ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസ് അത്‌ലറ്റിക്സിലെ അവസാന ഇനത്തിൽ സ്വർണം നേടി കേരളം. 4X400 മീറ്റർ മിക്സ്ഡ് റിലേയിൽ ടി.എസ്. മനു, കെ. സ്നേഹ, ജെ. ബിജോയ്, അൻസ ബാബു എന്നിവരുൾപ്പെട്ട സംഘമാണു സ്വർണം നേടിയത്. ജൂഡോയിൽ വനിതകളുടെ 78 കിലോ വിഭാഗത്തിൽ തൃശൂർ പാണഞ്ചേരി സ്വദേശിനി പി.ആർ. അശ്വതി വെള്ളി നേടി. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ വനിത വിഭാഗം അൺഈവൻ ബാർ ഇനത്തിൽ കണ്ണൂർ മാടായി സ്വദേശി അമാനി ദിൽഷാദ് വെങ്കലം നേടി. ഗെയിംസിൽ ഇതോടെ 13 സ്വർണം ഉൾപ്പെടെ കേരളം 53 മെഡൽ സ്വന്തമാക്കി.
അതേസമയം 4X400 മീറ്റർ മിക്സ്ഡ് റിലേയിൽ നാടകീയ നീക്കങ്ങളിലൂടെയാണ് കേരളം മുന്നിലെത്തിയത്. രണ്ടാം ലാപ്പിനിടയിൽ തമിഴ്നാടിന്റെ ദേശികയുടെ കയ്യിൽനിന്നു ബാറ്റൺ വഴുതി വീണു. ഈ സമയത്ത് കേരളത്തിന്റെ സ്നേഹ ലീഡ് നേടി. പിന്നീടൊരിക്കലും കേരളം ലീഡ് നഷ്ടപ്പെടുത്തിയില്ല.
Also Read: ജയ്സ്വാളിന് പകരം വരുണ്‍ ചക്രവര്‍ത്തി: ജയ്സ്വാളിനെ തഴഞ്ഞതിനെക്കുറിച്ച് ഗംഭീര്‍
അവസാന ലാപ്പിൽ കേരളത്തിന്റെ അൻസ ബാബു ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത് സ്വർണം ഉറപ്പിച്ചു( 3:25.35 മിനിറ്റ്). 3:25.66 മിനിറ്റിലാണ് മഹാരാഷ്ട്ര ഫിനിഷ് ചെയ്തത്. കഴിഞ്ഞ ഗെയിംസിൽ മിക്സ്ഡ് റിലേയിൽ കേരളത്തിനു വെള്ളിയായിരുന്നു. കഴിഞ്ഞ തവണ അത്‌ലറ്റിക്സിൽ 3 സ്വർണം, 5 വെള്ളി, 6 വെങ്കലം എന്നിങ്ങനെയായിരുന്നു കേരളത്തിന്റെ നേട്ടം. ഇത്തവണ ഇതു യഥാക്രമം 2,3,8 ആയി മാറി.