ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ അഞ്ചുവയസ്സുകാരനായ മകന്റെ മുന്നിലിട്ട് പിതാവിനെ അമ്മയുടെ കാമുകനും കൂട്ടാളികളും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയായ ഗാന്ധി (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാസാത്തിയുടെ കാമുകനായ നരസിംഹലുവിനെയും ഇയാളുടെ രണ്ട് കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് നരസിംഹലുവിനൊപ്പം താമസമാക്കിയ ഭാര്യയെ അന്വേഷിച്ചാണ് ഗാന്ധി ആന്ധ്രയിലെത്തിയത്. ഭാര്യയെ കണ്ടെത്താൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് നരസിംഹലുവും കൂട്ടുകാരും ഗാന്ധിയെയും മകനെയും കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് ഗാന്ധിയെ മദ്യപിപ്പിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അച്ഛൻ കൊല്ലപ്പെടുന്നത് കണ്ട് ഭയന്ന അഞ്ചുവയസ്സുകാരൻ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു.
Also Read:വേങ്ങരയിൽ ഒഡീഷ സ്വദേശി തലയ്ക്കടിയേറ്റു മരിച്ചനിലയിൽ; പ്രതി പിടിയിൽ
പ്രതികൾ സ്ഥലം വിട്ടതിന് ശേഷം പുറത്തിറങ്ങിയ ബാലൻ ഒരു രാത്രി മുഴുവൻ അച്ഛന്റെ മൃതദേഹത്തിനരികെ കാട്ടിൽ കഴിഞ്ഞു. പിറ്റേന്ന് രാവിലെ ഗ്രാമത്തിലെത്തി നാട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. ഗാന്ധിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അമ്മയും കാമുകനും ചേർന്ന് നടത്തിയ ഈ ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്ന കുഞ്ഞിനെ നിലവിൽ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.






