ചൈനയ്ക്കെതിരായ യുദ്ധ തന്ത്രങ്ങളിലും മസ്‌കിന്റെ സ്വാധീനം, അമേരിക്കന്‍ പ്രസിഡന്റ് ട്രംപോ അതോ മസ്‌കോ ?

ട്രംപിന് തൊട്ടുപിന്നിൽ അമേരിക്കയിലെ ഏറ്റവും ശക്തനായ രാഷ്ട്രീയക്കാരനായി ഉയർന്നുവന്നിരിക്കുന്ന മസ്‌ക്. 2024 ലെ അമേരിക്കൻ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ട്രംപിനു വേണ്ടി ബില്യൺ കണക്കിന് ഡോളറുകളാണ് മസ്‌ക് ചെലവഴിച്ചത്. ഈ നന്ദിയാണ് ഇപ്പോൾ ട്രംപ് കാണിക്കുന്നതും.

ചൈനയ്ക്കെതിരായ യുദ്ധ തന്ത്രങ്ങളിലും മസ്‌കിന്റെ സ്വാധീനം, അമേരിക്കന്‍ പ്രസിഡന്റ് ട്രംപോ അതോ മസ്‌കോ ?
ചൈനയ്ക്കെതിരായ യുദ്ധ തന്ത്രങ്ങളിലും മസ്‌കിന്റെ സ്വാധീനം, അമേരിക്കന്‍ പ്രസിഡന്റ് ട്രംപോ അതോ മസ്‌കോ ?

മേരിക്കയുടെ യുദ്ധരഹസ്യങ്ങള്‍ ഒരു സ്വകാര്യ വ്യക്തിക്ക് ലഭിക്കുക, അതും ചൈനയുമായി സാധ്യതയുള്ള ഒരു യുദ്ധത്തെ സംബന്ധിച്ചുള്ള അമേരിക്കന്‍ സൈന്യത്തിന്റെ പദ്ധതിയെക്കുറിച്ച്. ഒരു പക്ഷെ അമേരിക്കയിലല്ലാതെ മറ്റൊരു രാജ്യത്തും കേട്ടുകേള്‍വി പോലും ഇല്ലാത്ത കീഴ്വഴക്കം. അമേരിക്കയുടെ ദേശീയസുരക്ഷയെ പോലും ബാധിക്കുന്ന വിവരങ്ങളാണ് മസ്‌കിന് ലഭിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പദ്ധതിയെക്കുറിച്ച് ഇലോണ്‍ മസ്‌കിന് അതീവ രഹസ്യമായ ഒരു വിശദീകരണം നല്‍കാന്‍ പെന്റഗണ്‍ പദ്ധതിയിടുന്നതായാണ് വിവരം. രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ നിന്നാണ് ഇങ്ങനെയൊരു വിവരം കിട്ടിയതെന്നാണ് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അത്രയുമുണ്ട്, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മേല്‍ മസ്‌കിനുള്ള സ്വാധീനം. ഒരു രാജ്യത്തിന്റെ തലവനെ സ്വന്തം കൈപ്പിടിയിലൊതുക്കിയിരിക്കുന്ന മസ്‌കിന് ഇതല്ല ഇതിനപ്പുറം കഴിയും എന്നതില്‍ സംശയമില്ല. എന്നാല്‍ സ്വന്തം രാജ്യത്തെയും ഭരണ സംവിധാനങ്ങളെയും ഒരു സ്വകാര്യ വ്യക്തിക്ക് തീറെഴുതി കൊടുത്തിട്ട് ട്രംപ് നടത്തുന്ന കൈവിട്ട കളി ഒരിക്കലും നല്ലതിനാവില്ല. മസ്‌കിന്റെ സ്വരമായി മാറിയിരിക്കുന്നത് ഇവിടെ സത്യത്തില്‍ ട്രംപാണ്. ചൈനയുമായുള്ള യുദ്ധം നടന്നാല്‍ അതെങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചുള്ള സൈന്യത്തിന്റെ രഹസ്യ പദ്ധതികള്‍ (ഓപ്പറേഷന്‍ പ്ലാനുകള്‍ അഥവ ഒ-പ്ലാനുകള്‍) ആണ് പെന്റഗണില്‍ ചര്‍ച്ച ചെയ്യുന്നത്. അതീവ രഹസ്യവും സങ്കീര്‍ണവുമായ സൈനിക പദ്ധതികളാണിവ. അത്തരം കാര്യങ്ങള്‍ മസ്‌കുമായി പങ്കിടുന്നത് ദേശീയ സുരക്ഷയെയും രഹസ്യസ്വഭാവത്തെയും കുറിച്ചുള്ള ആശങ്കകളും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.

