പെട്ടന്ന് ഒരു യുദ്ധമുണ്ടായാല്‍, രണ്ടാഴ്ച വരെ അതിര്‍ത്തിയില്‍ പിടിച്ചുനില്‍ക്കാനുള്ള ആയുധങ്ങളെ പോളണ്ടിന് ഉള്ളു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രാജ്യത്തെ ദേശീയ സുരക്ഷാ ബ്യൂറോയുടെ തലവന്‍ ഡാരിയസ് ലുക്കോവ്‌സ്‌കി. റഷ്യന്‍ ആക്രമണത്തെ ചെറുക്കാന്‍ ആവശ്യമായ ആയുധ ശേഷി ഉയര്‍ത്തുന്നതിനായി പോളണ്ട് ആയുധ ഉത്പാദനം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡാരിയസ് ലുക്കോവ്‌സ്‌കി പ്രാദേശിക പ്രക്ഷേപകനായ പോള്‍സാറ്റ് ന്യൂസിനോട് പറഞ്ഞു. നാറ്റോ അംഗമായ പോളണ്ട് റഷ്യയുടെ കലിനിന്‍ഗ്രാഡ് എക്സ്‌ക്ലേവുമായി 144 മൈല്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. എന്നാല്‍ നാറ്റോ രാജ്യങ്ങള്‍ക്കെതിരെയൊരു ആക്രമണാത്മക ഉദ്ദേശ്യമില്ലെന്ന് റഷ്യ നിരന്തരം പറഞ്ഞിട്ടുണ്ട്. പക്ഷെ റഷ്യ ആക്രമണത്തിന് മുതിരുമോ എന്ന ഭയമാണ് പോളണ്ടിനിപ്പോള്‍. പോളണ്ടിന്റെ കരുതല്‍ ശേഖരം അഞ്ച് ദിവസത്തെ യുദ്ധത്തിന് മാത്രമേ നിലനില്‍ക്കൂ.
യുദ്ധം എങ്ങനെ വികസിക്കുന്നു എന്നതിനെ ആശ്രയിച്ച്, നിലവിലെ ആയുധശേഖരം ഉപയോഗിച്ച് നമുക്ക് ഒന്നോ രണ്ടോ ആഴ്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും ലുക്കോവ്‌സ്‌കി പറഞ്ഞു. ലുക്കോവ്സ്‌കിയുടെ അഭിപ്രായത്തില്‍, പഴയ ആയുധ സംവിധാനങ്ങളുടെ കാര്യത്തില്‍ സ്ഥിതി ഏറ്റവും നിര്‍ണായകമാണ്. കാരണം അവയുടെ ഉത്പാദനം രാജ്യം ഇതിനകം നിര്‍ത്തിവച്ചിരിക്കുകയാണ്. യുക്രെയ്നിന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനായി പോളണ്ട് തങ്ങളുടെ ശേഖരം വറ്റിച്ചുകളയുകയാണെന്നാണ് ലുക്കോവ്സ്‌കി പറഞ്ഞത്. പക്ഷെ അത്തരം നീക്കങ്ങളൊക്കെ വളരെ ജാഗ്രതയോടെ ചെയ്യണമായിരുന്നു എന്നും ആയുധങ്ങള്‍ ഉത്പാദിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്ന്‍ സംഘര്‍ഷം തുടരുന്നിടത്തോളം, നമ്മുടെ സൈനിക ശേഷി പുനര്‍നിര്‍മ്മിക്കാന്‍ നമുക്ക് സമയം ലഭിക്കുന്നുണ്ട്. പക്ഷെ യുദ്ധത്തില്‍ ഇനി ഏത് നിമിഷവും റഷ്യ വിജയകൊടി പാറിക്കുമെന്നുള്ളത് കൊണ്ട് തന്നെ റിസ്‌കെടുക്കാന്‍ പോളണ്ട് തയ്യാറല്ല. പോളണ്ട് മാത്രമല്ല, മറ്റ് പല നാറ്റോ രാജ്യങ്ങള്‍ക്കും ഈ ഭയമുണ്ട്. ഒരു പ്രതിസന്ധി ഉണ്ടായാല്‍ കുറഞ്ഞത് 72 മണിക്കൂറെങ്കിലും നിലനില്‍ക്കാന്‍ ആവശ്യമായ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും സംഭരിക്കണമെന്ന് പൗരന്മാരോട് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ അറിയിച്ചതായാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 26ന് പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, യൂറോപ്പ് നിലവിലെ സ്ഥിതി മാറ്റേണ്ടതിന്റെയും തയ്യാറെടുപ്പ്, പ്രതിരോധശേഷി എന്നിവ വളര്‍ത്തിയെടുക്കേണ്ടതിന്റെയും ആവശ്യകതയെ പറ്റി കമ്മീഷന്‍ ഊന്നിപ്പറഞ്ഞു.
