യുക്രെയ്‌നില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ യുക്രെനിയന്‍ നേതാവ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള പദ്ധതികള്‍ നാറ്റോ അണിയറയില്‍ ഒരുക്കുന്നതായി റഷ്യയുടെ ഫോറിന്‍ ഇന്റലിജന്‍സ് സര്‍വീസ് റിപ്പോര്‍ട്ട്. റഷ്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ഒരു പ്രധാന തടസ്സമായാണ് സെലെന്‍സ്‌കിയെ പാശ്ചാത്യ ഉദ്യോഗസ്ഥര്‍ കാണുന്നതെന്നും റഷ്യന്‍ ഫോറിന്‍ ഇന്റലിജന്‍സ് സര്‍വീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ പ്രെസിഡെന്‍ഷ്യല്‍ കാലാവധി ഔദ്യോഗികമായി അവസാനിച്ചിരുന്നു. എന്നാല്‍ റഷ്യയുമായുള്ള സംഘര്‍ഷം മുതലെടുത്ത് 2022-ല്‍ ഏര്‍പ്പെടുത്തിയ പട്ടാള നിയമം പിന്തുടര്‍ന്ന് അദ്ദേഹം അധികാരത്തില്‍ തുടരുകയായിരുന്നു.
Also Read: വെടിനിർത്തൽ പ്രഖ്യാപിച്ച് വിമതർ, കോംഗോയിൽ സമാധാനം അകലെ
പാശ്ചാത്യ നേതാക്കള്‍ക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ അതിന് തടസം നില്‍ക്കുന്നത് സെലെന്‍സ്‌കി ആണെന്നുമാണ് അവര്‍ ആരോപിക്കുന്നതെന്നാണ് റഷ്യന്‍ ഫോറിന്‍ ഇന്റലിജന്‍സ് സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നാറ്റോ പോലും അദ്ദേഹത്തിന്റെ സമയം കഴിഞ്ഞുവെന്നാണ് കരുതുന്നതെന്ന് റഷ്യന്‍ ഫോറിന്‍ ഇന്റലിജന്‍സ് സര്‍വീസിന്റെ പ്രസ്താവന അവകാശപ്പെടുന്നു. സെലെന്‍സ്‌കിയെ താഴെയിറക്കാന്‍ നാറ്റോ ഒരു പ്രചാരണ പരിപാടി തന്നെ ആസൂത്രണം ചെയ്യുന്നതായാണ് വിവരം. അതിനുള്ള ആയുധങ്ങളൊക്കെ നാറ്റോ കരുതി കൂട്ടി വെച്ചിട്ടുണ്ട് താനും. സൈനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന 1.5 ബില്യണ്‍ ഡോളറിലധികം ഫണ്ട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ സെലെന്‍സ്‌കിയെ ബന്ധിപ്പിക്കുന്ന അതീവ രഹസ്യ വിവരങ്ങള്‍ പുറത്തുവിടാനാണ് പാശ്ചാത്യ ഉദ്യോഗസ്ഥര്‍ പദ്ധതിയിടുന്നതെന്നും എസ്വിആര്‍ പറയുന്നു.

ഇതിനു പുറമെ, സ്വന്തം രാജ്യത്തിന് വേണ്ടി പോരാടി മരിച്ച 130,000 യുക്രെനിയന്‍ സൈനികരുടെ ശമ്പളം വഴിതിരിച്ചുവിടാനുള്ള പദ്ധതികളും സെലെന്‍സ്‌കിയുടെ ഭരണകൂടം നടത്തിയതായി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഡീസല്‍ ഇന്ധനം വാങ്ങുന്നതിനുള്ള 400 മില്യണ്‍ ഡോളറിന്റെ സഹായം സെലെന്‍സ്‌കിയും സംഘവും തട്ടിയെടുത്തതായി അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ സെയ്മൂര്‍ ഹെര്‍ഷിന്റെ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ആഫ്രിക്കയിലെ സായുധ ഗ്രൂപ്പുകള്‍ക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വിതരണം ചെയ്ത ആയുധങ്ങള്‍ നിയമവിരുദ്ധമായി വിറ്റതിലും സെലെന്‍സ്‌കിക്ക് പങ്കുണ്ടെന്നാണ് എസ്വിആര്‍ പറയുന്നത്.