മസ്‌കിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ട്രംപിനെ വിശ്വസിച്ച് എത്ര കാലം അമേരിക്കയിലെ ജനങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് കണ്ടറിയുക തന്നെ വേണം. അതും മസ്‌കിന്റെ നയങ്ങളിലൂടെ രാജ്യം അലോസരപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍. പ്രസിഡന്റ് ട്രംപിന്റെ ഉപദേഷ്ടാവ് എന്ന നിലയിലാണ് മസ്‌ക് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗമായി നില്‍ക്കുന്നത്. അതുമാത്രമല്ല ചൈനയുമായി വിപുലമായ ബിസിനസ് ബന്ധങ്ങള്‍ ഉള്ളയാളുമാണ് മസ്‌ക്. അതുകൊണ്ട് തന്നെ പെന്റഗണില്‍ നടക്കുന്ന രഹസ്യ ചര്‍ച്ചയിലെ മസ്‌കിന്റെ ഇടപെടല്‍ അദ്ദേഹത്തിന്റെ വിരുദ്ധ താല്‍പ്പര്യങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. സ്പേസ്എക്സിന്റെയും ടെസ്ലയുടെയും സിഇഒ എന്ന നിലയില്‍ മസ്‌കിന് ചൈനയില്‍ കാര്യമായ സാമ്പത്തിക താത്പര്യങ്ങളുണ്ട്. കൂടാതെ പെന്റഗണിന് സാങ്കേതിക സേവനങ്ങള്‍ നല്‍കുന്നതിലും മസ്‌കിന് പങ്കുണ്ട്. ഇത്രയും മതിയല്ലോ മസ്‌ക് എന്ന ബിസിനസ് തൈക്കൂണിന്റെ സ്വാധീനമറിയാന്‍.

20 മുതല്‍ 30 വരെയുള്ള ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടുത്തിയുള്ള ഒരു പവര്‍ പോയിന്റില്‍ കൂടിയാണ് ചൈനയ്ക്കെതിരായ സൈനിക പദ്ധതികള്‍ മസ്‌കിനെ കൂടി ഉള്‍പ്പെടുത്തുന്ന ചര്‍ച്ചയില്‍ അവതരിപ്പിക്കുന്നതെന്നാണ് വിവരം. ചൈനയുടെ സൈനിക ശേഷിയെ നേരിടുന്നതിനുള്ള അമേരിക്കന്‍ സൈന്യത്തിന്റെ തന്ത്രം, ഒരു സംഘര്‍ഷമുണ്ടായാല്‍ സൈനികരെയും ഉപകരണങ്ങളെയും വിഭവങ്ങളെയും വിന്യസിക്കുന്നതിനുള്ള അമേരിക്കന്‍ സൈന്യത്തിന്റെ പ്രവര്‍ത്തന പദ്ധതികള്‍, ചൈനയുടെ സൈനിക ശേഷികളെയും ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള അമേരിക്കന്‍ സൈന്യത്തിന്റെ വിലയിരുത്തലുകള്‍ വിശദീകരിക്കുന്ന ഇന്റലിജന്‍സ് വിലയിരുത്തലുകള്‍ എന്നിവ ചര്‍ച്ചയില്‍ അവതരിപ്പിക്കും. ദേശീയ സുരക്ഷയെ സംബന്ധിച്ചതും തീര്‍ത്തും സെന്‍സിറ്റീവ് ആയതുമായ വിവരങ്ങള്‍ ഒരു സ്വകാര്യ വ്യക്തിയുമായി പങ്കിടുന്നതിലെ അപകടസാധ്യതകളെക്കുറിച്ചാണ് ആശങ്കയുണ്ടായിരിക്കുന്നത്.

