സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ കൊലപാതകം; പഞ്ചാബിൽ ആം ആദ്മി സർക്കാരിനെതിരെ തിരിഞ്ഞ് പ്രതിപക്ഷം

സംഭവത്തെ തുടർന്ന് എഎപി സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് ബിജെപി എംപി തരുൺ ചുഗ് പ്രതികരിച്ചത്. സംസ്ഥാനത്ത് കുറ്റവാളികളും മാഫിയ സംഘങ്ങളും വിലസുകയാണെന്നും യുവാക്കൾക്ക് സുരക്ഷിതത്വമില്ലാത്ത ഭയത്തിന്റെ അന്തരീക്ഷമാണ് പഞ്ചാബിൽ നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ കൊലപാതകം; പഞ്ചാബിൽ ആം ആദ്മി സർക്കാരിനെതിരെ തിരിഞ്ഞ് പ്രതിപക്ഷം
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ കൊലപാതകം; പഞ്ചാബിൽ ആം ആദ്മി സർക്കാരിനെതിരെ തിരിഞ്ഞ് പ്രതിപക്ഷം

പഞ്ചാബിലെ അമൃത്സറിൽ പ്രമുഖ എൽജിബിടിക്യു (LGBTQ+) ആക്ടിവിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മാഡ് സന്ധു വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. ഒക്ടോബർ 3ന് പകൽസമയത്ത് അമൃത്സറിൽ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മാഡ് സന്ധുവിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. ഈ ദാരുണമായ സംഭവം പഞ്ചാബിൽ തകർന്നടിഞ്ഞ ക്രമസമാധാന നിലയുടെ വ്യക്തമായ തെളിവാണെന്ന് ആരോപിച്ചുകൊണ്ട് ബിജെപിയും കോൺഗ്രസും സർക്കാരിനെതിരെ രംഗത്തെത്തി.

സംഭവത്തെ തുടർന്ന് എഎപി സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് ബിജെപി എംപി തരുൺ ചുഗ് പ്രതികരിച്ചത്. സംസ്ഥാനത്ത് കുറ്റവാളികളും മാഫിയ സംഘങ്ങളും വിലസുകയാണെന്നും യുവാക്കൾക്ക് സുരക്ഷിതത്വമില്ലാത്ത ഭയത്തിന്റെ അന്തരീക്ഷമാണ് പഞ്ചാബിൽ നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചാബിലെ ജനങ്ങൾ ദിനംപ്രതി കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നുവെന്നും ഭഗവന്ത് മാന്റെ രാഷ്ട്രീയ പരാജയങ്ങളാണ് സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഞ്ചാബിൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാൻ മടിക്കുന്ന അവസ്ഥയാണെന്നും മാഫിയകൾ ക്രമസമാധാനം കൈയിലെടുത്തിരിക്കുകയാണെന്നും ഡൽഹി ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസയും കൂട്ടിച്ചേർത്തു.

Also Read: ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയ ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചു! മാഡ് സന്ധുവിന്റെ കൊലപാതകത്തിൽ അന്വേഷണം

സോഷ്യൽ മീഡിയയിൽ മേക്കപ്പ് ആർട്ടിസ്റ്റായും കണ്ടന്റ് ക്രിയേറ്ററായും ശ്രദ്ധേയനായ മാഡ് സന്ധുവിന് ഇൻസ്റ്റാഗ്രാമിൽ 2.26 ലക്ഷത്തിലധികം ഫോളോവേഴ്‌‌സ് ഉണ്ടായിരുന്നു. ലിംഗപരമായ വിഷയങ്ങളിലും ഫാഷൻ തിരഞ്ഞെടുപ്പുകളിലും നിലപാടുകൾ വ്യക്തമാക്കിയിരുന്ന അദ്ദേഹത്തിന് ഓൺലൈനിൽ വലിയ വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് സന്ധുവിന്റെ വസ്ത്രധാരണത്തെയും കണ്ടന്റുകളെയും ചോദ്യം ചെയ്തുകൊണ്ട് ഒരു നിഹാങ് സിഖ് രംഗത്തെത്തിയിരുന്നു. ‘ഓയ് ബോലെ ഓയ്’ എന്ന പഞ്ചാബി ചിത്രത്തിലും സന്ധു അഭിനയിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ നടന്ന വധശ്രമത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് പോലീസ് ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

കൊലപാതകത്തിൽ എഎപി സർക്കാരിനെതിരെയുള്ള സമരം കടുപ്പിച്ച് കോൺഗ്രസ് നേതാവ് രാജ് കുമാർ വെർക്കയും രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധാന നില പൂർണ്ണമായും തകർന്നിട്ടും ഭഗവന്ത് മാന്റെ സർക്കാർ ഉറക്കത്തിലാണെന്നും ജനങ്ങൾ ഭീതിയുടെ നിഴലിലാണ് കഴിയുന്നതെന്നും അദ്ദേഹം ആരോപിച്ചു. വലിയ പരസ്യ ബോർഡുകളിലൂടെ സത്യസന്ധമായ ഭരണമെന്ന് അവകാശപ്പെടുന്ന അരവിന്ദ് കെജ്‌രിവാളോ ഭഗവന്ത് മാനോ ഈ ദാരുണ സംഭവത്തിൽ ഒരു വാക്കുപോലും സംസാരിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് വെർക്ക പറഞ്ഞു. മയക്കുമരുന്ന് മാഫിയയും അക്രമങ്ങളും തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ഒന്നടങ്കം ആരോപിക്കുന്നു.

Share Email
Top