എം.എൽ.എയായി മുകേഷ് തുടരും, കോടതി തീരുമാനം വരട്ടെ : എം.വി. ഗോവിന്ദൻ

ആലുവ സ്വദേശിയായ നടിയാണ് മുകേഷിനെതിരെ പരാതി നൽകിയത്. നടിയുടെ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു.

എം.എൽ.എയായി മുകേഷ് തുടരും, കോടതി തീരുമാനം വരട്ടെ : എം.വി. ഗോവിന്ദൻ
എം.എൽ.എയായി മുകേഷ് തുടരും, കോടതി തീരുമാനം വരട്ടെ : എം.വി. ഗോവിന്ദൻ

കണ്ണൂർ: ലൈംഗിക പീഡനപരാതിയിൽ നടനും ഭരണകക്ഷി എം.എൽ.എയുമായ മുകേഷിനെതിരേ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുകേഷ് എം.എൽ.എ സ്ഥാനത്ത് തുടരുമെന്നും കോടതി തീരുമാനം വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും പ്രഖ്യാപിച്ചത് കൊണ്ട് കാര്യമില്ല, കോടതിയല്ലേ ഇക്കാര്യം കൈകാര്യം ചെയ്യേണ്ടത്. കോടതി ഒരു നിലപാട് സ്വീകരിക്കട്ടെ, അപ്പോൾ ആലോചിക്കാം, അതാണ് പാർട്ടിയുടെ നിലപാട്- എന്നാണ് അദ്ദേഹം പറഞ്ഞത്.

ആലുവ സ്വദേശിയായ നടിയാണ് മുകേഷിനെതിരെ പരാതി നൽകിയത്. നടിയുടെ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. മുകേഷിന്റെ കാര്യത്തിൽ പാർട്ടിയും സർക്കാരും ശരിയായ നിലപാട് സ്വീകരിക്കുമെന്നായിരുന്നു സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ പ്രതികരണം. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും അമ്മയിൽ അംഗത്വം നൽകാമെന്ന് ഉറപ്പുനൽകിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എം.എൽ.എയ്ക്കെതിരായി നൽകിയ പരാതി.

Also Read: ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യട്ടെ: സുരേഷ് ഗോപി

മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളാണുള്ളതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ സാഹചര്യതെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. മുകേഷിനെതിരെ പീഡനത്തിന് പുറമെ ലൈംഗികാതിക്രമത്തിന്റെ വകുപ്പും ചുമത്തിയിട്ടുണ്ട്. എറണാകുളം മരട് പോലീസാണ് ആദ്യം ഈ കേസ് രജിസ്റ്റർ ചെയ്യുന്നത്. എറണാകുളത്തുള്ള വില്ലയിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നും പിന്നീട് തൃശ്ശൂരിൽ വെച്ച് സമാന സംഭവം ആവർത്തിച്ചുവെന്നുമാണ് പരാതിയിലുള്ളത്.

Share Email
Top