Also Read:ധാതു ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണം, ചൈനയെ ഒതുക്കണം, യുക്രെയ്‌നിലും കണ്ണ് വെച്ച് ട്രംപ്

Donald Trump

അതീവ രഹസ്യമായ സൈനിക പദ്ധതികളെക്കുറിച്ച് പ്രത്യേകിച്ച് ചൈനയുമായുള്ള യുദ്ധ സാധ്യതയെ സംബന്ധിച്ച് ഇലോണ്‍ മസ്‌കിന് വിവരം നല്‍കുന്നത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മേല്‍ മസ്‌കിനുള്ള സ്വാധീനം വര്‍ദ്ധിക്കുന്നതിന്റെ തെളിവാണ്. ഈ നീക്കം മസ്‌കിന് അമേരിക്കയില്‍ എന്തുമാകാമെന്ന ലൈസന്‍സ് കൊടുക്കുക മാത്രമല്ല ചെയ്യുന്നത്, ഡോജ് തലവന്‍ എന്ന നിലയില്‍ ഭരണകൂടത്തിലെ പരമപ്രധാനിയായി അവരോധിക്കല്‍ കൂടിയാണ് എന്നതില്‍ സംശയമില്ല. സര്‍ക്കാരുമായി ബന്ധപ്പെട്ട കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ബിസിനസുകള്‍ നടത്തുന്നൊരാളാണ് മസ്‌ക്. അതേയാള്‍ തന്നെയാണ് ഫെഡറല്‍ ബ്യൂറോക്രസിയില്‍ തന്റെ താത്പര്യങ്ങള്‍ വ്യാപകമായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും. പെന്റഗണിനായി മസ്‌കിന്റെ കമ്പനികള്‍ക്ക് ബിസിനസ് ഡീലുകളുണ്ട്. അതുപോലെ, ചൈന മസ്‌കിന്റെ പ്രധാനപ്പെട്ടൊരു ബിസിനസ് കേന്ദ്രമാണ്. അങ്ങനെ വരുമ്പോള്‍ ഒരു യുദ്ധസാധ്യത മസ്‌കിനെ വ്യക്തിപരമായി ബാധിക്കും. അവിടെയാണ് ചൈനയുമായി സാധ്യതയുള്ള ഒരു യുദ്ധത്തെ സംബന്ധിച്ച് അതീവരഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ മസ്‌കിനും പങ്കുവയ്ക്കപ്പെടുന്നതിന്റെ പ്രശ്നം ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ട്രംപിന് തൊട്ടുപിന്നില്‍ അമേരിക്കയിലെ ഏറ്റവും ശക്തനായ രാഷ്ട്രീയക്കാരനായി ഉയര്‍ന്നുവന്നിരിക്കുന്ന മസ്‌ക്, 2024 ലെ അമേരിക്കന്‍ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ട്രംപിനു വേണ്ടി ബില്യണ്‍ കണക്കിന് ഡോളറുകളാണ് മസ്‌ക് ചെലവഴിച്ചത്. ഈ നന്ദിയാണ് ഇപ്പോള്‍ ട്രംപ് കാണിക്കുന്നതും. ട്രംപിനൊപ്പം ഒരു പ്രബല ശക്തിയായി മസ്‌ക് മാറിയെന്നതാണ് വസ്തുത. എന്നാല്‍, അമേരിക്കന്‍ സര്‍ക്കാരിന്റെ നിയന്ത്രണം പ്രായോഗികമായി പിടിച്ചെടുത്തിട്ടും മസ്‌കിന്റെ തീരുമാനമെടുക്കല്‍ അധികാരങ്ങള്‍ അനിശ്ചിതത്വത്തിലാണ്. ഈ ഒരു സാഹചര്യത്തിലാണ് ചൈനയുമായി ബന്ധപ്പെട്ട അടിയന്തിര വിഷയങ്ങള്‍ പെന്റഗണ്‍ മസ്‌കിനെ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം. ഇലോണ്‍ മസ്‌കിനെ പെന്റഗണിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ പ്രതിരോധ വകുപ്പ് ആവേശത്തിലാണെന്ന് പെന്റഗണിന്റെ മുഖ്യ വക്താവ് ഷോണ്‍ പാര്‍നെല്‍ ദി ടൈംസിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

