കോഴിക്കോട്: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി എം ടി രമേശ്. സിനിമയെ സിനിമയായി കണ്ടാല്‍ മതി. അതിനുള്ള സാമാന്യബുദ്ധിയും ബോധവും കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. ഗുജറാത്ത് കലാപം കഴിഞ്ഞിട്ട് എത്ര വെള്ളം ഒഴുകി പോയി. തങ്ങള്‍ ഒരു സിനിമയും ബഹിഷ്‌കരിച്ചിട്ടില്ല. സിനിമ കണ്ടിട്ട് അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എം ടി രമേശ് പറഞ്ഞു.
അതേസമയം, വയനാട് ചൂരല്‍മല, മുണ്ടക്കൈ ദുരിതബാധിതര്‍ക്കായി ഉയരുന്ന ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സന്നദ്ധ പ്രവര്‍ത്തകരേയും ബിജെപിയേയും കാര്യമായി ക്ഷണിച്ചില്ലെന്ന വിമര്‍ശനവും എം ടി രമേശ് ഉന്നയിച്ചു. വയനാട്ടില്‍ ഇന്ന് നടന്നത് ഏകപക്ഷീയമായ പരിപാടിയാണ്. പേരിനുള്ള ഒരു പരിപാടി. ദുരന്ത ബാധിതരെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണ്. പുനരധിവാസം വൈകിയത് എന്തുകൊണ്ട് എന്നതിന് മുഖ്യമന്ത്രി മറുപടി പറയണം.
Also Read:‘ടൗണ്‍ഷിപ്പ് ജീവിതം തിരിച്ച് പിടിക്കാനുള്ള ആദ്യ ചുവട്’; പ്രിയങ്ക ഗാന്ധി
പണം ഉണ്ടായിട്ടും പുനരധിവാസ നടപടി വൈകി. ഇരകളെ മുഖ്യമന്ത്രി ശത്രുക്കളായി കാണുന്നു. ലിസ്റ്റ് പൂര്‍ണമല്ല, പിന്നെ എങ്ങനെയാണ് വീട് നല്‍കുന്നത്. 170 പേര്‍ക്ക് വീട് ഉണ്ടാക്കി നല്‍കും എന്ന് പറയുന്നു. എന്നാല്‍ ഇരകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല. തറക്കല്ലിടല്‍ കബളിപ്പിക്കലാണെന്നും കേന്ദ്രം നല്‍കിയ 111 കോടി രൂപ ലാപ്‌സാവും എന്ന് കണ്ടാണ് പെട്ടെന്ന് തറക്കല്ലിടല്‍ നടത്തിയതെന്നും എം ടി രമേശ് ആരോപിച്ചു.
കേന്ദ്രത്തിന്റെ പണം വാങ്ങിയാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രം 580 കോടി നല്‍കി. മൊത്തം 800 കോടിയാണ് കേന്ദ്രം നല്‍കിയിട്ടുള്ളത്. ഇതില്‍ 70% വയനാടിന് ചെലവിടുമെന്ന് വ്യക്തമാക്കിയതാണ്. പുനരധിവാസത്തിനായി 2 എസ്റ്റേറുകള്‍ ഏറ്റെടുക്കണം. അത് പോലും പൂര്‍ത്തിയായിട്ടില്ലെന്നും എം ടി രമേശ് മാധ്യമങ്ങളോട് സംസാരിക്കവെ വിമര്‍ശിച്ചു.