അല്ലു അര്‍ജുന്‍ നായകനായെത്തിയ പുഷ്പ 2 വിനെ വാനോളം പുകഴ്ത്തി നടന്‍ മോഹന്‍ലാല്‍ രംഗത്ത്. താന്‍ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ബറോസിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് മോഹന്‍ലാല്‍ പുഷ്പ 2-വിന്റെ ജൈത്രയാത്രയേക്കുറിച്ച് പരാമര്‍ശിച്ചത്. പാന്‍ ഇന്ത്യന്‍ സിനിമയില്‍ പുതിയ ഉയരങ്ങള്‍ താണ്ടിയ പുഷ്പ 2: ദ റൂളിനെ സിനിമാവ്യവസായത്തിലെ ‘ഗേറ്റ് ക്രാഷര്‍’ എന്നാണ് മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. ‘കാരണം അതൊരു ഗെയിം ക്രാഷ് പോലെയാണ്. ആരൊക്കെയോ വരുന്നുണ്ട്.
Also Read:”ഒരൊറ്റ ശബ്ദമേ പറയാനുള്ളൂ, വൗ, ഗംഭീര വര്‍ക്ക്’; ‘ബറോസ്’ ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ അക്ഷയ് കുമാര്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ അഭിനയിച്ച കാലാപാനി എന്ന ചിത്രം ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിരുന്നു. സന്തോഷ് ശിവനാണ് അത് ഷൂട്ട് ചെയ്തത്. അദ്ദേഹത്തിന് ആ സിനിമയ്ക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചു. ആരെങ്കിലുമൊക്കെ ഇത്തരത്തില്‍ സിനിമകള്‍ ചെയ്യേണ്ടതുണ്ട്. കാരണം, നമുക്ക് അതിനുള്ള ആര്‍ട്ടിസ്റ്റുകളും ടെക്നീഷ്യന്മാരും തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്. ലോകത്തെവിടെയും പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന വ്യത്യസ്തമായ സിനിമകള്‍ ആരെങ്കിലും കൊണ്ടുവരണം. അതിനായാണ് നമ്മളെല്ലാം ശ്രമിക്കുന്നത്, അത് സംഭവിക്കട്ടെ’ മോഹന്‍ലാല്‍ പറഞ്ഞു.
സിനിമകള്‍ ഓടണമെന്നാണ് എന്റെ പ്രാര്‍ഥന. എല്ലാ സിനിമകളും തിയേറ്ററില്‍ ഒരുപാട് ഓടണം. ആളുകള്‍ സിനിമയെ ബഹുമാനിക്കേണ്ടതുണ്ട്. പുഷ്പ 2 മാത്രമല്ല ഒരുപാട് വലിയ സിനിമകള്‍ വരുന്നുണ്ട്. ഇറങ്ങാനിരിക്കുന്ന എന്റെ സിനിമയും ഒരുപാട് ഓടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.