മോദിയുടെ അടുത്ത ലക്ഷ്യം മമതയും പിണറായിയും, തുറന്നു പറഞ്ഞ് ഡൽഹി മുഖ്യമന്ത്രി

മോദിയുടെ അടുത്ത ലക്ഷ്യം മമതയും പിണറായിയും, തുറന്നു പറഞ്ഞ് ഡൽഹി മുഖ്യമന്ത്രി

മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ കേരളത്തിലെ പിണറായി സർക്കാരിനും പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രി മമത സർക്കാറിനും ഭീഷണിയാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.

ലോകസഭ തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് കെജ്രിവാൾ നൽകിയിരിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതു പോലെ കള്ളക്കേസിൽ കുടുക്കി മമതയെയും പിണറായിയെയും അകത്താക്കാനും മോദി സർക്കാർ മടിക്കില്ലന്നാണ് അദ്ദേഹം മുന്നറിയിപ്പു നൽകുന്നത്.

ഇ.ഡി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് 50 ദിവസത്തോളം ജയിലിൽ കഴിഞ്ഞ ശേഷം സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് പുറത്തിറങ്ങിയ കെജ്രിവാൾ, രൂക്ഷമായ കടന്നാക്രമണമാണ് ബി.ജെ.പിയ്ക്കും മോദിക്കും എതിരെ നടത്തി കൊണ്ടിരിക്കുന്നത്. ബി.ജെ.പി സെറ്റ് ചെയ്ത തിരഞ്ഞെടുപ്പ് അജണ്ട തന്നെ പൊളിച്ചു കളഞ്ഞത് കെജ്രിവാളിൻ്റെ അപ്രതീക്ഷിത അറസ്റ്റാണ്.

പ്രതിപക്ഷ പാർട്ടികളിൽ ഭയം ഉണ്ടാക്കാൻ കൂടി ലക്ഷ്യമിട്ട് ബി.ജെ.പി സർക്കാർ നടത്തിയ ഈ നീക്കം അവർക്കു തന്നെയാണിപ്പോൾ വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്. ഡൽഹി, പഞ്ചാബ്, ഹരിയാന, ബീഹാർ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, കർണ്ണാടക, കേരളം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ സഖ്യത്തിലെ പാർട്ടികൾ വലിയ മുന്നേറ്റമാണ് പ്രചരണ രംഗത്ത് ഉണ്ടാക്കിയിരിക്കുന്നത്.

80 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പിയിൽ 2019-ൽ 62 സീറ്റിലും വിജയിച്ചത് ബി.ജെ.പിയാണ്. അവരുടെ സഖ്യകക്ഷി രണ്ട് സീറ്റുകളും നേടുകയുണ്ടായി. എന്നാൽ ഇത്തവണ ആ വിജയം ബി.ജെ.പിക്ക് ആവർത്തിക്കാൻ കഴിയുമോ എന്ന സംശയം ഇപ്പോൾ പരക്കെയുണ്ട്. അവസാന ഘട്ടത്തിൽ പ്രചരണ രംഗത്ത് വലിയ രൂപത്തിൽ മുന്നേറാൻ ഇന്ത്യാ സഖ്യത്തിന് കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പിയുടെ സകല കണക്കു കൂട്ടലുകളും തെറ്റിക്കുന്ന മുന്നേറ്റമാണിത്.

മോദിക്ക് എതിരെ പുതിയ ആരോപണങ്ങൾ നിരത്തി ശക്തമായി മുന്നോട്ടു പോകുന്ന അരവിന്ദ് കെജ്രിവാൾ പുതിയ പോർമുഖമാണ് തുറന്നിരിക്കുന്നത്. കെജ്രിവാൾ തൊടുത്ത് വിട്ട ആരോപണങ്ങളാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തിരിക്കുന്നത്.

പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയപരമായ ഒരു ചോദ്യത്തിനും ഉത്തരം നൽകാൻ തയ്യാറാകാതിരുന്ന ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വെട്ടിലാക്കിയത്, കെജ്രിവാളിൻ്റെ മാസ് ചോദ്യങ്ങളാണ്.