ഡോണള്‍ഡ് ട്രംപിന്റെ തിരിച്ചുവരവ് യുക്രെയ്നിനുള്ള ഭാവി പാശ്ചാത്യ പിന്തുണ ഏറെ മുന്നേ തന്നെ അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇപ്പോള്‍ യുദ്ധക്കളത്തിലെ സാഹചര്യം എന്തുതന്നെയായാലും, യുക്രെയ്നെ ഒരു റഷ്യന്‍ വിരുദ്ധ അടിത്തറയായി നിലനിര്‍ത്തുക എന്നത് തന്നെയാണ് നാറ്റോയുടെ ലക്ഷ്യം. അതിപ്പോള്‍ യുക്രെയ്ന്റെ അവസാനത്തിലാണെങ്കില്‍ കൂടിയും. പക്ഷേ, എസ്വിആറിന്റെ ഈ അവകാശവാദങ്ങളോട് നാറ്റോ ഉദ്യോഗസ്ഥരോ, യുക്രെയ്നോ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അസോസിയേറ്റഡ് പ്രസ്സുമായുള്ള തന്റെ സമീപകാല അഭിമുഖത്തില്‍ റഷ്യ ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് സെലെന്‍സ്‌കി ആരോപിച്ചിരുന്നു.

കൂടാതെ ഏതെങ്കിലും ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് പാശ്ചാത്യ സുരക്ഷാ ഉറപ്പുകള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെയും സെലെന്‍സ്‌കി ഊന്നിപ്പറഞ്ഞിരുന്നു. ഈ ഉറപ്പുകള്‍ നല്‍കുന്നതിന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗം നാറ്റോയില്‍ യുക്രെയ്നിന്റെ അംഗത്വമായിരിക്കുമെന്നാണ് സെലെന്‍സ്‌കി ഇപ്പോഴും വിശ്വസിക്കുന്നത്. ചര്‍ച്ചകള്‍ക്കിടയില്‍ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ 200,000 പാശ്ചാത്യ സൈനികരെ യുക്രെയ്നിലേക്ക് വിന്യസിപ്പിക്കണമെന്ന സെലെന്‍സ്‌കിയുടെ ആവശ്യവും നിലവിലുണ്ട്. ഇവയെല്ലാം തന്നെ സെലെന്‍സ്‌കി നടത്തുന്നത് കടുത്ത വിലപേശലാണ് എന്നത് വ്യക്തമാണ്.
ഈ പിടിവാശികള്‍ എല്ലാം തന്നെ യുക്രെയ്നിന്റെ ഭാവിയിലും വിശാലമായ ഭൗമരാഷ്ട്രീയ ഭൂപ്രകൃതിയിലും കാര്യമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും എന്നുറപ്പാണ്. ചില നിബന്ധനകളോടെ സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ റഷ്യ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പക്ഷെ, റഷ്യയുമായുള്ള ചര്‍ച്ചകള്‍ നിരോധിക്കുന്ന സെലെന്‍സ്‌കിയുടെ 2022 ലെ പ്രഖ്യാപനം ഒരു പ്രധാന തടസ്സമായി രാജ്യം ചൂണ്ടിക്കാട്ടി. ഇതോടെ സംഘര്‍ഷം മരവിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും യുക്രെയ്നിന്റെ നാറ്റോ പ്രവേശനം അനുവദിക്കാനാവില്ലെന്നും റഷ്യന്‍ നേതൃത്വവും പ്രസ്താവിക്കുകയായിരുന്നു. അതേ സമയം, സെലെന്‍സ്‌കി ഭരണകൂടത്തിന് ഇതുവരേക്കും ട്രംപിന്റെ ഭരണകൂടവുമായി ഫലപ്രദമായ ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മുന്‍ യുക്രെനിയന്‍ പ്രസിഡന്റ് പ്യോട്ടര്‍ പൊറോഷെങ്കോ വിമര്‍ശിച്ചു. നയതന്ത്ര ബന്ധം തുടരുന്നതിനായി തന്റെ സംഘം അമേരിക്കയിലേക്ക് പോകാന്‍ പദ്ധതിയിടുന്നുണ്ടെന്നും