ഘടക കക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങി മോദി ഭരിക്കില്ല, ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടാക്കാനും പദ്ധതി തയ്യാർ !

ഘടക കക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങി മോദി ഭരിക്കില്ല, ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടാക്കാനും പദ്ധതി തയ്യാർ !

നിയാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ‘കുതിരക്കച്ചവടം’ നടക്കാന്‍ പോകുന്നത്. ഓപ്പറേഷന്‍ താമരയിലൂടെ രാജ്യത്തെ വിവിധ പാര്‍ട്ടികളെ പിളര്‍ത്തിയും എം.പിമാരെ അടര്‍ത്തിമാറ്റിയും ‘മിടുക്ക് ‘ കാണിച്ച ബി.ജെ.പി ലോകസഭയില്‍ ഒറ്റയ്ക്ക് ബി.ജെ.പിക്ക് ഭൂരിപക്ഷം ഉണ്ടാക്കുന്നതിന് ആവശ്യമായ നടപടിയിലേക്കാണ് കടക്കാന്‍ ഒരുങ്ങുന്നത്. മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഞായറാഴ്ച അധികാരമേറ്റു കഴിഞ്ഞാല്‍ ഓപ്പറേഷന്‍ താമരയ്ക്കും അതോടെ തുടക്കമാകും. ഈ നീക്കങ്ങള്‍ക്ക് അമിത് ഷാ തന്നെ നേരിട്ട് ചുക്കാന്‍ പിടിക്കാനാണ് സാധ്യത.

എന്‍.ഡി.എ ഘടക കക്ഷികളായ ജെ.ഡി.യുവും ടി.ഡി.പി യും മോദിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സഖ്യകക്ഷികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ബിജെപിക്ക് വലിയ തലവേദനയാകുകയാണ്. നാല് മന്ത്രിമാര്‍ വേണമെന്നാണ് ജെഡിയു ആവശ്യപ്പെട്ടിരിക്കുന്നത്. റെയില്‍വേ, കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളും ജെഡിയു നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടിണ്ട്. ആറു മന്ത്രിമാരെ നല്കണം എന്ന നിര്‍ദ്ദേശമാണ് ചന്ദ്രബാബു നായിഡു മുന്നോട്ട് വെച്ചിരിക്കുന്നത്. ധനകാര്യ മന്ത്രാലയത്തില്‍ ടിഡിപിക്ക് പ്രത്യേക താല്പര്യമുണ്ട്. എന്നാല്‍ ഈ വകുപ്പിന് കീഴിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരിക എന്നതിനാല്‍ ബി.ജെ.പി ഒരു കാരണവശാലും വിട്ടു നല്‍കുകയില്ല. സമ്മര്‍ദ്ദം ശക്തമായാല്‍ സഹമന്ത്രി സ്ഥാനം നല്കി അനുനയിപ്പിക്കാനാണ് സാധ്യത. ഐടി, വാണിജ്യം, ട്രാന്‍സ്‌പോര്‍ട്ട് എന്നീ വകുപ്പുകളും സ്പീക്കര്‍ സ്ഥാനവും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന നിര്‍ണ്ണായക പദവി ആയതിനാല്‍ സ്പീക്കര്‍ സ്ഥാനം ഒരു കാരണവശാലും ബി.ജെ.പി വിട്ടു നല്‍കുകയില്ല. പകരം ടിഡിപിക്ക് മന്ത്രിസഭയില്‍ രണ്ട് പ്രധാന വകുപ്പുകള്‍ നല്കി അനുനയിപ്പിക്കാനാണ് നീക്കം നടക്കുന്നത്.

ഇതിനിടെ ജാതി സെന്‍സസ് നടപ്പാക്കണമെന്നും രണ്ടാം മോദി സര്‍ക്കാര്‍ അഭിമാനമായി കണ്ട അഗ്നിവീര്‍ പദ്ധതി നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ട് ജെഡിയുവും സത്യപ്രതിജ്ഞയ്ക്കു മുന്‍പു തന്നെ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ഇതും ബി.ജെ.പി നേതൃത്വത്തെ ശരിക്കും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഘടക കക്ഷികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അധിക കാലം ഭരണം നടത്താന്‍ കഴിയില്ലന്ന തിരിച്ചറിവ് ബി.ജെ.പി നേതൃത്വത്തിനും മോദിക്കും ഉണ്ട്. എന്നാല്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ സഹിക്കേണ്ട സാഹചര്യമാണ് ഉള്ളത്. 543 അംഗ ലോകസഭയില്‍ 293 അംഗങ്ങളാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയ്ക്ക് ഉള്ളത്. ഇതില്‍ 240 സീറ്റുകളും ബി.ജെ.പിയുടേതാണ്. ജെ.ഡിയുവിന് 12 ഉം ടി.ഡി.പി യ്ക്ക് 16 ഉം സീറ്റുകളാണ് ലോകസഭയില്‍ ഉള്ളത്. 240 സീറ്റുകള്‍ ഉള്ള ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 272 സീറ്റുകള്‍ ആണ് വേണ്ടത്. എല്‍.ജെ.പി, ശിവസേന, ജെ.ഡിയു തുടങ്ങിയ ഏതാനും എം.പിമാര്‍ മാത്രം ഉള്ള പാര്‍ട്ടികള്‍ക്കു പോലും വലിയ പരിഗണന നല്‍കേണ്ട ഗതികേടിലാണ് ബി.ജെ.പിയുള്ളത്. ഘടക കക്ഷികളില്‍ ഏറ്റവും വലിയ ഭീഷണിയായി ബി.ജെ.പി കാണുന്നത് ജെ.ഡി.യുവിനെയും ടി.ഡി.പിയെയുമാണ്.

