നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’. മികച്ച പ്രതികരണം നേടിയ സിനിമ പാൻ ഇന്ത്യൻ തലത്തിൽ വലിയ ചർച്ചകളാണ് ഉണ്ടാക്കിയത്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിലെ നിമിഷയുടെയും സുരാജിന്റെയും പ്രകടനങ്ങളും സിനിമ മുന്നോട്ട് വെച്ച രാഷ്ട്രീയവും ഏറെ ചർച്ചയുണ്ടാക്കിയിരുന്നു. സിനിമയുടെ ഹിന്ദി റീമേക്ക് കഴിഞ്ഞ ദിവസം ഒടിടിയിലൂടെ പുറത്തുവന്നിരുന്നു. ‘മിസിസ്’ എന്ന് പേരിട്ട സിനിമയിൽ സാന്യ മൽഹോത്രയാണ് പ്രധാന വേഷത്തിലെത്തുന്നത്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
Also Read: പ്രഭാസ് ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ് പുറത്ത്
പുരുഷന്മാർ ഉറപ്പായും കണ്ടിരിക്കേണ്ട സിനിമയാണ് മിസിസ് എന്നും ഒരു റീമേക്ക് സിനിമ എങ്ങനെ മികച്ചതായി എടുക്കാമെന്നതിന് ഉദാഹരണമാണ് ഈ സിനിമയെന്നുമാണ് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിലെ പ്രകടനത്തിന് സാന്യ മൽഹോത്രക്ക് ലഭിക്കുന്നത്. ബോളിവുഡിലെ നെപ്പോ കിഡ്‌ഡുകൾ സാന്യയെ കണ്ടു പഠിക്കണമെന്നും സിനിമയിലെ അഭിനയത്തിന് സാന്യയ്ക്ക് നാഷണൽ അവാർഡ് ലഭിക്കണമെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. സീ 5 വിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇതിനോടകം തന്നെ സീ 5 ൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയായി മിസിസ് മാറി.
ആരതി കദവ് സംവിധാനം ചെയ്ത ‘മിസിസ്’ ജിയോ സ്റ്റുഡിയോസിന്റെ ബാനറിൽ ജ്യോതി ദേശ്പാണ്ഡെ ആണ് നിർമിച്ചിരിക്കുന്നത്. കൻവൽജിത് സിംഗ്, നിശാന്ത് ദാഹിയ, അപർണ ഘോഷാൽ, നിത്യ മോയൽ തുടങ്ങിയവരാണ് മിസിസിൽ പ്രധാന വേഷത്തിലെത്തുന്നത്. ഹർമൻ ബവേജ, അനു സിംഗ് ചൗധരി എന്നിവർ ചേർന്നാണ് സിനിമയുടെ ഹിന്ദി പതിപ്പിന് തിരക്കഥ ഒരുക്കിയത്. ചിത്രം നേരത്തെ ന്യൂ യോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലും, ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിലും പ്രദർശിപ്പിച്ചിരുന്നു. മികച്ച അഭിപ്രായങ്ങളാണ് അവിടെ നിന്നും സിനിമയ്ക്ക് ലഭിച്ചത്.