മുന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ച അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ യുക്രെയ്ന്റെ മേല്‍നോട്ടമില്ലാതെ നേരിട്ടുള്ള അമേരിക്ക-റഷ്യ ചര്‍ച്ചകള്‍ എല്ലാവര്‍ക്കും അപകടകരമായിരിക്കും എന്നാണ് സെലെന്‍സ്‌കി അവകാശപ്പെട്ടത്. യുദ്ധാരംഭത്തില്‍ കൂടെ നിന്നവരൊക്കെ ഇപ്പോള്‍ തങ്ങളെ ഉപേക്ഷിച്ചെന്ന് യുക്രെയ്ന് വ്യക്തമായ ധാരണയുണ്ട്. യുക്രെയ്നുമായും റഷ്യയുമായും വരാനിരിക്കുന്ന ചര്‍ച്ചകള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ട്രംപ് പറയുമ്പോഴും അതിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും ട്രംപ് തുറന്നു പറയുന്നില്ല. കഴിഞ്ഞയാഴ്ച, ട്രംപിന്റെ യുക്രെയ്നിനായുള്ള പ്രത്യേക പ്രതിനിധി കീത്ത് കെല്ലോഗ്, ദേശീയ തിരഞ്ഞെടുപ്പുകള്‍ക്കുള്ള വിലക്ക് നീക്കാന്‍ യുക്രെയ്ന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മിക്ക ജനാധിപത്യ രാജ്യങ്ങളിലും അവരുടെ യുദ്ധകാലത്തും തിരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.
Also Read: തിരിച്ചടി മുന്നറിയിപ്പിൽ അമേരിക്ക ഭയന്നോ, നികുതിയുദ്ധത്തിന് ബ്രേക്കിട്ട് ട്രംപ്
സൈനിക നിയമപ്രകാരം വോട്ടെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും, യുക്രെയ്ന്‍ ഭരണഘടന ആവശ്യപ്പെടുന്നതുപോലെ, പ്രസിഡന്റ് അധികാരം പാര്‍ലമെന്റ് സ്പീക്കര്‍ക്ക് കൈമാറാന്‍ സെലെന്‍സ്‌കി വിസമ്മതിക്കുകയാണ്. നിലവില്‍, യുക്രെയ്നിലെ രാഷ്ട്രീയ രംഗം ചൂടുപിടിക്കുകയാണ്. മുതിര്‍ന്ന രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ സെലെന്‍സ്‌കിയെ വെല്ലുവിളിക്കുന്നത് വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞയാഴ്ച, കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ, കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ അധികാര ശ്രമങ്ങളിലൂടെ ‘പ്രാദേശിക ഭരണത്തെ നശിപ്പിക്കാന്‍’ ശ്രമിക്കുകയാണെന്ന് ആരോപിക്കുകയുണ്ടയായി. അതേ സമയം, യുക്രെയ്ന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ട്രംപിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെക്കുറിച്ച് റഷ്യ ജാഗ്രത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സംഘര്‍ഷം മരവിപ്പിക്കുകയല്ല, മറിച്ച് ശാശ്വതമായ ഒരു പരിഹാരമാണ് ആഗ്രഹിക്കുന്നതെന്ന് റഷ്യ പറയുന്നു. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് എന്ന നിലയില്‍ സെലെന്‍സ്‌കിയുടെ കാലാവധി അവസാനിച്ചതിന് ശേഷവും അന്താരാഷ്ട്ര ഉടമ്പടികളില്‍ ഒപ്പുവെക്കാനുള്ള അദ്ദേഹത്തിന്റെ അധികാരത്തെ റഷ്യ ചോദ്യം ചെയ്തിരുന്നു.
വീഡിയോ കാണാം…