സമസ്തയുടെ ‘കിയാമതാ’കുമെന്ന ഭീഷണിയുമായി മുസ്ലിംലീഗ്

സമസ്തയുടെ ‘കിയാമതാ’കുമെന്ന ഭീഷണിയുമായി മുസ്ലിംലീഗ്

തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ സമസ്തയുടെ ‘കിയാമതാ'(അന്ത്യനാള്‍) കുമെന്ന ഭീഷണിയുമായി മുസ്ലിംലീഗ്. ലീഗ് തോറ്റാല്‍ സമസ്തയുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്നതടക്കം പല കോണുകളില്‍നിന്നായി കടുത്ത അധിക്ഷേപമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറത്തും പൊന്നാനിയിലും ലീഗിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന ഭീതിയിലാണ് നേതൃത്വവും പ്രവര്‍ത്തകരും. രണ്ട് മണ്ഡലങ്ങളിലും പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞതാണ് ആധിക്കും ആക്ഷേപത്തിനും അടിസ്ഥാനം. നേതാക്കളുടെ ആത്മവിശ്വാസക്കുറവ് തിരിച്ചറിഞ്ഞ പ്രവര്‍ത്തകരാകട്ടെ ബേജാറിലാണ്. ഈ നിരാശയിലാണ് സമസ്ത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പരസ്യവിമര്‍ശവും അധിക്ഷേപവും.

പള്ളികളും മദ്രസയുമെല്ലാം ലീഗിന്റേതാണെന്ന് വ്യക്തമാക്കിയാണ് ഭീഷണികള്‍. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍ ‘പെരിയോനല്ലെന്ന്’ ജൂണ്‍ നാലുകഴിഞ്ഞാല്‍ തെളിയുമെന്നാണ് മറ്റൊരു പരാമര്‍ശം. സമസ്തയുടെ യുവജന–വിദ്യാര്‍ഥി നേതാക്കളെ പരാമര്‍ശിച്ചുള്ള ഭീഷണിയും പ്രവഹിക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ ലീഗിന് ഒരു സഹായവും ലഭിച്ചില്ല. ഇനിയും കൂടെനിന്ന് കാലുവാരുന്നവരെ സഹിക്കാനാകില്ലെന്ന ചര്‍ച്ചയും ലീഗ് ഗ്രൂപ്പുകളിലുണ്ട്. സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ എല്‍ഡിഎഫ് പരസ്യം നല്‍കിയതും ലീഗിന്റെ പരസ്യമില്ലാതിരുന്നതും സൂചിപ്പിച്ചാണ് ചര്‍ച്ചകള്‍. അതേസമയം പരസ്യം നല്‍കിയതില്‍ തെറ്റില്ലെന്ന നിലപാട് സമസ്ത ആവര്‍ത്തിച്ചു. സുപ്രഭാതത്തിന്റെ രൂപീകരണഘട്ടത്തിലെടുത്ത നയമാണിതെന്ന് മാനേജിങ് ഡയറക്ടര്‍ അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് പത്രത്തിലെഴുതിയ വിശദീകരണത്തില്‍ വ്യക്തമാക്കി.’ഓതാന്‍ പള്ളി വേറെ നോക്കിക്കോ മൊല്ലാക്ക’ എന്നടക്കം സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി പ്രചരിപ്പിക്കുന്നുണ്ട്. തോറ്റാലും ജയിച്ചാലും ചില ഉസ്താദുമാരുടെ പണിപോകും, ചിലരെ ഓത്തുപഠിപ്പിക്കാന്‍ പാണക്കാട് തങ്ങള്‍ തീരുമാനിച്ചാലും സാധിക്കും എന്നിങ്ങനെ സമസ്തയെ ലാക്കാക്കിയുള്ള ഒളിയമ്പുകളും ധാരാളം.

Top