ഇന്ത്യയുടെ ആശങ്ക അറിയിച്ചു; നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് മോദി

ജര്‍മന്‍ ചാന്‍സലര്‍ ഫ്രഞ്ച് പ്രസിഡന്റ് എന്നിവരുമായും നെതന്യാഹു സംസാരിച്ചു.

ഇന്ത്യയുടെ ആശങ്ക അറിയിച്ചു; നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് മോദി
ഇന്ത്യയുടെ ആശങ്ക അറിയിച്ചു; നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് മോദി

ഡല്‍ഹി: ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സാഹചര്യങ്ങള്‍ നെതന്യാഹു വിശദീകരിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ഫ്രഞ്ച് പ്രസിഡന്റ് എന്നിവരുമായും നെതന്യാഹു സംസാരിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ എന്നിവരുമായും സംസാരിക്കുമെന്ന് നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയില്‍ വ്യക്തമാക്കി. നെതന്യാഹു തന്നെ വിളിച്ചതായും നിലവിലെ സാഹചര്യങ്ങള്‍ വിവരിച്ചതായും നരേന്ദ്ര മോദി സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ആശങ്കകളും മേഖലയില്‍ സമാധാനവും സ്ഥിരതയും വേഗത്തില്‍ പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സംഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു. ഇറാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഹൊസൈന്‍ സലാമിയും കൊല്ലപ്പെട്ടിരുന്നു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം 6 സ്‌ഫോടനങ്ങള്‍ നടന്നെന്നും ഇറാന്റെ ആണവ പ്ലാന്റുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ തുടരുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.

Share Email
Top