ശൈലജ ടീച്ചർക്ക് എതിരായി നടക്കുന്നത് കുപ്രചരണം, കണ്ണു നിറഞ്ഞു പോയ അനുഭവങ്ങളും ചൂണ്ടിക്കാട്ടി മുകേഷ്

ശൈലജ ടീച്ചർക്ക് എതിരായി നടക്കുന്നത് കുപ്രചരണം, കണ്ണു നിറഞ്ഞു പോയ അനുഭവങ്ങളും ചൂണ്ടിക്കാട്ടി മുകേഷ്

ടകരയും കൊല്ലവും ഉള്‍പ്പെടെ ഇടതുപക്ഷം വന്‍ വിജയം നേടുമെന്ന് നടനും കൊല്ലത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുമായ മുകേഷ്. ശൈലജ ടീച്ചര്‍ക്ക് എതിരായി നടക്കുന്നത് യു.ഡി.എഫിന്റെ കുപ്രചരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അതൊന്നും തന്നെ തിരഞ്ഞെടുപ്പില്‍ ഏശില്ല. ഇടതുപക്ഷത്തിന് എതിരെ പറയാന്‍ മറ്റൊന്നും തന്നെ ഇല്ലാത്തതു കൊണ്ടാണ് അവര്‍ ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നതെന്നും മുകേഷ് ചൂണ്ടിക്കാട്ടി.

എക്‌സ്പ്രസ്സ് കേരളാ പ്രതിനിധി ശ്രീരശ്മിക്ക് നല്‍കിയ പ്രതികരണം കാണുക.

കൊല്ലത്തെ ഇടതുപക്ഷത്തിന്റെ വിജയ പ്രതീക്ഷ ഇത്തവണ എത്രത്തോളമാണ് ?

ഇലക്ഷന്‍ പ്രഖ്യാപിച്ചത് മുതല്‍ ഏതൊക്കെ തരത്തിലുള്ള നെഗറ്റിവ് ക്യാമ്പയ്ന്‍സ് എല്‍.ഡി.എഫിന് എതിരായിട്ട് ചെയ്യാമോ അതെല്ലാം യു.ഡി.എഫും ബി.ജെ.പിയും ഒരു വിഭാഗം മാധ്യമങ്ങളും ചെയ്തു കൊണ്ടിരിക്കുകയാണ്. ആദ്യം പറഞ്ഞു ഏഴര മണിക്ക് തോല്‍ക്കും, പിന്നെ പറഞ്ഞത് ഒന്‍മ്പതര ആകും പിന്നെ പതിനൊന്നര ആകും പിന്നെ ഉച്ച ആയി പിന്നെ പറഞ്ഞു ടൈറ്റ് ഫൈറ്റ് ആണെന്ന്. ഇതെല്ലം പറഞ്ഞോട്ടെ, ഇതൊക്കെ സ്ഥിരമായിട്ട് പറയുന്ന കാര്യങ്ങളാണ്. ഞാന്‍ രണ്ടു തിരഞ്ഞെടുപ്പില്‍ വിജയിച്ച ആളാണ്, എന്റെ കാഴ്ചപ്പാടില്‍ അതിന്റെയൊക്കെ എത്രയോ മുകളിലാണ് ആവേശം ഇത്തവണയുണ്ട്. ഞാന്‍ ചില സിനിമകളില്‍ അഭിനയിക്കുമ്പോള്‍ കണ്ണൊക്കെ നിറയും. അതുപോലെ വണ്ടി വിടാന്‍ പോകുമ്പോഴേക്ക് വാക്കറില്‍ പിടിച്ചിട്ട് 80 വയസ്സുള്ള അമ്മമാര്, ഉൾപ്പെടെ പോകല്ലേ എന്ന് പറയുന്ന ഒരു കാഴ്ച്ച ഞാന്‍ വേറൊരു സ്ഥാനാര്‍ത്ഥിക്കും കണ്ടിട്ടില്ല, വേറൊരു ഇലക്ഷനും കണ്ടിട്ടുമില്ല. അപ്പോള്‍ ഞാന്‍ വണ്ടിയിലിരുന്ന് ആലോചിക്കുന്നത് ഇവരൊക്കെ എനിക്ക് ഷെയ്ക്ക് ഹാന്‍ഡും തന്ന് കെട്ടിപിടിച്ചിട്ട് ചിലപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യുവായിരിക്കുമോ എന്നതാണ്. അങ്ങനെ സംഭവിച്ചാൽ മാത്രമേ എൻ്റെ എതിർ സ്ഥാനാർത്ഥിക്ക് വിജയപ്രതീക്ഷ വരേണ്ട കാര്യമുള്ളൂ. അത്രയ്യക്കും വികാരാധീനമായിട്ടുള്ള ഒരു വിജയ പ്രതീക്ഷയാണ് ഇത്തവണ എനിക്കുള്ളത്.

