ് വാസ്തവത്തില്‍ നാറ്റോ, ഈ ഓപ്പറേഷനിലൂടെ നടത്തുന്നത് എന്നാണ് നോവോസ്റ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read : പ്രകോപനം ഉണ്ടായാൽ പണി ഉറപ്പ്! റഷ്യയും ഇറങ്ങും, ട്രംപിന് കിമ്മിന്റെ ഭീഷണി
2023 അവസാനത്തോടെയാണ് നാവിക ഓപ്പറേഷനായ ഓപ്പറേഷന്‍ ബാള്‍ട്ടിക് സെന്‍ട്രി നാറ്റോ ആരംഭിക്കുന്നത്. ഈ ഓപ്പറേഷന്‍, നാറ്റോ രാജ്യങ്ങളുടെ അണ്ടര്‍വാട്ടര്‍ കേബിളുകള്‍ക്ക് നേരെയുള്ള നാറ്റോ വിരുദ്ധ കക്ഷികളുടെ ആക്രമണത്തില്‍ നിന്നുമുള്ള സംരക്ഷണം ലക്ഷ്യമിട്ടുള്ളതാണ്. ഡിസംബര്‍ 25-ന് എസ്‌തോണിയയ്ക്കും ഫിന്‍ലന്‍ഡിനും ഇടയിലുള്ള ഒരു ആശയവിനിമയ കേബിള്‍ തകരാറിലായ ഒരു സംഭവമാണ് ഈ ഓപ്പറേഷന് കാരണമായത്. വ്യക്തമായ തെളിവുകള്‍ പോലും ഇല്ലാതിരുന്നിട്ടും, പാശ്ചാത്യ മാധ്യമങ്ങളും വിദഗ്ധരും പ്രതിക്കൂട്ടിലാക്കിയിരുന്നത് റഷ്യയെ ആണ്. Est Link 2 കേബിള്‍ വിച്ഛേദിച്ചതില്‍ പങ്കുണ്ടെന്ന് സംശയിച്ച് ഫിന്നിഷ് പ്രത്യേക സേന ഡിസംബര്‍ 26 ന് റഷ്യന്‍ എണ്ണ ടാങ്കറായ ഈഗിള്‍ എസ്സില്‍ കയറി പരിശോധന നടത്തിയെങ്കിലും, അതിനുതക്ക തെളിവുകളൊന്നും തന്നെ ലഭിച്ചിരുന്നില്ല. വെള്ളത്തിനടിയിലുള്ള കേബിളുകള്‍ക്ക് മനഃപൂര്‍വം കേടുപാടുകള്‍ വരുത്തിയെന്ന സംശയത്തിന്റെ പേരില്‍ സമാനമായി കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി റഷ്യന്‍ എണ്ണ കപ്പലുകള്‍ നാറ്റോ അംഗരാജ്യങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു.

ജനുവരി 27 ന്, റഷ്യയിലെ ഉസ്റ്റ്-ലുഗ തുറമുഖത്ത് നിന്ന് പുറപ്പെട്ട മാള്‍ട്ടീസ് പതാകയുള്ള വെഴോണ്‍ എന്ന കപ്പല്‍ സ്വീഡിഷ് അധികൃതര്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചിരുന്നു. സ്വീഡനും ലാത്വിയയ്ക്കും ഇടയിലുള്ള ഒരു അണ്ടര്‍വാട്ടര്‍ കേബിളിന് കേടുപാടുകള്‍ വരുത്തിയതില്‍ കപ്പല്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു സംശയം. എന്നിരുന്നാലും, അവകാശവാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും അതില്‍ നിന്ന് കണ്ടെത്തിയിരുന്നില്ല. ജനുവരി 31 ന്, ലാത്വിയയുടെ അഭ്യര്‍ത്ഥനപ്രകാരം, റഷ്യന്‍ പൗരന്മാര്‍ ഉള്‍പ്പെട്ട സില്‍വര്‍ ഡാനിയ എന്ന കപ്പല്‍ നോര്‍വേ തടയുകയുണ്ടയായി. കപ്പല്‍ പരിശോധിച്ചെങ്കിലും തെളിവുകളുടെ അഭാവം മൂലം ഒടുവില്‍ വിട്ടയക്കേണ്ടി വന്നു. കേബിളുകളിലെ അട്ടിമറിയില്‍ റഷ്യയെ പ്രതിയായി ചിത്രീകരിക്കാനുള്ള നിരന്തരമായ ആസൂത്രണമാണ് നാറ്റോ നടത്തുന്നത്. എന്നാല്‍ അതിലെല്ലാം തന്നെ സംഘം പരാജയപ്പെടുകയാണ് ഉണ്ടായത്. ബാള്‍ട്ടിക് സെന്‍ട്രി പ്രവര്‍ത്തനം റഷ്യയുടെ ബാള്‍ട്ടിക് കപ്പലിന്റെ നീക്കത്തെ നിയന്ത്രിക്കുക മാത്രമല്ല, കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തുക, പാശ്ചാത്യ ഉപരോധങ്ങള്‍ക്ക് വിധേയമായ വ്യാപാര നീക്കങ്ങളെ സ്തംഭിപ്പിക്കുക, എന്ന ലക്ഷ്യം കൂടിയാണ് നിറവേറ്റുന്നത്. ചുരുക്കത്തില്‍, നാറ്റോ റഷ്യക്കെതിരെ ഒരു നാവിക ഉപരോധത്തിനാണു കോപ്പ് കൂട്ടുന്നത്.