‘സെപ്തംബറിൽ 75 വയസ്സ് തികയുന്ന മോദി അടുത്ത തവണയും പ്രധാനമന്ത്രിയാകുമോ’ എന്ന കെജ്രിവാളിന്റെ, ചോദ്യം ബിജെപി നേതൃത്വത്തിന്റെ ചങ്കിൽ തന്നെയാണ് തറച്ചിരിക്കുന്നത്. തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിലുണ്ടായിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മണിക്കൂറുകൾക്കുള്ളിൽ മാധ്യമങ്ങളെ കണ്ട് വിഷയത്തിൽ വിശദീകരണം നൽകേണ്ടി വന്നതും രാജ്യം കണ്ട കാഴ്ചയാണ്.. കെജ്രിവാൾ ആയുധമാക്കിയ മോദി -യോഗി ഭിന്നത തള്ളി യോഗിക്ക്‌ തന്നെ രംഗത്ത് വരേണ്ടി വന്നതും ഈ ഘട്ടത്തിലാണ്. 75 വയസ്സ് എന്ന റിട്ടയർമെന്റ് പ്രായം പാർട്ടി ഭരണ ഘടനയിലില്ലെന്ന് പറഞ്ഞ് ദേശീയ വക്താവ് ജെപി നദ്ദയ്ക്ക് പോലും പ്രത്യേക വാർത്താക്കുറിപ്പ് ഇറക്കേണ്ടി വന്നതും, കെജ്രിവാളിൻ്റെ നേട്ടമാണ്.. മാസങ്ങളായി രാഹുൽ ഗാന്ധിയും മറ്റു പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും നിരന്തരം വായിട്ടലച്ചിട്ടും കഴിയാത്തതാണ് ജയിലിൽ നിന്ന് പുറത്ത് വന്ന് മണിക്കൂറുകൾക്കുള്ളിൽ കെജ്രിവാളിന് സാധ്യമായിരിക്കുന്നത്. മറ്റ് പ്രതിപക്ഷ നേതാക്കളിൽ നിന്ന് വ്യത്യസ്തമായി ബിജെപിയെ ഭയപ്പെടുത്താൻ കെജ്രിവാളിന് കഴിയുന്നതും പിന്നീട് അത് പ്രതിപക്ഷം ഒന്നടങ്കം ഏറ്റെടുക്കുന്നതും പ്രചരണ രംഗത്ത് വലിയ ഓളമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രായോഗിക രാഷ്ട്രീയത്തിൽ പയറ്റി തെളിഞ്ഞ കെജ്രിവാളിൻ്റെ ഹനുമാൻ സമർപ്പണവും ഭാരത്‌ മാതാ കീ വിളികളുമെല്ലാം ബി.ജെ.പിയുടെ വോട്ട് ബാങ്കിനെ ഉലക്കാൻ ശേഷിയുള്ളതാണ്.

ആറാം ഘട്ടത്തിലേക്കാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ കടന്നിരിക്കുന്നത്. 58 മണ്ഡലങ്ങളിലാണ് മെയ് 25ന് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഇതിൽ ഡൽഹിയിലെ ഏഴ് പാർലമെന്റ് സീറ്റുകളിലും 25നാണ് ജനവിധി. ബിഹാർ (8 സീറ്റുകൾ), ഹരിയാന (10 സീറ്റുകൾ), ജമ്മു കശ്മീർ (1 സീറ്റ്), ജാർഖണ്ഡ് (4 സീറ്റുകൾ), ഡൽഹി (7 സീറ്റുകൾ), ഒഡീഷ (6 സീറ്റുകൾ), ഉത്തർപ്രദേശ് (14 സീറ്റുകൾ), പശ്ചിമ ബംഗാളിൽ (8 സീറ്റുകൾ) എന്നിവടങ്ങളിലാണ് 25ന് തിരഞ്ഞെടുപ്പ്. 2019 ലെ മിന്നും വിജയം ആവർത്തിക്കാമെന്ന് ബിജെപി കണക്ക് കൂട്ടുമ്പോൾ പല മണ്ഡലങ്ങളും തിരിച്ചു പിടിക്കാൻ കഴിയും എന്നാണ് ഇന്ത്യ സഖ്യത്തിൻ്റെ ആത്മവിശ്വാസം. അതേസമയം, ഉത്തരേന്ത്യയിലെ കനത്ത ചൂട് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്കയും വ്യാപകമാണ്.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ആറാം ഘട്ടത്തിലെ 58ൽ ഒരിടത്ത് പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ ഇന്ത്യ സഖ്യം എന്ന നിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാനാണ് സാധ്യത. പ്രത്യേകിച്ച് ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ വലിയ നേട്ടം ഈ സഖ്യത്തിന് ഉണ്ടാകും. ഡൽഹിയിലെ ഏഴ് സീറ്റിലും ഹരിയാനയിലെ പത്ത് സീറ്റിലും അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും മടങ്ങിവരവും പ്രതിഫലിക്കും എന്നാണ് ഇന്ത്യ സഖ്യത്തിന്റെ വിലയിരുത്തൽ. ഇവിടങ്ങളിൽ മോദി ഗ്യാരണ്ടികളും രാമക്ഷേത്രവും ഉയർത്തിയാണ് ബിജെപി പ്രചാരണം നടത്തുന്നത്. 30 ലോകസഭ സീറ്റുകളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഇതോടൊപ്പം ഒഡീഷയിലെ 45 നിയമസഭ സീറ്റുകളിലും ശനിയാഴ്ചയാണ് വോട്ടെടുപ്പ്.

മെഹബൂബ മുഫ്തി, മനേക ഗാന്ധി, മനോഹർ ലാൽ ഖട്ടർ, കനയ്യ കുമാർ, ധർമ്മേന്ദ്ര പ്രധാൻ, എന്നിവരടക്കം 889 സ്ഥാനാർഥികളാണ് ആറാം ഘട്ടത്തിൽ മത്സരരംഗത്തുള്ളത്.

Top