തിരുവനന്തപുരം: അംബേദ്കര്‍ക്കെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരിഹാസ്യമായ നിലപാടാണ് പിന്നോക്ക ജനവിഭാഗങ്ങളോട് സംഘപരിവാര്‍ പുലര്‍ത്തുന്നതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന സമൂലമായി മാറ്റാന്‍ സംഘപരിവാര്‍ ലക്ഷ്യമിട്ടിരുന്നു. അമിത് ഷാ രാജിവെച്ച് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കരുവന്നൂര്‍ സഹകരണ ബാങ്ക് പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുകയാണ്. ഈ ഘട്ടത്തില്‍ പാര്‍ട്ടി കളവിന് കൂട്ടുനില്‍ക്കുന്നു എന്ന് വരുത്താനാണ് ഇ ഡി ശ്രമിച്ചത്. വലിയ വിഭാഗം മാധ്യമങ്ങളും ഈ സമീപനം സ്വീകരിച്ചു. ആരാണ് ബാങ്കുകള്‍ ഭരിക്കുന്നത് എന്ന് നോക്കിയല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. വിഷയത്തില്‍ ഇഡി നടത്തിയത് രാഷ്ട്രീയ പകപോക്കലാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
Also Read: അഭിമന്യു കൊലപാതക കേസ്; റിപ്പോർട്ട് തേടി ഹൈക്കോടതി
SFIO അന്വേഷണ റിപ്പോര്‍ട്ടില്‍ പാര്‍ട്ടിക്ക് ഒരു തരത്തിലുള്ള ഉല്‍കണ്ഠയുമില്ല. അന്വേഷണം രാഷ്ട്രീയമായി വന്നപ്പോള്‍ പ്രതിരോധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചാണ് അന്വേഷണം വന്നത്. എന്‍സിപിയിലെ മന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്. നിലവില്‍ അക്കാര്യങ്ങളൊന്നും തന്നെ ഞങ്ങളുടെ മുന്നില്‍ വന്നിട്ടില്ല. തീരുമാനങ്ങള്‍ കേന്ദ്രത്തിന്റേതായിട്ട് വരട്ടെ. മന്ത്രിസഭാ പുനഃസംഘടനയൊന്നും എല്‍ഡിഎഫിന്റെ അജണ്ടയില്‍ ഇല്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.