സംസ്ഥാനത്ത് റോഡ് അപകടമരണങ്ങളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സംസ്ഥാനത്ത് റോഡ് അപകടമരണങ്ങളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടമരണങ്ങളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ്. 2023ലെ റോഡപകടങ്ങളുടെ കണക്ക് പുറത്തു വരുമ്പോള്‍ അപകട മരണങ്ങള്‍, 2022ലെ 4317 എന്ന നമ്പറില്‍ നിന്ന് 4010 ആയി കുറഞ്ഞിട്ടുണ്ടെന്ന് എംവിഡി അറിയിച്ചു. എഐ ക്യാമറകള്‍ സ്ഥാപിച്ചതും അപകട മരണങ്ങള്‍ കുറയാനുള്ള കാരണമായിട്ടുണ്ട്. ഭൂരിഭാഗം ആളുകളും ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ശീലമാക്കാന്‍ തുടങ്ങിയത് നല്ല പ്രതീക്ഷയാണ് നല്‍കുന്നതെന്നും എംവിഡി അറിയിച്ചു.

2020 ന്റെ തുടക്കത്തില്‍ ഒരു കോടി നാല്‍പത് ലക്ഷമുണ്ടായിരുന്ന വാഹനങ്ങളുടെ എണ്ണം നിലവില്‍ ഒന്നേമുക്കാല്‍ കോടിയോടടുക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു കുറവ് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം പകുതിയോടെ പ്രവര്‍ത്തനമാരംഭിച്ച Al ക്യാമറ നല്ലൊരു പരിധി വരെ അപകട മരണങ്ങള്‍ കുറയാനുള്ള കാരണമായിട്ടുണ്ട്. കൂടാതെ മോട്ടോര്‍ വാഹന വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നടത്തുന്ന എന്‍ഫോര്‍സ്മെന്റ്, റോഡുസുരക്ഷാ പ്രവര്‍ത്തനങ്ങളും അപകടങ്ങള്‍ കുറയാന്‍ സഹായകമായി. ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ അപകടങ്ങളും മരണവും ഇനിയും കുറക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഇതില്‍ നിന്നു മനസിലാവുന്നത്. അതിനായി മുഴുവന്‍ ജനങ്ങളുടെയും പരിപൂര്‍ണ സഹകരണം ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

307 എന്നത് ചെറിയ കുറവല്ല. 2023ലെ റോഡപകടങ്ങളുടെ കണക്ക് പുറത്തു വരുമ്പോള്‍ അപകട മരണം 2022 ലെ 4317 എന്ന നമ്പറില്‍ നിന്ന് 4010 ആയി കുറഞ്ഞതായി കാണാം. അതായത് 2022 നെ അപേക്ഷിച്ച് മരണസംഖ്യയില്‍ 307 പേരുടെ കുറവ്, (7.2ശതമാനം). കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളുടെ കണക്കെടുത്താല്‍ ഇത് വലിയ ഒരു കുറവാണ് എന്ന് തന്നെ പറയേണ്ടി വരും. 2018ല്‍ 4303, 2019ല്‍ 4440, 2020ല്‍ 2979, 2021ല്‍ 3429 (2020, 21 വര്‍ഷങ്ങള്‍ കോവിഡ് കാലഘട്ടമായിരുന്നു), 2022 ല്‍ 4317 എന്നിങ്ങനെയാണ് അപകടമരണങ്ങളുടെ കണക്ക്.

Top