Also Read:ഇസ്രയേലിന്റെ താളം തെറ്റുന്നു, ഭരണകൂടത്തോട് കടുത്ത എതിര്‍പ്പ്, രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക്

Elon Musk

പെന്റഗണിന്റെ യുദ്ധ പദ്ധതികള്‍ ഒപ്പറേഷന്‍ പ്ലാന്‍സ് അഥവ ഒ-പ്ലാന്‍സ് എന്നാണ് അറിയപ്പെടുന്നത്. ഇവ തീര്‍ത്തും രഹസ്യസ്വഭാവമുള്ളതും ഒരിക്കലും പുറത്തുവിടാത്തവയുമായിരിക്കും. പദ്ധതികളുടെ പൂര്‍ണമായ സംരക്ഷണം ഉറപ്പു വരുത്തും. പൊതുമണ്ഡലത്തിലോ പുറത്തുനിന്നുള്ളൊരു വ്യക്തിക്കോ ചെറുവിവരം പോലും പങ്കുവയ്ക്കില്ല. ഒരു യുദ്ധം എങ്ങനെയാണ് അമേരിക്കന്‍ സൈന്യം കൈകാര്യം ചെയ്യാന്‍ പോകുന്നതെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഈ വിവരങ്ങള്‍. ആവിഷ്‌കരിക്കുന്ന യുദ്ധതന്ത്രങ്ങള്‍, സൈനികരുടെയും ആയുധങ്ങളുടെയും വിന്ന്യാസം എന്നിവയെല്ലാം ഇതില്‍ വിശദീകരിക്കും. ചൈനയില്‍ നിന്നും ഉണ്ടാകാന്‍ സാധ്യതയുള്ള ഭീഷണികള്‍, ചൈനയില്‍ ആക്രമിക്കേണ്ട പ്രത്യേക കേന്ദ്രങ്ങള്‍ (മിലട്ടറി ആസ്ഥാനങ്ങള്‍ ഉള്‍പ്പെടെ), അതുപോലെ ആക്രമണത്തിന്റെ വേഗവും ദൈര്‍ഘ്യവും ഉള്‍പ്പെടെ നിശ്ചയിക്കുന്ന സമയപരിധി, പ്രസിഡന്റിന്റെ അനുവാദത്തിനായി സമര്‍പ്പിക്കുന്ന കാര്യങ്ങള്‍ ഇവയെല്ലാം വിശദീകരിക്കും. ഇത്തരത്തിലുള്ള ഒപ്പറേഷന്‍ പ്ലാനുകളാണ് ഒരു സ്വകാര്യ വ്യക്തി മാത്രമായ ഇലോണ്‍ മസ്‌കുമായി പങ്കുവയ്ക്കാന്‍ പോകുന്നത്. ഇവയില്‍ ഏതെങ്കിലും വിവരം ചോര്‍ന്നാല്‍, അമേരിക്ക ആരുമായാണോ സംഘര്‍ഷത്തില്‍ ഏര്‍പ്പെടാന്‍ പോകുന്നത്, ആ വിദേശ രാജ്യത്തിന് അവരുടെതായ പദ്ധതികള്‍ അവിഷ്‌കരിക്കാന്‍ അവസരം കൊടുക്കുകയാണ്.

Share Email
Top