അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഭൂമിയുടെ അതിമനോഹരമായ പനോരമിക് കാഴ്ച പങ്കുവെച്ച് നാസ ബഹിരാകാശയാത്രിക ജെസീക്ക മെയർ. ബഹിരാകാശ നിലയത്തിൽ ഇടമില്ലാത്തതിനെ തുടർന്ന് താൽക്കാലികമായി സ്ലീപ്പിംഗ് ക്വാർട്ടേഴ്സ് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ കാപ്സ്യൂളിലേക്ക് മാറ്റിയപ്പോഴാണ് ഈ അപൂർവ്വ കാഴ്ച കാണാൻ സാധിച്ചത്. ഡ്രാഗൺ കാപ്സ്യൂളിന്റെ ജനാലയിലൂടെ ചിത്രീകരിച്ച ഭ്രമണപഥത്തിൽ നിന്നുള്ള ഭൂമിയുടെ മനോഹര ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ അവർ എക്സിൽ പങ്കുവെച്ചു.
ബഹിരാകാശ നിലയത്തിലേക്ക് പുതിയ അംഗങ്ങൾ എത്തിയതോടെയാണ് താമസം ഡ്രാഗൺ കാപ്സ്യൂളിലേക്ക് മാറ്റേണ്ടി വന്നതെന്ന് മെയർ വ്യക്തമാക്കി. ജെസീക്ക വാട്ട്കിൻസ്, ലൂക്ക് ഡെലാനി, ജോഷ്വ കുട്രിക്, സെർജി ടെറ്റെറിയാറ്റ്നിക്കോവ് എന്നിവർ അടങ്ങുന്ന സംഘം എക്സ്പെഡിഷൻ 75-ന്റെ ഭാഗമായി എത്തിയതോടെ സ്റ്റേഷനിൽ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. തുടര്ന്ന്, പുതുതായി എത്തിയ ലൂക്ക് ഡെലാനിക്ക് തന്റെ പഴയ ഉറക്കമുറി കൈമാറിയ ശേഷം ജെസീക്ക മെയർ താൽക്കാലികമായി ഡോക്ക് ചെയ്തിരുന്ന ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിലേക്ക് മാറുകയായിരുന്നു.
Also Read; കോടികളുടെ നികുതി വെട്ടിപ്പ്? എഐ ഡാറ്റാ സെന്ററുകളെ ‘പരീക്ഷണശാലകൾ’ ആക്കി മെറ്റ
ഈ ക്രമീകരണം അസാധാരണമാണെങ്കിലും ബഹിരാകാശ നിലയത്തിൽ പുതിയ ഒന്നല്ലെന്ന് നാസ ബഹിരാകാശയാത്രിക ആനി മക്ലെയിൻ ചൂണ്ടിക്കാട്ടി. പുതിയ സംഘം എത്തുമ്പോൾ പുറപ്പെടാനൊരുങ്ങുന്ന കമാൻഡർ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ താൽക്കാലികമായി “ക്യാമ്പ് ഔട്ട്” ചെയ്യുന്ന രീതി മുൻപും ഉണ്ടായിട്ടുണ്ട്. സ്റ്റേഷനിലെ സ്ഥലപരിമിതി പരിഹരിക്കാൻ ഇത് സഹായിക്കുന്നതോടൊപ്പം, ഡ്രാഗൺ കാപ്സ്യൂളിലെ ജനാലയിലൂടെ ഭൂമിയുടെയും ഇരുണ്ട ബഹിരാകാശത്തിന്റെയും അവിസ്മരണീയമായ കാഴ്ച ആസ്വദിക്കാൻ ബഹിരാകാശയാത്രികർക്ക് അവസരമൊരുക്കുകയും ചെയ്യുന്നു.
2026 ഒക്ടോബർ 1-ന് സ്പേസ് എക്സ് ക്രൂ-13 ഡോക്ക് ചെയ്തതിനെ തുടർന്നാണ് ഈ ക്രൂ റൊട്ടേഷൻ നടന്നത്. വെറും 7 മണിക്കൂറും 55 മിനിറ്റും കൊണ്ട് ലോഞ്ച് പൂർത്തിയാക്കി ഡോക്ക് ചെയ്ത ഈ ദൗത്യം, ഒരു അമേരിക്കൻ ബഹിരാകാശ പേടകം നടത്തുന്ന ഏറ്റവും വേഗതയേറിയ യാത്രയെന്ന റെക്കോർഡും സ്വന്തമാക്കി. ബഹിരാകാശ നിലയത്തിൽ തുടർച്ചയായി മനുഷ്യസാന്നിധ്യം ഉറപ്പാക്കുമ്പോൾ നേരിടുന്ന താമസസൗകര്യ വെല്ലുവിളികളും, ഒപ്പം ബഹിരാകാശ ജീവനക്കാരുടെ അസാധാരണ ജീവിതാനുഭവങ്ങളുമാണ് ഈ സംഭവം വ്യക്തമാക്കുന്നത്.






