ഡല്‍ഹി: 2019ലെ ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം തുടരുന്നതിനിടയിലും ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതികരണവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. നാല് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ നേടിയിട്ടും ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ ഷമിയെ കളിപ്പിച്ചിരുന്നില്ല. ഈ സംഭവത്തിലാണ് സ്വകാര്യ യൂട്യുബ് ചാനലിന് നല്‍കിയ പ്രതികരണത്തില്‍ മുഹമ്മദ് ഷമി നിലപാട് വ്യക്തമാക്കിയത്.
ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ആദ്യ നാല്, അഞ്ച് മത്സരങ്ങളില്‍ തനിക്ക് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. കളിച്ച ആദ്യ മത്സരത്തില്‍ ഹാട്രിക് ഉള്‍പ്പടെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞു. തൊട്ടടുത്ത മത്സരത്തില്‍ നാല് വിക്കറ്റ് നേടി. അതിനുശേഷമുള്ള മത്സരത്തില്‍ വീണ്ടും അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇതുപോലെ തന്നെയാണ് 2023ലെ ലോകകപ്പിലും സംഭവിച്ചത്. എല്ലാ ടീമിനും മികച്ച പ്രകടനങ്ങള്‍ നടത്തുന്ന താരങ്ങളെയാണ് ടീമില്‍ വേണ്ടത്. ഇതില്‍ കൂടുതല്‍ എന്ത് മികച്ച പ്രകടനമാണ് താന്‍ നടത്തേണ്ടതെന്ന് ഷമി ചോദിച്ചു.