ഇതുവരെയും ഈ നാറ്റോ കളികള്‍ക്കെതിരെ റഷ്യ സംയമനത്തോടെയാണ് പ്രതികരിച്ചത്. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ക്ഷമയെ പരീക്ഷിക്കാനുള്ള നാറ്റോയുടെ ശ്രമം അവര്‍ക്ക് തന്നെ ക്ഷണിച്ചു വരുത്തുന്നത് വലിയ വിനയനാണ്. രാജ്യത്തിനെതിരെ ഉയര്‍ന്നുവരുന്ന പാശ്ചാത്യ ഭീഷണിയെ നേരിടാന്‍ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് റഷ്യന്‍ സൈന്യം മേഖലയില്‍ അണിനിരക്കുകയാണ്. റഷ്യയുടെ നീക്കങ്ങളറിയാന്‍ രഹസ്യാന്വേഷണ വിമാനങ്ങളുടെ സഹായത്തോടെ നാറ്റോ ലെനിന്‍ഗ്രാഡ്, കലിനിന്‍ഗ്രാഡ് മേഖലകളില്‍ പതിവായി പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ വ്യോമ പ്രതിരോധ, കപ്പല്‍ വിരുദ്ധ പ്രതിരോധ സംവിധാനങ്ങളാല്‍ കഴിയുന്നത്ര കര്‍ശനമായി മൂടപ്പെട്ട പ്രദേശങ്ങളാണിവ. റഷ്യയുടെ കലിനിന്‍ഗ്രാഡ് മേഖലയില്‍ ഫ്രഞ്ച് അറ്റ്‌ലാന്റിക് 2 പട്രോളിംഗ് നടത്തുന്നതിനിടെ, റഷ്യന്‍ എസ്-400 വ്യോമ പ്രതിരോധ സംവിധാനം സഞ്ചരിച്ചതായ ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണിയുടെ വെളിപ്പെടുത്തല്‍ റഷ്യയുടെ പ്രതിരോധ വിന്യാസത്തിന്റെ സൂചനയാണ്.

ബാള്‍ട്ടിക് കടലിലെ നാറ്റോയുടെ സാന്നിധ്യത്തെക്കുറിച്ച് ഫിന്‍ലാന്‍ഡിലെ റഷ്യന്‍ അംബാസഡര്‍ പവല്‍ കുസ്‌നെറ്റ്‌സോവും കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. ബാള്‍ട്ടിക് കടലിനെ നാറ്റോ അതിന്റെ കേന്ദ്രം ആക്കുന്നത് തടയാന്‍ റഷ്യയ്ക്ക് ഇച്ഛാശക്തിയും വിഭവങ്ങളും ഉണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ബാള്‍ട്ടിക് കടലിലെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ റഷ്യ എന്ത് കടുത്ത നടപടിയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് കുസ്‌നെറ്റ്‌സോവിന്റെ അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നു. ഈ മേഖലയില്‍ നാറ്റോയുടെ ലക്ഷ്യങ്ങള്‍ പിന്തുടരാനുള്ള ശ്രമങ്ങള്‍ ‘പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍’ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നാറ്റോയുടെ നേതൃത്വത്തില്‍ നടക്കുന്ന ബാള്‍ട്ടിക് സെന്‍ട്രി ഓപ്പറേഷനില്‍ പ്രധാനമായും ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ഫ്രിഗേറ്റ്-ക്ലാസ് കപ്പലുകളും ഉള്‍പ്പെടുന്നുണ്ട്.