കാലുമാറ്റം പതിവാക്കിയ ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ എപ്പോള്‍ വേണമെങ്കിലും മുന്നണി വിട്ട് പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മാറുമെന്ന നല്ല ബോധ്യം ബി.ജെ.പിക്കുണ്ട്. കാവി രാഷ്ട്രീയത്തോട് മുഖം തിരിച്ചു നിന്ന ഒറീസയില്‍ ബി.ജെ.പി ഭരണം പിടിക്കുകയും തെലങ്കാനയില്‍ വന്‍ മുന്നേറ്റം നടത്തുകയും ചെയ്ത സാഹചര്യത്തില്‍ ആന്ധ്രയിലും ബി.ജെ.പി ഭീഷണിയാകുമെന്ന ആശങ്ക ചന്ദ്രബാബു നായിഡുവിന് ഉണ്ട്. അതു കൊണ്ടു തന്നെ ടി.ഡി.പിയുടെ പിന്തുണയും ഒരു ഫിക്‌സഡ് ഡെപ്പോസിറ്റായി കാണാന്‍ ബി.ജെ.പിക്ക് കഴിയില്ല. മാത്രമല്ല ചന്ദ്രബാബു നായിഡുവിനെ ജയിലില്‍ അടച്ച മുന്‍ ആന്ധ്ര മുഖ്യമന്ത്രിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് നേതാവുമായ ജഗന്‍ മോഹന്‍ റെഡ്ഡിയെ ടി.ഡി.പിയുടെ സമ്മര്‍ദ്ദ ഫലമായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടാനും മോദിക്ക് പരിമിതി ഉണ്ടാകും. രണ്ടാം മോദി സര്‍ക്കാറിന്റെ കാലത്ത് നിര്‍ണ്ണായക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കാന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് പിന്തുണ നല്‍കിയിരുന്നത് ബി.ജെ.പിക്ക് മറക്കാന്‍ കഴിയുകയില്ല. മാത്രമല്ല, ഇപ്പോള്‍ ആന്ധ്ര ഭരണം ചന്ദ്രബാബു നായിഡുവിന് ആണെങ്കിലും ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്ത് ജഗന്‍മോഹന്‍ റെഡ്ഡി വീണ്ടും വരാനുള്ള സാധ്യതയും ബി.ജെ.പി മുന്നില്‍ കാണുന്നുണ്ട്. അഥവാ ടി.ഡി.പി മുന്നണി വിട്ടാല്‍ വൈ.എസ്. ആര്‍ കോണ്‍ഗ്രസ്സിന്റെ 4 എം.പിമാരുടെ നിരുപാധിക പിന്തുണയും മോദിക്ക് ലഭിക്കും.

ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഭരിക്കാന്‍ നരേന്ദ്ര മോദിക്കും താല്‍പ്പര്യമില്ലാത്തതിനാല്‍ ബദല്‍ സംവിധാനത്തിനുള്ള നീക്കങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്ന് തന്നെയാണ് സൂചന. ലോകസഭയില്‍ ഭൂരിപക്ഷം തെളിയിച്ചു കഴിഞ്ഞാല്‍ പിന്നെ ആറ് മാസത്തേക്ക് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് കഴിയുകയില്ല. ഈ ആറ് മാസത്തിന് ഉള്ളില്‍ പരമാവധി എം.പിമാരെ ടാര്‍ഗറ്റ് ചെയ്ത് ഒപ്പം നിര്‍ത്താനുള്ള ഓപ്പറേഷന്‍ താമരയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. മുന്‍പ് കര്‍ണ്ണാടകയില്‍ പയറ്റി വിജയിച്ച തന്ത്രവും ഇതിനായി ബി.ജെ.പി പ്രയോഗിക്കും. കൂറ് മാറ്റ നിയമത്തെ മറികടക്കാന്‍ കൂറ് മാറി വരുന്നവരെ കര്‍ണ്ണാടക മോഡലില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കാനും ബി.ജെ.പി ശ്രമിക്കും. ചെറിയ പാര്‍ട്ടികളെ പരമാവധി ഒപ്പം നിര്‍ത്താന്‍ ഇതിനകം തന്നെ നേതൃതലത്തില്‍ തീരുമാനമായിട്ടുണ്ട്.

പ്രതിപക്ഷത്തെ എം.പിമാരെയാണ് പ്രധാനമായും ഇപ്പോള്‍ ബി.ജെ.പി ലക്ഷ്യമിടുകയെങ്കിലും, ആ ലക്ഷ്യം ഒടുവില്‍ എന്‍.ഡി.എ ഘടക കക്ഷികളിലും എത്തിച്ചേരും. ജെ.ഡി.യു – ടി.ഡി.പി പാര്‍ട്ടികളെ അധികം താമസിയാതെ തന്നെ ബി.ജെ.പി പിളര്‍ത്തുമെന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ എന്‍.ഡി.എ ഭരണം ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുന്‍പു തന്നെ ബി ജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയാലും അത്ഭുതപ്പെടേണ്ടതില്ല.

EXPRESS KERALA VIEW

Top