മലപ്പുറം: നിലമ്പൂരില്‍ രാഷ്ട്രീയ പോരാട്ടം അവസാനിപ്പിച്ച് മതപരമായ പോരാട്ടത്തിനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് എം ടി രമേശ്. വോട്ട് ബാങ്ക് രാഷ്ട്രീയം മുന്‍നിര്‍ത്തിയുള്ള മതപരമായ ചര്‍ച്ചകളാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും നടത്തുന്നത്. മലപ്പുറത്ത് മതം മാത്രമേ പറയാവൂ എന്ന നിലപാടിലേക്ക് എല്‍ഡിഎഫും യുഡിഎഫും എത്തിയിട്ടുണ്ടോയെന്നും എം ടി രമേശ് ചോദിച്ചു. എന്തുകൊണ്ട് നിലമ്പൂരിന്റെ വികസനം ചര്‍ച്ചയാകുന്നില്ലെന്ന ചോദ്യവും ബി ജെ പി നേതാവ് ഉന്നയിച്ചു. മതമൗലികവാദികളെയും തീവ്രവാദികളെയും കൂട്ടുപിടിച്ച് മതാത്മക രാഷ്ട്രീയം കൊണ്ടുവരാനാണ് ശ്രമം. പിഡിപിയില്‍ വന്ന മാറ്റമെന്താണെന്ന് ചോദിച്ച എം ടി രമേശ്, ആരാണ് പിഡിപിയെ പീഡിപ്പിച്ചതെന്നും ചോദിച്ചു. മദനിക്കെതിരായ കേസ് ഒഴിവായിട്ടുണ്ടോയെന്ന ചോദ്യവും ബി ജെ പി നേതാവ് ഉന്നയിച്ചു.
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദം ഉപേക്ഷിച്ചെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. അങ്ങനെ ഏത് നേതാക്കളാണ് പറഞ്ഞതെന്ന് സതീശന്‍ വ്യക്തമാക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് വി ഡി സതീശനുള്ള നിലപാടാണോ ഹൈക്കമാന്‍ഡിനുള്ളത്. പഹല്‍ഗാം സംഭവത്തെ പോലും ജമാഅത്തെ ഇസ്ലാമി അപലപിച്ചിട്ടില്ല. കേന്ദ്രം ഏറ്റവും കൂടുതല്‍ പണം നിക്ഷേപിച്ച പല മേഖലകളും മലപ്പുറത്താണ്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും എം ടി രമേശ് വെല്ലുവിളിക്കുകയും ചെയ്തു.