അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി തുടരും; കെജ്രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് മോദി

അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി തുടരും; കെജ്രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് മോദി

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് മോദി പറഞ്ഞു. കെജ്രിവാളിനെതിരെയും കെ കവിതയ്‌ക്കെതിരെയും നിര്‍ണായക തെളിവുണ്ടെന്ന് സിബിഐയും ഇന്ന് കോടതിയെ അറിയിച്ചു. ഡല്‍ഹിയില്‍ ഉടന്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന് എഎപി ആരോപിച്ചു. ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് വേട്ടയാടലാണെന്നാരോപിച്ച് പ്രതിപക്ഷം പ്രചാരണം ശക്തമാക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ന്യായീകരണം. പ്രതിപക്ഷം ഒന്നിച്ചത് അഴിമതിക്കാരെ സംരക്ഷിക്കാനാണെന്നും മോദി ഹിന്ദി പത്രമായ ഹിന്ദുസ്ഥാന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മദ്യനയ കേസില്‍ ഇന്നലെ അറസ്റ്റ് ചെയ്ത കെ കവിതയെ റൌസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കവിതയെ കൂടാതെ കെജ്രിവാളിനെതിരെയും തെളിവുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചത്. സൗത്ത് ഗ്രൂപ്പിലെ ഒരു മദ്യവ്യവസായി കെജ്രിവാളിനെ നേരില്‍ കണ്ട് സഹായം ചോദിച്ചെന്നും, കെജ്രിവാള്‍ സഹായം വാഗ്ദാനം ചെയ്‌തെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചത്. മദ്യനയ കേസില്‍ സിബിഐയും കെജ്രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നടപടി. കവിതയുടെ പങ്ക് തെളിയിക്കുന്ന വാട്‌സാപ്പ് ചാറ്റുകള്‍ സിബിഐ കോടതിയില്‍ ഹാജരാക്കി. കവിതയ്ക്ക് മദ്യനയ അഴിമതി ഗൂഢാലോചനയില്‍ പ്രധാന പങ്കുണ്ടെന്നും ചോദ്യം ചെയ്യുന്നതിനായി അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നും സിബിഐ ആവശ്യപ്പെട്ടു.

Top