ഇത്തരത്തില്‍ പ്രതീക്ഷവയ്ക്കാനുള്ള പ്രധാനപ്പെട്ട കാരണം എന്താണ് ?

പ്രധാനപ്പെട്ട കാരണം എന്ന് പറഞ്ഞാല്‍, നമ്മുടെ എല്‍.ഡി.എഫിന്റെ ഭാഗത്തു നെഗറ്റീവ് ഇല്ല എന്നതാണ്. ശരിക്കും പറഞ്ഞാല്‍ ഭരണത്തെക്കുറിച്ച് തെറ്റ് പറയാനാകില്ല. പിന്നെ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നം വന്നിട്ടുണ്ടെങ്കില്‍ അതെല്ലാം തന്നെ, കേന്ദ്ര ഗവണ്‍മെന്റിന്റെ കുഴപ്പമാണെന്നുള്ളത് സാധാരണക്കാര്‍ക്കും പെന്‍ഷന്‍ മേടിക്കുന്ന പ്രായമായ അമ്മമാര്‍ക്ക് വരെ മനസ്സിലായിക്കഴിഞ്ഞു. പ്രതിപക്ഷത്തിന് പരാജയ ഭീതി ഉണ്ടെന്നുള്ളത് എനിക്ക് മനസ്സിലായത് അവരുടെ അടുപ്പക്കാരായ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ സർവ്വേ ഫലം ആണ്. എക്‌സിറ്റ് പോളിൽ എല്ലാം എത്രയോ ശതമാനത്തിന് ഇടതുപക്ഷമൊക്കെ താഴെയാണ്. ഇവര് ഇരുപതില്‍ ഇരുപത്, ഇരുപതില്‍ പതിനെട്ട് ഇങ്ങനെയൊക്കെ പറയുമ്പോള്‍ മനസ്സിലാക്കിക്കോണം, അത് നടക്കില്ലന്നത്.കഴിഞ്ഞ പ്രാവശ്യത്തെ അഭിപ്രായ സർവേ നോക്കിയാൽ രണ്ടു പ്രാവശ്യം ഞാന്‍ തോറ്റ ആളാണ്. കഴിഞ്ഞ പ്രാവശ്യം എക്സിറ്റ് പോൾ ഫലം വന്ന രാവിലെ തന്നെ ഞാൻ തോറ്റു. എന്നാൽ യഥാർത്ഥ ഫലം വന്നപ്പോൾ ഞാനുൾപ്പെടെ 99 പേരാണ് ജയിച്ച് കയറിയത്.

ഇപ്പോള്‍ തൃശൂര്‍ പൂരത്തിൽ കുഴപ്പമുണ്ടാക്കാൻ ചില ആള്‍ക്കാര്‍ അതിനകത്തു നുഴഞ്ഞു കയറി, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സർക്കാർ എന്തായാലും സ്ഥലം മാറ്റിയിട്ടുണ്ട്. അവിടെ ഒരു ശബരിമല ടൈപ്പ് വിവാദം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇത് ഭയങ്കര കഷ്ടമാണ്, ഭക്തജനങ്ങള്‍ എന്നൊക്കെ പറയുന്നു…ശരിക്കും വിഷമം തോന്നുകയാണ് .ശെരിക്കും ഇതാണോ ഇലക്ഷന്‍ ,ഏതൊക്കെ തരത്തില്‍ സല്‍ പ്രവര്‍ത്തികളും, നല്ല കാര്യങ്ങളും പറഞ്ഞു ആള്‍ക്കാരെ സ്വാധീനിച്ചു വോട്ട് പിടിക്കാം. അത് ചെയ്യാതെ മുതലെടുപ്പിനാണ് കേരളത്തിലെ പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നത്. ഈ നാടിനെ സംഘര്‍ഷഭരിതമാക്കി വഴക്കും അടിയും ഉണ്ടാക്കിയിട്ട് ഇലക്ഷന്‍ ജയിക്കാനുള്ള ഒരു തന്ത്രമായി ഉപയോഗിക്കാനാണ് യു ഡി എഫും ബി ജെ പിയും ശ്രമിക്കുന്നത്. അതെല്ലാം ജനങ്ങള്‍ തിരിച്ചറിയുമെന്നതിൽ യാതൊരു സംശയവുമില്ല .

ശൈലജ ടീച്ചറിനെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണല്ലോ ഇപ്പോള്‍ നടക്കുന്നത് ,അതിനെതിരെ എന്താണ് താങ്കളുടെ പ്രതികരണം ?

