മലപ്പുറം: കാളികാവ് ഉദരംപൊയിലില്‍ രണ്ടരവയസ്സുകാരി ഫാത്തിമ നസ്‌റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പു പൂര്‍ത്തിയായി. ജയിലില്‍ക്കഴിയുന്ന കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഫായിസ് ആദ്യം കുറ്റം നിഷേധിച്ചു. കസ്റ്റഡിയില്‍ വാങ്ങിയതിനു ശേഷമുള്ള തെളിവെടുപ്പില്‍ ഫായിസ് കുറ്റം സമ്മതിക്കുകയായിരുന്നു. ചവിട്ടേറ്റാണ് കുട്ടി മരിച്ചതെന്ന് പ്രതി മൊഴി നല്‍കി.
വീട്ടിലുണ്ടായിരുന്ന പ്രതിയുടെ സഹോദരിയുടെ സാക്ഷിമൊഴികൂടി തെളിവെടുപ്പു വേളയില്‍ പോലീസിന് സഹായകമായി. വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ ഫായിസ് കുട്ടി ഇരുന്നിരുന്ന സ്ഥലവും തന്റെ ചവിട്ടേറ്റ് കുട്ടി തെറിച്ചുവീണ സ്ഥലവും കാണിച്ചുകൊടുത്തു. വിവാഹത്തിനു മുന്‍പ് ഭാര്യയുമായി ഫായിസ് പ്രണയത്തിലായിരുന്നു. 2023- ല്‍ ആണ് വിവാഹം നടന്നത്. 2021-ല്‍ വിവാഹവാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി ഭാര്യ നല്‍കിയ കേസ് ഫായിസിനെതിരേ നിലനില്‍ക്കുന്നുണ്ട്. കേസ് പിന്‍വലിക്കാന്‍ നിരന്തരമായി ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. കേസ് പിന്‍വലിക്കാതിരുന്നതിന് ഭാര്യയെയും മര്‍ദിക്കാറുണ്ടായിരുന്നു.
ഭാര്യ നല്‍കിയ കേസ് വിചാരണാ ഘട്ടത്തിലേക്ക് നീങ്ങിയതതോടെ കുട്ടിക്കെതിരേ തിരിയാന്‍ തുടങ്ങി. മാര്‍ച്ച് 26-ന് വിചാരണയ്ക്ക് ഹാജരാകാന്‍ നോട്ടീസ് ലഭിച്ച ഫായിസ് വൈരാഗ്യം മൂത്ത് 24-ന് കുട്ടിയെ അക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ദൃക്‌സാക്ഷിയുടെയും പ്രതിയുടെയും മൊഴി ഒരു പോലെയാണെന്നും കേസില്‍ മറ്റാര്‍ക്കും ബന്ധമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കാളികാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ എം. ശശിധരന്‍പിള്ള പറഞ്ഞു. ഫായിസിനെ ഒരു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.