Also Read : റഷ്യ – യുക്രെയ്ന്‍ യുദ്ധത്തിൽ 20 ലക്ഷം പേർ കൊല്ലപ്പെട്ടു, ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് ട്രംപ്
എസ്-400 സമുച്ചയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ആഴത്തിലുള്ള വ്യോമ പ്രതിരോധ സംവിധാനം റഷ്യ കലിനിന്‍ഗ്രാഡ് മേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. തീരദേശ മിസൈല്‍ സംവിധാനങ്ങളായ ‘ബോള്‍സ്’, ‘ബാസ്റ്റണുകള്‍’ എന്നിവയും അവിടെ പ്രവര്‍ത്തന സജ്ജമാണ്. തായ്വാന്‍ കടലിടുക്കും ക്രിമിയന്‍ ഉപദ്വീപും നിരോധിത മേഖലകളായി അമേരിക്ക നിശ്ചയിച്ചിട്ടുണ്ട്. പാശ്ചാത്യ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പ്രദേശങ്ങള്‍ കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നവയാണ്. ബാള്‍ട്ടിക് തീരത്തെ ശക്തമായ പ്രതിരോധമുള്ള റഷ്യന്‍ എക്സ്‌ക്ലേവായ കലിനിന്‍ഗ്രാഡ് കോട്ടയിലെ ബലഹീനതകള്‍ കണ്ടെത്താനുള്ള ശ്രമമായി ബാള്‍ട്ടിക് സെന്‍ട്രി അഭ്യാസങ്ങളെ കാണാന്‍ കഴിയും. റഷ്യന്‍ പ്രതിരോധം പരിശോധിച്ചും പുതിയ തന്ത്രങ്ങള്‍ പരീക്ഷിച്ചും, മേഖലയിലെ A2/AD കഴിവുകളെ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കാനാണു നാറ്റോ ശ്രമിക്കുന്നത്.

ഓപ്പറേഷന്‍ ബാള്‍ട്ടിക് സെന്‍ട്രിയില്‍ നാറ്റോയുടെ മറ്റൊരു വ്യക്തമായ ലക്ഷ്യം കടലില്‍ യുദ്ധത്തിനുള്ള പുതിയ സാങ്കേതിക മാര്‍ഗങ്ങള്‍ ഉപരിതല, അണ്ടര്‍വാട്ടര്‍, സെമി-സബ്മെര്‍സിബിള്‍ എന്നിവ പരീക്ഷിക്കുക എന്നതാണ്. നാറ്റോയുടെ ഒരുതരം ആന്തരിക ജലാശയമെന്ന നിലയില്‍ ബാള്‍ട്ടിക് കടല്‍, ഈ തന്ത്രങ്ങള്‍ പരിശീലിക്കുന്നതിന് അനുയോജ്യമായ ഒരു പരീക്ഷണ ശാലയാണ്. ആളില്ലാ സമുദ്ര സംവിധാനങ്ങളുടെ വരവ് നാവിക യുദ്ധത്തില്‍ വിപ്ലവം സൃഷ്ടിക്കുകയാണ്. വിമാനവാഹിനിക്കപ്പല്‍ ഉള്‍പ്പെടെയുള്ള ഏറ്റവും നൂതനമായ യുദ്ധക്കപ്പലുകള്‍ക്ക് പോലും ഭീഷണി ഉയര്‍ത്തുന്ന ഒരു വജ്രായുധമാണ് ആളില്ലാ സമുദ്ര സംവിധാനങ്ങള്‍. റഡാര്‍ സംവിധാനത്തിന്റെ പരിമിതികള്‍ മുതലെടുത്ത് കപ്പല്‍ പ്രതിരോധ സംവിധാനങ്ങളുടെ കണ്ടെത്തലില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവയ്ക്ക് സാധിക്കും.
റഷ്യന്‍ കപ്പലുകള്‍ ലക്ഷ്യമിട്ട് നാറ്റോയുടെ ‘ബാള്‍ട്ടിക് സെന്‍ട്രി’, അടിച്ചൊതുക്കാന്‍ റഷ്യ അതെസമയം ഇന്റര്‍നാഷണല്‍ കേബിള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റി (ICPC) പ്രകാരം സമുദ്രത്തിനടിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് താരതമ്യേന സാധാരണമാണെന്നും ഏകദേശം 200 കേബിള്‍ തകരാറുകള്‍ പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. ഈ സംഭവങ്ങളില്‍ ഭൂരിഭാഗവും മനുഷ്യരുടെ പ്രവര്‍ത്തനങ്ങളാല്‍ സംഭവിക്കുന്നു. അതായത് കപ്പലുകള്‍ കടലിലെ കേബിളുകള്‍ക്ക് മുകളിലൂടെ നങ്കൂരമിടുന്നതും, മത്സ്യബന്ധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ അശ്രദ്ധയും ഇതിനുദാഹരണങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വീഡിയോ കാണാം…