വ്യാജ പ്രചരണങ്ങൾ എല്ലാം തന്നെ പരാജയം ആണ്, അത് കേരളം വകവച്ച് കൊടുക്കില്ല.. വടകരയില്‍ ശൈലജ ടീച്ചറിനെപ്പോലെ ഒരു ആള് വിജയിക്കണമെന്നത് എല്ലാവരും ആഗ്രഹിക്കുന്നതാണ്. ശൈലജ ടീച്ചര്‍ വിജയിക്കണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു സമയത്താണ് വ്യാജ പ്രജരണങ്ങൾ എതിരാളികൾ ഉണ്ടാക്കിയിരിക്കുന്നത്. എനിക്ക് തോന്നുന്നത് ഇത് രഹസ്യ മീറ്റിങ്ങുകളിലെ തീരുമാനമായിരിക്കും എന്നാണ്. അവരുടെ എല്ലാ മീറ്റിങ്ങും രഹസ്യമായിരിക്കും യു ഡി എഫിനും ബിജെപിയ്ക്കും എല്ലാം അതു തന്നെയാണ്. തന്ത്രങ്ങള്‍ മെനയുക എന്നാണ് പറയുന്നത്, അതിനകത്തു ഒരു ‘കു ‘ എന്ന് കൂടി ചേര്‍ക്കണം കുതന്ത്രങ്ങളാണിത്., എങ്ങനെ ഒരാളെ ഡീഫെയിം ചെയ്യാം, എങ്ങനെ ഒരാളെ ഇല്ലാതാക്കാം എന്നതാണ് നോക്കുന്നത്.

ആ സമയം കൊണ്ട് ജനങ്ങളുടെ ഇടയില്‍ മോഹന വാഗ്ദാനങ്ങളും കപട വാഗ്ദാനങ്ങളും എല്ലാം അവർ പറയും. ഇതാണ് സ്ഥിതി. ഏതെങ്കിലും കാലത്തു നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍, ഇപ്പോ മഹാത്മാ ഗാന്ധിയുടെയൊക്കെ പേരില്‍ വോട്ട് പിടിച്ചൂടേ, ജവാഹര്‍ലാല്‍ നെഹ്രുവിന്റെ പേരില്‍ വോട്ട് പിടിച്ചൂടേ ? അതൊക്കെ അവര്‍ക്ക് നല്ല സല്‍പ്രവര്‍ത്തികള്‍ ചെയ്ത ആള്‍ക്കാരല്ലേ, ഈ സല്‍പ്രവര്‍ത്തികള്‍ ഒന്നുമില്ലാത്ത ഒരാള്‍ ഒന്ന് പറയുന്നു, പ്രസിഡന്റ് ഒന്ന് പറയുന്നു പ്രതിപക്ഷ നേതാവ് ഒന്ന് പറയുന്നു അംഗങ്ങള്‍ ഒന്ന് പറയുന്നു, എ ഐ സി സി മെമ്പര്‍ ഒന്ന് പറയുന്നു. ഇതല്ല അത് അതല്ല… എന്നൊക്കെ പറഞ്ഞല്ലേ നമ്മുടെ കണ്മുന്നില്‍ അവർ നില്‍ക്കുന്നത്. പ്രതിപക്ഷത്തെ ഒരു കാരണവശാലും വിശ്വസിക്കാൻ പറ്റത്തില്ല. തീർച്ചയായും ശൈലജ ടീച്ചർക്ക് എതിരെ നടന്ന പ്രചരണം നമ്മള്‍ അപലപിക്കേണ്ട ഒരു സംഭവം തന്നെയാണ്.

എം.പി ആയി വിജയിച്ചു കഴിഞ്ഞാല്‍ തങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് എന്താണ് പ്രതീക്ഷിക്കാന്‍ കഴിയുന്നത് ?

എല്ലാം പ്രതീക്ഷിക്കാം. കൊല്ലത്തെ സംബന്ധിച്ചിടത്തോളം എന്തെക്കെ ജീവിത സാഹചര്യങ്ങള്‍ ഒരു എം പിയ്ക്ക് അതും നാട്ടില്‍ കേരളത്തില്‍ എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ഇനിയും രണ്ടു കൊല്ലം കൂടി ഉണ്ട്, അത് കഴിഞ്ഞാലും എല്‍ഡിഎഫ് വരുമെന്നാണ് നമ്മുടെ നാട്ടുകാരുടെയൊക്കെ പ്രതീക്ഷ. അപ്പോള്‍ അതും കൂടി ചേര്‍ന്നിട്ട് എന്റെയൊരു കാഴ്ചപ്പാടെന്നു പറഞ്ഞാല്‍ ഈ കോണ്‍സ്റ്റിട്യൂണ്‍സിയിലുള്ള ഏഴ് എംഎല്‍എമാരെയും ഒപ്പം കൂട്ടി എന്തൊക്കെ ചെയ്യാന്‍ സാധിക്കും അതൊക്കെ ചെയ്യും. അങ്ങനെയൊരു മുന്നേറ്റമാണ് ഞാൻ ആഗ്രഹിക്കുന്നതും പ്ലാന്‍ ചെയ്യുന്നതും.

പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം എക്‌സ്പ്രസ്സ് കേരള വീഡിയോയില്‍ കാണുക

Top