കൊല്ലം: കൊട്ടിയത്ത് ദേശീയപാത 66-ൻ്റെ ഭിത്തി ഇടിയുകയും റോഡ് തകരുകയും ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാർ കർശന നടപടിയെടുത്തു. വീഴ്ച വരുത്തിയ നിർമ്മാണ കമ്പനിയെ ഒരു മാസത്തേക്ക് വിലക്കി. ദേശീയപാതയുടെ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്നാണ് കമ്പനിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
നിർമ്മാണ കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താതിരിക്കാൻ കൃത്യമായ വിശദീകരണം നൽകണമെന്നും കേന്ദ്രം നിർദേശിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
Also Read: ശബരിമലയിൽ ഭക്തജനപ്രവാഹം! ഇന്ന് 62,503 പേർ ദർശനം പൂർത്തിയാക്കി; നാളെ തിരക്ക് വർധിച്ചേക്കും
മുഖ്യമന്ത്രിയുടെ പ്രതികരണം: ‘കേരള സർക്കാരിന്റെ തലയിലിടാൻ വഴിയില്ല’
ദേശീയപാത തകർന്ന സംഭവം സംസ്ഥാന സർക്കാരിൻ്റെ തലയിൽ കെട്ടിവയ്‌ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. “ദേശീയപാതയുടെ എല്ലാ കാര്യങ്ങളും നിർവ്വഹിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. അതിന് കൃത്യമായ സംവിധാനമുണ്ട്. ആ സംവിധാനത്തിലുണ്ടായ പാളിച്ചയാണ് നമ്മുടെ നാട്ടിലെ അനുഭവം. റോഡ് നിർമ്മിക്കുമ്പോൾ അതിൻ്റെ ഡിസൈൻ മുതൽ നിർവഹിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. ഈ വിഷയത്തിൽ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാൻ സാധിക്കില്ല. ഒരിടത്തെ പ്രശ്‌നം കണ്ട് ദേശീയപാത ആകെ തകരാറിലായി എന്ന് കാണേണ്ടതില്ല,” മുഖ്യമന്ത്രി വിശദീകരിച്ചു.






