സമൂഹമാധ്യമങ്ങളിൽ ദിവസേനയെത്തുന്ന ഭക്ഷണ പരീക്ഷണങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി പുതിയൊരു വിഭവം കൂടി ഓൺലൈൻ ലോകത്തിന്റെ മനംകവരുകയാണ്. വെള്ളരിക്കയുടെ തണുപ്പാർന്ന ഫ്രെഷ്നെസ്സും പുളിയുടെയും എരിവിന്റെയും തീവ്രമായ രുചിക്കൂട്ടും ഒത്തുചേരുന്ന ‘കുക്കുമ്പർ ഇംലി ഷോട്ട്’ ആണ് ഇപ്പോൾ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കിടയിൽ വൻ തരംഗമായിരിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം ഈ കൗതുകകരമായ ഫൂഡ് ട്രെൻഡ് ഏറ്റെടുത്തിരിക്കുന്നത്.
ആവശ്യമായ ചേരുവകൾ
വെള്ളരിക്ക,പുളി,ഉപ്പ്,മുളകുപൊടി,ചാറ്റ് മസാല,ജീരകപ്പൊടി,നാരങ്ങ,വെള്ളം.
തയ്യാറാക്കുന്ന വിധം
ആദ്യം വെള്ളരിക്ക നന്നായി കഴുകി തൊലി കളഞ്ഞ ശേഷം, കുത്തനെ നിർത്തി അനുയോജ്യമായ വലുപ്പത്തിൽ മുറിക്കുക. തുടർന്ന് ഇതിന്റെ ഉൾഭാഗത്തെ കാമ്പും കുരുവും തുരന്നെടുത്ത് അടിഭാഗം ചോർന്നുപോകാത്ത വിധം ഒരു ‘ഷോട്ട് ഗ്ലാസ്’ പരുവത്തിലാക്കി മാറ്റണം.
ഇതിനുശേഷം പുളിയുടെ പുറംതോട് നീക്കി അതിലേക്ക് ആവശ്യത്തിന് ഉപ്പ്, മുളകുപൊടി, ചാറ്റ് മസാല, പൊടിച്ചെടുത്ത ജീരകപ്പൊടി, അൽപം വെള്ളം എന്നിവ ചേർത്ത് എരിവും പുളിയുമുള്ള ഒരു പേസ്റ്റാക്കി മാറ്റുന്നു. മാറ്റിവച്ച വെള്ളരിക്കയുടെ കാമ്പും ഈ പുളി മിശ്രിതത്തിലേക്ക് ചേർത്ത് നന്നായി ഇളക്കിയ ശേഷം, ഇത് വെള്ളരിക്ക ഗ്ലാസിനുള്ളിലേക്ക് നിറയ്ക്കുക. ഒടുവിൽ മുകളിൽ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച്, കാഴ്ചയിൽ കൂടുതൽ ആകർഷകത്വം നൽകാൻ വെള്ളരിക്കയുടെ വക്കുകളിൽ മുളകുപൊടി കൂടി പുരട്ടുമ്പോൾ സ്വാദിഷ്ടമായ കുക്കുമ്പർ ഇംലി ഷോട്ട് തയാർ.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