യൂറോപ്പ് അപകടസാധ്യതയും അനിശ്ചിതത്വവും നിറഞ്ഞ ഒരു പുതിയ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുകയാണെന്നാണ് 18 പേജുള്ള പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. യുക്രെയ്‌നിലെ റഷ്യയുടെ പൂര്‍ണ്ണ തോതിലുള്ള യുദ്ധം, വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളുടെ അട്ടിമറി, എന്നിവയെല്ലാമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കമ്മീഷനെ പ്രേരിപ്പിച്ചതെന്നും പറയുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഭൂഖണ്ഡത്തിലുടനീളമുള്ള പൗരന്മാര്‍ സജ്ജരാണെന്ന് ഉറപ്പാക്കാന്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവിശ്യപ്പെടുന്നു. കുറഞ്ഞത് മൂന്ന് ദിവസത്തേക്ക് അവശ്യവസ്തുക്കള്‍ കൈവശം വയ്ക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് രേഖ വ്യക്തമാക്കുന്നു.

മൊത്തത്തില്‍, സ്വാശ്രയത്വവും മാനസിക പ്രതിരോധശേഷിയും വളര്‍ത്തിയെടുക്കാന്‍ സിവിലിയന്മാരെ പ്രോത്സാഹിപ്പിക്കണമെന്നാണ് പുറത്തിറക്കിയ രേഖ പറയുന്നത്. തെറ്റായ വിവരങ്ങളും വിവര കൃത്രിമത്വവും ചെറുക്കുന്നതിനുള്ള കഴിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് ഉള്‍പ്പെടെ, സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ‘തയ്യാറെടുപ്പ്’ പാഠങ്ങള്‍ അവതരിപ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നു. യൂറോപ്പില്‍ പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് ഒരു പുതിയ തലത്തിലുള്ള തയ്യാറെടുപ്പ് ആവശ്യമാണെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞത്. ‘നമ്മുടെ പൗരന്മാര്‍ക്കും, അംഗരാജ്യങ്ങള്‍ക്കും, പ്രതിസന്ധികള്‍ തടയുന്നതിനും ഒരു ദുരന്തം സംഭവിക്കുമ്പോള്‍ വേഗത്തില്‍ പ്രതികരിക്കുന്നതിനും ശരിയായ ഉപകരണങ്ങള്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
ഇത്തരത്തില്‍ സമ്പൂര്‍ണായി തയ്യാറെടുക്കേണ്ടതിന്റെ ആവശ്യകതയെ റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിക്കുന്നതിന് മുന്നെ അംഗ രാജ്യങ്ങള്‍ക്ക് മനസിലാക്കി കൊടുക്കുക എന്നതാണ് നിലവിലെ ഈ ഉത്തരവിന് പിന്നിലെ കാരണം. ഞങ്ങള്‍ ഒന്നും ചെയ്യില്ലെന്ന് റഷ്യ പലകുറി ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും ഭയപ്പാടില്‍ തന്നെയാണ് നാറ്റോ രാജ്യങ്ങള്‍. അതേസമയം, പാശ്ചാത്യലോകത്തെ ചില ആളുകള്‍ക്ക് റഷ്യയെ മനസ്സിലാകുന്നില്ല. എന്നിട്ടും ആ വസ്തുത രാജ്യത്തിന്റെ വികസനത്തിന് തടസ്സമാകുന്നില്ല എന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. കുട്ടികള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുള്ള റഷ്യന്‍ സംഘടനയായ മൂവ്മെന്റ് ഓഫ് ദി ഫസ്റ്റിന്റെ സൂപ്പര്‍വൈസറി ബോര്‍ഡിന്റെ യോഗത്തിലാണ് റഷ്യന്‍ പ്രസിഡന്റ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ റഷ്യയെ മനസ്സിലാക്കാത്ത ആളുകളുണ്ട്. എന്നാല്‍ ഇത് വികസിക്കുന്നതില്‍ നിന്നും നമ്മെ തടയുന്നില്ല. നമ്മെ മനസ്സിലാക്കുകയും സമാധാനത്തിലും സൗഹൃദത്തിലും നമ്മോടൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഇത് നമ്മെ പ്രേരിപ്പിക്കൂ എന്നും പുടിന്‍ പറഞ്ഞു. പ്രത്യേകിച്ച് യുവാക്കളുമായി വിപുലമായ പ്രവര്‍ത്തനത്തിലൂടെ അത്തരമൊരു ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്ന് പ്രസിഡന്റ് ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ ഭാവിയുടെ അടിത്തറ സൃഷ്ടിക്കുകയും ഈ രാജ്യത്തെ വിലമതിക്കുകയും ചെയ്യുന്നവരായ യുവാക്കള്‍, കുട്ടികള്‍, കൗമാരക്കാര്‍ എന്നിവരുമായി നാം സജീവമായും ഫലപ്രദമായും പ്രവര്‍ത്തിച്ചാല്‍ ഈ മേഖലയില്‍ വിജയം നമ്മെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുടിന്റെ നേരിട്ടുള്ള പിന്തുണയോടെ 2022-ല്‍ സ്ഥാപിതമായ മൂവ്മെന്റ് ഓഫ് ദി ഫസ്റ്റ്, രാജ്യവ്യാപകമായി ഒരു പ്രധാന സംഘടനയായി വളരുകയാണ്. രാജ്യത്തെ യുവാക്കളെ അവരുടെ ജീവിതത്തില്‍ വിജയിപ്പിക്കുക എന്നതാണ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യമെന്ന് പുടിന്‍ പറഞ്ഞു. ജീവിതത്തില്‍ ഒരു ‘ഒപ്റ്റിമല്‍’ പാത കണ്ടെത്താന്‍ ഒരു വ്യക്തിയെ സഹായിക്കുക എന്നതാണ് വിജയത്തിലേക്കുള്ള താക്കോലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പൊതുവേ, ഒന്നും ആവശ്യമില്ലെന്നും എല്ലാം ശരിയാണെന്നും അവര്‍ കരുതിയാലും, മിക്കവാറും എല്ലാ വ്യക്തികളും വിജയം ആഗ്രഹിക്കുന്നു. ഈ വിജയം കൈവരിക്കുന്നതിന്, നിങ്ങള്‍ ജീവിതത്തില്‍ നിങ്ങളുടെ പാത കണ്ടെത്തുകയും നിങ്ങളുടെ ജീവിതം സമര്‍പ്പിക്കാന്‍ തയ്യാറായ ഒരു വ്യാപാരം കണ്ടെത്തുകയും വേണം. മൂവ്മെന്റ് ഓഫ് ദി ഫസ്റ്റ് സൃഷ്ടിക്കപ്പെട്ടതിന്റെ ഒരു കാരണം ഇതാണെന്നും പ്രസിഡന്റ് വിശദീകരിച്ചു.
Also Read: സംയുക്ത നീക്കവും, ലോകവ്യാപകമായി അണി നിരക്കലും, രണ്ടും കല്‍പ്പിച്ച് അറബ് രാജ്യങ്ങള്‍
റഷ്യയെ ഭയന്ന് പരാക്രമങ്ങള്‍ കാണിച്ച് കൂട്ടി സ്വന്തം രാജ്യത്തെ ജനങ്ങളുടെ സൗര്യ ജീവിതത്തെ ഇല്ലാതാക്കുന്ന നാറ്റോ രാജ്യങ്ങളെ റഷ്യ കാര്യമായി പരിഗണിക്കുന്നില്ല. പക്ഷെ റഷ്യ -യുക്രെയ്ന്‍ യുദ്ധത്തില്‍ യുക്രെയ്‌നെ സപ്പോര്‍ട്ട് ചെയ്ത് നിന്നപ്പോള്‍ ഇത്തരമൊരു തിരിച്ചടി ആരും പ്രതീക്ഷിച്ചില്ലെന്ന് പറയുന്നത് ഒട്ടും വിശ്വസനീയമല്ല. കാരണം മറു വശത്ത് റഷ്യയാണെന്ന കാര്യം അവര്‍ക്കറിയാമായിരുന്നു. അന്ന് യുക്രെയ്‌നെ കൈയ്യഴിഞ്ഞ് സഹായിച്ചതിന്റെയും റഷ്യയ്‌ക്കെതിരെ തിരിഞ്ഞതിന്റെയും പ്രത്യാഘാതങ്ങളെ ഭയന്നാണ് ഇപ്പോള്‍ ഇത്തരം നടപടികളെടുക്കാന്‍ ഈ രാജ്യങ്ങള്‍ നിര്‍ബന്ധിതരായത്.