തിരുവനന്തപുരം: ദേശീയപാത 66-ന്റെ നിർമ്മാണം നടക്കുന്ന 18 റീച്ചുകളിലെ തീവ്ര മണ്ണ് പരിശോധനയാണ് ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുന്നത്. നിർമ്മാണം പൂർത്തിയായ, പുരോഗമിക്കുന്ന, തുടങ്ങാനിരിക്കുന്ന സ്ഥലങ്ങൾ ഇതിൽ ഉൾപ്പെടും. കൊല്ലം മൈലക്കാട്ട് കഴിഞ്ഞ ദിവസം ഭിത്തി ഇടിഞ്ഞ് റോഡ് തകർന്ന സംഭവത്തെ തുടർന്നാണ് ദേശീയപാത അതോറിറ്റി ഈ അടിയന്തര നടപടിയിലേക്ക് കടന്നത്.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ: സംസ്ഥാനത്ത് 244 കേന്ദ്രങ്ങൾ; ഫലം രാവിലെ 8 മുതൽ
ആദ്യഘട്ടമായി ഒരു മാസത്തിനുള്ളിൽ 100 സ്ഥലങ്ങളിലെ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകും. തുടർന്ന് 3 മാസത്തിനുള്ളിൽ 278 സ്ഥലങ്ങളിൽ കൂടി പരിശോധന നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ റീഇൻഫോഴ്‌സ്‌ഡ് സോയിൽ ഭിത്തിയുടെയും രൂപകൽപ്പനയും നിർമ്മാണവും പുനഃപരിശോധിക്കും. ആവശ്യമെങ്കിൽ ഭിത്തി പുനർനിർമ്മാണം ഉൾപ്പെടെ സ്വീകരിക്കും. കണ്ടെത്തുന്ന എല്ലാ വീഴ്ചകൾക്കും ഉത്തരവാദികളെയും നിശ്ചയിക്കും.
കൊല്ലം മൈലക്കാട്ടെ റോഡ് തകർച്ചയ്ക്ക് കാരണം അടിത്തറയിലെ മണ്ണിന് ബലക്കുറവ് ഉണ്ടായതാണ് എന്നാണ് പ്രാഥമിക വിലയിരുത്തൽ. 9.4 മീറ്റർ ഉയരമുള്ള സംരക്ഷണ ഭിത്തിയുടെ ഭാരം താങ്ങാൻ മണ്ണിന് ശേഷി ഉണ്ടായിരുന്നില്ല. സംഭവത്തെ തുടർന്ന് കരാർ കമ്പനിയായ ശിവാലയ, പ്രമോട്ടർമാർ, സ്വതന്ത്ര എൻജിനീയറിങ് സ്ഥാപനമായ ഫീഡ്‌ബാക് എന്നീ കമ്പനികളുടെ കൂട്ടായ്മയെ ഭാവി ടെൻഡറിൽ നിന്ന് താൽക്കാലികമായി വിലക്കി. കഴിഞ്ഞ മാസം അരൂർ-തുറവൂർ മേൽപാലം നിർമ്മിക്കുന്നതിനിടയിൽ ഗർഡർ തകർന്നു വീണതിനെ തുടർന്ന് അവിടെ സുരക്ഷാ ഓഡിറ്റ് നടത്താൻ റൈറ്റ്സ് എന്ന ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നു.






