സിനിമാ താരം കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം

സിനിമാ താരം കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം

ചാരുംമൂട്: സിനിമാതാരം കുടശ്ശനാട് കനകത്തിനും ഇനി സ്വന്തമായി വീട്. കൊച്ചുമകളുടെ ചികിത്സാച്ചെലവുകളുമായി ബന്ധപ്പെട്ട് സ്വന്തമായി ഉണ്ടായിരുന്ന വീടുംസ്ഥലവും വില്‍ക്കേണ്ടിവന്നതിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി കനകം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ വീടുനിര്‍മാണത്തിനുള്ള സര്‍ക്കാര്‍ പദ്ധതികളിലൊന്നും പരിഗണിക്കപ്പെട്ടില്ല.

കസ്തൂര്‍ബാ ഗാന്ധിഭവന്‍ ഡയറക്ടര്‍ കുടശ്ശനാട് മുരളിയുടെ നേതൃത്വത്തില്‍ കോട്ടയം ദേവലോകം അരമനയിലെത്തി ബസ്സേലിയോസ് മര്‍ത്തോമ മാത്യൂസ് തൃതീയന്‍ ബാവക്കു നല്‍കിയ നിവേദനത്തെത്തുടര്‍ന്ന് വീടുനിര്‍മാണത്തിനായി എട്ടുലക്ഷം രൂപ മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റി വഴി അനുവദിച്ചു. ഇതിനിടെ സിനിമയില്‍ നിന്നുള്ള വരുമാനംകൊണ്ട് കനകം സ്വന്തമാക്കിയ 2.75 സെന്റ് ഭൂമിയില്‍ വീടു നിര്‍മിക്കുകയായിരുന്നു.

മൂന്നുമാസം കൊണ്ടു നിര്‍മാണം പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശം നടത്തി. ആര്‍ദ്ര വൈസ് ചെയര്‍മാന്‍ ഫാ. വില്‍സണ്‍ മണലേത്ത്, ഫാ. ഡാനിയല്‍ പുല്ലേലില്‍, ഫാ. വില്‍സണ്‍ ശങ്കരത്തില്‍, ഫാ. ടിനോ തങ്കച്ചന്‍, ഐ.സി. തമ്പാന്‍, സിബി കെ. വര്‍ക്കി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വെഞ്ചരിപ്പ് ചടങ്ങുകള്‍ നടന്നത്. പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, പ്രമോദ് നാരായണന്‍ എം.എല്‍.എ, സംവിധായകരായ വിപിന്‍ദാസ്, അനു പുരുഷോത്തം, പ്രൊഡ്യൂസര്‍ രാജേഷ്, കെ. ശശികുമാര്‍, താജ് പത്തനംതിട്ട, അടൂര്‍ ശശാങ്കന്‍, ജോണ്‍ ഡാനിയല്‍, പ്രഭ വി. മറ്റപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

Top