റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ നിർണ്ണായക പോരാട്ടത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ കടുത്ത ആശങ്ക. നായകൻ ഹാർദിക് പാണ്ഡ്യയും താൽക്കാലിക നായകൻ സൂര്യകുമാർ യാദവും ടീമിനൊപ്പം റായ്പൂരിലേക്ക് യാത്ര ചെയ്തിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതോടെ ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ടീമിനെ ആര് നയിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
പുറംവേദനയെത്തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടമായ ഹാർദിക് പാണ്ഡ്യ ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. സൂര്യകുമാർ യാദവും ടീമിനൊപ്പം യാത്ര ചെയ്യാത്തത് നിഗൂഢത വർദ്ധിപ്പിക്കുന്നു. സീനിയർ താരങ്ങളുടെ അഭാവത്തിൽ മുൻ നായകൻ രോഹിത് ശർമ്മ നായകസ്ഥാനം ഏറ്റെടുത്തേക്കുമെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും ഹാംസ്ട്രിംഗ് പരിക്കിന്റെ അലട്ടലിലുള്ള അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ചോദ്യചിഹ്നമാണ്. കഴിഞ്ഞ മത്സരത്തിൽ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ രോഹിത് വെടിക്കെട്ട് പ്രകടനം നടത്തിയിരുന്നു. പ്രമുഖ താരങ്ങൾ മൂവരും കളിക്കാത്ത പക്ഷം യുവതാരം തിലക് വർമ്മയോ ജസ്പ്രീത് ബുംറയോ മുംബൈയെ നയിക്കേണ്ടി വരും. 10 മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ മാത്രമുള്ള മുംബൈയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ വരും മത്സരങ്ങളെല്ലാം ജയിച്ചേ തീരൂ.






