നാറ്റോ അംഗരാജ്യങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന്, കടലിനടിയിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ സംരക്ഷിക്കാന്‍ തയ്യാറെടുത്ത് പാശ്ചാത്യ രാജ്യങ്ങള്‍. ഇതിനായി ബാള്‍ട്ടിക് കടലില്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുമെന്ന് നാറ്റോ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി അമേരിക്കന്‍ നേതൃത്വത്തിലുള്ള മിലിട്ടറി ബ്ലോക്കിന്റെ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ ബാള്‍ട്ടിക് കടലിന്റെ സംരക്ഷണാര്‍ത്ഥം ‘ബാള്‍ട്ടിക് സെന്‍ട്രി’ ഓപ്പറേഷന്‍ എന്ന പദ്ധതി പ്രഖ്യാപിച്ചു. ഫ്രിഗേറ്റുകള്‍, സമുദ്ര പട്രോളിംഗ് വിമാനങ്ങള്‍, ചെറിയ നാവിക ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് ബാള്‍ട്ടിക് സമുദ്ര മേഖലയില്‍ സുരക്ഷ ശക്തമാക്കുമെന്ന് നാറ്റോ രാജ്യങ്ങള്‍ അറിയിച്ചു. ‘
ചൈനീസ് കപ്പലായ യി പെംങ്-3 , കടല്‍ത്തീരത്തെ കേബിളുകള്‍ അറുത്തുമാറ്റി എന്നാരോപിച്ചാണ് സംഭവങ്ങള്‍ക്ക് ബന്ധമുള്ളത്. എന്നാല്‍ തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ചൈന അറിയിച്ചിട്ടുണ്ട്. കേബിളുകള്‍ നശിപ്പിക്കപ്പെടുന്ന സംഭവം മുമ്പ് ഉണ്ടായിട്ടുണ്ടെന്നും, ഏറ്റവും ഒടുവിലത്തെ സംഭവം നടന്നത് ഡിസംബര്‍ അവസാനമാണെന്നും നാറ്റോ വ്യക്തമാക്കുന്നു. ഫിന്‍ലന്‍ഡിനെയും എസ്‌തോണിയയെയും ബന്ധിപ്പിക്കുന്ന EstLink 2 പവര്‍ കേബിളിന് കേടുപാടുകള്‍ വരുത്തിയ സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഈഗിള്‍ എസ് എന്ന റഷ്യയുടെ ഓയില്‍ ടാങ്കറാണ്. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍, റഷ്യയെ കുറ്റപ്പെടുത്താന്‍ നാറ്റോ രാജ്യങ്ങള്‍ മുതിര്‍ന്നില്ല.

”സൈബര്‍ ആക്രമണങ്ങളിലൂടെയും കൊലപാതക ശ്രമങ്ങളിലൂടെയും അട്ടിമറിയിലൂടെയും പാശ്ചാത്യ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനുള്ള പ്രവണത റഷ്യ-ചൈന സഖ്യത്തിലുടനീളം കണ്ടെന്ന് മാര്‍ക്ക് റുട്ടെ ചൂണ്ടിക്കാണിക്കുന്നു. ഫിന്‍ലന്‍ഡ്, പോളണ്ട്, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, സ്വീഡന്‍, ലാത്വിയ, ലിത്വാനിയ, എസ്‌തോണിയ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ മാര്‍ക്ക് റുട്ടെയുടെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തി.
ഇന്റര്‍നാഷണല്‍ കേബിള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റി (ICPC) പ്രകാരം, സമുദ്രത്തിനടിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് താരതമ്യേന സാധാരണമാണെന്നും ഏകദേശം 200 കേബിള്‍ തകരാറുകള്‍ പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. ഈ സംഭവങ്ങളില്‍ ഭൂരിഭാഗവും മനുഷ്യരുടെ പ്രവര്‍ത്തനങ്ങളാല്‍ സംഭവിക്കുന്നു. അതായത് കപ്പലുകള്‍ കടലിലെ കേബിളുകള്‍ക്ക് മുകളിലൂടെ നങ്കൂരമിടുന്നതും, മത്സ്യബന്ധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ അശ്രദ്ധയും ഇതിനുദാഹരണങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Also Read: ട്രംപിനെ കൊല്ലാന്‍ ഒരിക്കലും പദ്ധതിയിട്ടിട്ടില്ല: ഇറാന്‍
എന്നാല്‍ റഷ്യയുടെ അധീന മേഖലയായ ബാള്‍ട്ടിക് പ്രദേശത്തെയ്ക്ക് കൂടി തങ്ങള്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നു എന്ന് റഷ്യയോടുള്ള വെല്ലുവിളിയാണ് നാറ്റോയുടെ ബാള്‍ട്ടിക് സെന്‍ട്രി ഓപ്പറേഷന്റെ പ്രഖ്യാപനം. നാറ്റോ അംഗങ്ങള്‍ ഇതിനകം ഈ മേഖലയില്‍ പതിവായി നാവിക അഭ്യാസങ്ങളും എയര്‍-പോലീസിംഗ് ദൗത്യങ്ങളും നടത്തുന്നുണ്ട്.
ഫിന്‍ലന്‍ഡും സ്വീഡനും സഖ്യത്തില്‍ ചേര്‍ന്നതിന് ശേഷം ബാള്‍ട്ടിക് കടല്‍ നാറ്റോയുടെ ആധിപത്യ കേന്ദ്രമായി. എന്നാല്‍ റഷ്യയുടെ തീരപ്രദേശത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഇതില്‍ ഉള്‍പ്പെടുന്നുള്ളൂ. ഏകദേശം 7%-കലിനിന്‍ഗ്രാഡ് എക്സ്‌ക്ലേവും സെന്റ് പീറ്റേഴ്സ്ബര്‍ഗ് പ്രദേശത്തിന്റെ ചില ഭാഗങ്ങളുമാണ് ഇപ്പോള്‍ നാറ്റോ സഖ്യത്തിന്റെ പരിധിയില്‍ വരുന്നത്.