എക്‌സില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മസ്‌ക്: ഉപയോക്താക്കള്‍ക്ക് യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്തും

പുതിയ ഉപയോക്താക്കള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തുകയും ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നത് എക്‌സിനെ ഒരു പക്ഷേ ദോഷകരമായി ബാധിക്കാം.

എക്‌സില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മസ്‌ക്: ഉപയോക്താക്കള്‍ക്ക് യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്തും
എക്‌സില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മസ്‌ക്: ഉപയോക്താക്കള്‍ക്ക് യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്തും

മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നതായി റിപ്പോര്‍ട്ട്. എക്‌സിലെ ചില മാറ്റങ്ങള്‍ക്ക് ഇലോണ്‍ മസ്‌ക് ആസൂത്രണം ചെയ്യുന്നതായാണ് വിവരം. പ്രധാന ടൈംലൈനിലെ പോസ്റ്റുകളില്‍ നിന്ന് തീയതി സ്റ്റാമ്പുകള്‍ നീക്കം ചെയ്യലും പുതിയ ഉപയോക്താക്കള്‍ക്കായി എട്ട് ഡോളര്‍ സൈന്‍-അപ്പ് ഫീസും വരാനിരിക്കുന്ന അപ്ഡേറ്റുകളില്‍ ഉള്‍പ്പെടുന്നു. ഈ നിര്‍ദിഷ്ട മാറ്റങ്ങള്‍ വഴി എക്‌സിന്റെ പ്രവര്‍ത്തനക്ഷമതയും വരുമാന മാതൃകയും ഉയര്‍ത്തുക എന്നതാണ് മസ്‌കിന്റെ ലക്ഷ്യം. സൈന്‍-അപ്പ് ഫീസ്, എക്സിന്റെ സാമ്പത്തികം ശക്തിപ്പെടുത്തുന്നതിനുമുള്ള മസ്‌കിന്റെ തന്ത്രത്തിന്റെ ഭാഗമാണ്. കാരണം അദ്ദേഹം ഏറ്റെടുത്തതിനുശേഷം പരസ്യ വരുമാനം കുറഞ്ഞിരുന്നു.

പോസ്റ്റ് തീയതികളോട് വിട?

ടൈംലൈന്‍ പോസ്റ്റുകളില്‍ നിന്ന് തീയതികള്‍ നീക്കം ചെയ്യാനുള്ള ആശയം പ്ലാറ്റ്‌ഫോമിന്റെ ഘടനയില്‍ മെച്ചപ്പെടുത്താനുള്ള മസ്‌കിന്റെ ആഗ്രഹത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഉപയോക്താക്കള്‍ വ്യക്തിഗത പോസ്റ്റുകളില്‍ ക്ലിക്കുചെയ്യുമ്പോള്‍ തീയതികള്‍ ദൃശ്യമാകുമെങ്കിലും, പ്രധാന ടൈംലൈനില്‍ ഉള്ള ആ സവിശേഷത നഷ്ടമാകും. അതേസമയം, എക്‌സ് ജീവനക്കാര്‍ ഈ നീക്കത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു, ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും തെറ്റായ വിവരങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. മിക്ക ഉപയോക്താക്കളും വ്യക്തിഗത പോസ്റ്റുകളിലേക്ക് അപൂര്‍വ്വമായി മാത്രമാണ് ക്ലിക്കുചെയ്യുന്നത്. തീയതികളുടെ അഭാവം അവര്‍ കാണുന്ന വിവരങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടുത്തുമെന്ന് ഇവര്‍ പറയുന്നു.

Elon Musk

Also Read; തനിക്കെതിരെയുള്ള കേസുകളെ ഇല്ലാതാക്കി ട്രംപ്

വ്യക്തിഗത വിവരങ്ങള്‍ നല്‍കുകയും സംഭാഷണങ്ങള്‍ തത്സമയം ട്രാക്ക് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുകയും ചെയ്യുന്ന ഈ സവിശേഷത അതിന്റെ തുടക്കം മുതല്‍ ട്വിറ്ററിന്റെ ( എക്‌സ്) രൂപകല്‍പ്പനയുടെ പ്രധാന ഭാഗമാണ്. ഇത് നീക്കംചെയ്യുന്നത് പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കവുമായി ഉപയോക്താക്കള്‍ ഇടപഴകുന്നത് ഗണ്യമായി കുറയ്ക്കും.

8 ഡോളര്‍ സൈന്‍ അപ്പ് ഫീസ്

എക്‌സിനായി സൈന്‍ അപ്പ് ചെയ്യുന്ന എല്ലാ പുതിയ ഉപയോക്താക്കള്‍ക്കും 8 ഡോളര്‍ ഫീസ് ആണ് പരിഗണനയിലുള്ള മറ്റൊരു ശ്രദ്ധേയമായ മാറ്റം. എക്‌സിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ മസ്‌ക് ലക്ഷ്യമിടുന്നത്. ഇത് ആദ്യമായല്ല മസ്‌ക് യൂസര്‍ ഫീസില്‍ പരീക്ഷണം നടത്തുന്നത്. ഫിലിപ്പീന്‍സിലും ന്യൂസിലന്‍ഡിലും ആദ്യം ഈ ചെറിയ പരീക്ഷണം കൊണ്ടുവന്നിരുന്നു. പുതിയ ഉപയോക്താക്കള്‍ക്ക് നാമമാത്രമായ 1 ഡോളര്‍ ഫീസ് ആണ് അന്ന് ഉപയോക്താക്കള്‍ക്ക് മസ്‌ക് ഏര്‍പ്പെടുത്തിയിരുന്നത്. വിദ്വേഷ പ്രസംഗത്തെയും മറ്റ് നിന്ദ്യമായ ഉള്ളടക്കത്തെയും കുറിച്ചുള്ള ആശങ്കകള്‍ കാരണം നിരവധി പരസ്യദാതാക്കള്‍ എക്‌സ് വിട്ട് പോയിരുന്നു. ഈ ഒരു വരുമാനം തിരിച്ചുപിടിക്കുക എന്നതാണ് ഇപ്പോള്‍ മസ്‌കിന്റെ ലക്ഷ്യം.

X Platform

Also Read:എ.ഐയുടെ സ്വാധീനം; കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യന് ജോലി നഷ്ടപ്പെടും

2022-ല്‍ മസ്‌ക് 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുത്തതിനുശേഷം, പ്ലാറ്റ്‌ഫോമില്‍ നാടകീയമായ മാറ്റങ്ങള്‍ സംഭവിച്ചു. ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീമിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 75 ശതമാനത്തിലധികം ജീവനക്കാരെ മസ്‌ക് വെട്ടിക്കുറച്ചിരുന്നു. കൂടാതെ ‘സ്വാതന്ത്ര്യത്തിന്റെ’ പേരില്‍ മോഡറേഷന്‍ നിയമങ്ങളില്‍ ഇളവ് വരുത്തി. ഈ നീക്കങ്ങള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

അതേസമയം, പുതിയ ഉപയോക്താക്കള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തുകയും ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നത് എക്‌സിനെ ഒരു പക്ഷേ ദോഷകരമായി ബാധിക്കാം. മാത്രമല്ല നിലവിലുള്ള ഉപഭോക്താക്കള്‍ എക്‌സില്‍ നിന്ന് ഒഴിഞ്ഞുപോകാനും സാധ്യതയുണ്ട്.

Share Email
Top