പട്ന: വ്യവസായിയും ബിജെപി നേതാവുമായ ഗോപാൽ ഖേംക വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ബൈക്കിലെത്തിയ ഒരു അക്രമി ഖേംകയ്ക്ക് നേരെ വെടിയുതിർക്കുന്നതിനു ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ജൂലൈ 4 ന് രാത്രി 11 മണിയോടെ ഖേംകയുടെ വീട്ടിൽ നിന്ന് വെറും മീറ്ററുകൾ അകലെയാണ് കൊലപാതകം നടന്നത്. അന്വേഷണത്തിന്റെ നിർണായക ഭാഗങ്ങളായ ഈ ദൃശ്യങ്ങൾ പോലീസ് കൂടുതൽ നിരീക്ഷിച്ചു വരികയാണ്.
അതിനാൽ തന്നെ കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം പുറത്ത് വിട്ടിട്ടില്ല. അതേസമയം വൻ വിവാദത്തിന് കാരണമായ കൊലപാതകം വേഗത്തിൽ അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് ഡിജിപി വിനയ് കുമാർ പ്രഖ്യാപിച്ചു. കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം ഇപ്പോഴും വ്യക്തമല്ലെങ്കിലും, ബിസിനസ് വൈരാഗ്യങ്ങൾ, വ്യക്തിവൈരാഗ്യങ്ങൾ, മുൻകാല ഭീഷണികൾ എന്നിവ സാധ്യമായ കോണുകളായി പൊലീസ് പരിശോധിക്കുന്നുണ്ട്.
Also Read:ട്രേഡിങിന്‍റെ പേരില്‍ വൻ കവർച്ച; 1.3 കോടി രൂപ തട്ടിയെടുത്ത രാജസ്ഥാന്‍ സ്വദേശി പിടിയിൽ
2018 ൽ ഖേംകയുടെ മകൻ, ബിജെപി നേതാവും പാർട്ടിയുടെ ചെറുകിട വ്യവസായ സെല്ലിന്റെ സംസ്ഥാന കൺവീനറുമായ ഗുഞ്ചൻ ഖേംക ഹാജിപൂരിലെ അദ്ദേഹത്തിന്റെ ഫാക്ടറിയിൽ നടന്ന സമാനമായ ഒരു ആക്രമണത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ട് ആറ് വർഷങ്ങൾക്ക് ശേഷമാണ് ഈ വെടിവയ്പ്പ്.