CMDRF

അറസ്റ്റിൻ്റെ നിഴലിലായ ആന്ധ്ര മുൻമുഖ്യമന്ത്രിയെ മോദിക്ക് സംരക്ഷിക്കേണ്ടി വരും, വെട്ടിലാകുക ചന്ദ്രബാബു നായിഡു !

അറസ്റ്റിൻ്റെ നിഴലിലായ ആന്ധ്ര മുൻമുഖ്യമന്ത്രിയെ മോദിക്ക് സംരക്ഷിക്കേണ്ടി വരും, വെട്ടിലാകുക ചന്ദ്രബാബു നായിഡു !
അറസ്റ്റിൻ്റെ നിഴലിലായ ആന്ധ്ര മുൻമുഖ്യമന്ത്രിയെ മോദിക്ക് സംരക്ഷിക്കേണ്ടി വരും, വെട്ടിലാകുക ചന്ദ്രബാബു നായിഡു !

ന്ധ്ര മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് എതിരായ ടി.ഡി.പി സർക്കാറിൻ്റെ നീക്കങ്ങളിൽ വെട്ടിലായിരിക്കുന്നത് ഇപ്പോൾ കേന്ദ്ര സർക്കാറാണ്. പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതെ ബി.ജെ.പിയും കേന്ദ്ര സർക്കറും കടുത്ത പ്രതിസന്ധിയിലായിരിക്കെ ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ്സിൻ്റെ പിന്തുണ കേന്ദ്ര സർക്കാറിന് അനിവാര്യമാണ്. അതു കൊണ്ടു തന്നെ കടുത്ത നടപടിയിലേക്ക് കടക്കരുതെന്ന നിർദ്ദേശമാണ് എൻ.ഡി.എ ഘടക കക്ഷിയായ ടി.ഡി.പിക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്നത്.

ക്രിമിനൽ ഗൂഢാലോചന, വധശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ടി.ഡി.പി സർക്കാർ ജഗൻ മോഹൻ റെഡ്ഡിക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ടി.ഡി.പിയുടെ എം.എൽ.എ കെ രഘുരാമ കൃഷ്ണ രാജുവിൻ്റെ പരാതിയിലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. പരാതിക്കാരൻ മുൻ വൈ.എസ്.ആർ കോൺഗ്രസ്സിൻ്റെ എം.പി കൂടിയാണ്. രണ്ട് മുതിർന്ന ഐ.പി.എസ് ഉദ്ദ്യോഗസ്ഥരും ഈ കേസിൽ പ്രതികളാണ്. ചന്ദ്രബാബു നായിഡുവിനെ അഴിമതി കേസിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ജഗൻ മോഹൻ സർക്കാറിൻ്റെ നടപടിക്ക് പ്രതികാരമായാണ് പുതിയ നീക്കത്തെ കേന്ദ്ര സർക്കാറും നോക്കി കാണുന്നത്. കേസ് എടുത്തതിന് പിന്നാലെ കൂടുതൽ കടുത്ത നടപടിക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വൈ.എസ്.ആർ കോൺഗ്രസ്സ് എതിരായാൽ രാജ്യസഭയിൽ മോദി സർക്കാർ ശരിക്കും വെള്ളംകുടിക്കും. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് ഇപ്പോൾ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്.

രാജ്യസഭയിൽ നിലവിൽ 86 സീറ്റുകൾ മാത്രമേ ഇപ്പോൾ ബി.ജെ.പിക്കുള്ളൂ. എൻ.ഡി.എ മുന്നണിക്ക് മൊത്തത്തിൽ 101 എം.പിമാരാണ് ഉള്ളത്. 245 അംഗങ്ങളുള്ള രാജ്യസഭയിൽ ഭൂരിപക്ഷത്തിന് 113 എം.പിമാരുടെ പിന്തുണയാണ് വേണ്ടത്. പുറത്തുനിന്നുള്ള 12 എം.പിമാരുടെ പിന്തുണയില്ലെങ്കിൽ രാജ്യസഭയിൽ ബി.ജെ.പിക്ക് ബില്ലുകൾ പാസാക്കാനാവില്ല. നാമനിർദ്ദേശം ചെയ്ത 4 അംഗങ്ങളുടെ കാലാവധി കഴിഞ്ഞതോടെയാണ് ബി.ജെ.പിയുടെ നില പരുങ്ങലിലായിരിക്കുന്നത്. 11 രാജ്യസഭ എം പിമാരാണ് വൈ.എസ്.ആർ കോൺഗ്രസ്സിന് ഉള്ളത്. ഇതിനു പുറമെ നാല് ലോകസഭ അംഗങ്ങളും ജഗൻ മോഹനൻ്റെ പാർട്ടിക്ക് പാർലമെൻ്റിൽ ഉണ്ട്. ഈ എണ്ണം പുതിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാറിന് അനിവാര്യമാണ്. കഴിഞ്ഞ നരേന്ദ്ര മോദി സർക്കാറിനും സുപ്രധാന ബില്ലുകൾ പാസാക്കാൻ വൈ.എസ്.ആർ കോൺഗ്രസ്സും ബിജു ജനതാദളുമാണ് രാജ്യസഭയിൽ തുണയായിരുന്നത്. ഈ കടപ്പാട് ഇപ്പോഴും ജഗൻമോഹൻ റെഡ്ഡിയോട് ബി.ജെ.പിയ്ക്ക് ഉണ്ട്. ജഗനെതിരായ നീക്കങ്ങൾക്ക് കേന്ദ്ര ഏജൻസികൾ മുതിരില്ലന്ന് കണ്ടു കൂടിയാണ് സ്വന്തം നിലയ്ക്കുള്ള നടപടിയുമായി ചന്ദ്രബാബു നായിഡു സർക്കാർ ഇപ്പോൾ മുന്നോട്ട് പോകുന്നത്. ജഗൻ മോഹൻ റെഡ്ഡിയെ ജയിലിൽ അടക്കുക എന്നത് ടി.ഡി.പിയിലെ പൊതുവികാരമാണ്. ചന്ദ്രബാബു നായിഡു അധികാരത്തിൽ വന്ന ഉടനെ തന്നെ വൈ.എസ്. ആർ കോൺഗ്രസ്സിൻ്റെ പാർട്ടി ഓഫീസ് ഇടിച്ച് നിരത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജഗനെതിരായ കേസും സംഭവിച്ചിരിക്കുന്നത്.

ചന്ദ്രബാബു നായിഡു സർക്കാറിൻ്റെ സകല നീക്കങ്ങളും കേന്ദ്ര സർക്കാർ നിരീക്ഷിച്ചു വരികയാണ്. ലോകസഭയിൽ ടി.ഡി.പിയുടെ പിന്തുണ മോദി സർക്കാറിന് ആവശ്യമാണെങ്കിലും ഏതെങ്കിലും സാഹചര്യത്തിൽ ടി.ഡി.പിയും ജെ.ഡി.യുവും മുന്നണി വിട്ടാലും സർക്കാർ നിലംപൊത്താതിരിക്കാനുള്ള മുൻ കരുതൽ ഇതിനകം തന്നെ ബി.ജെ.പി നേതൃത്വം സ്വീകരിച്ചിട്ടുണ്ട്. ഈ യാഥാർത്ഥ്യം പ്രതിപക്ഷ പാർട്ടികൾക്കും അറിയാവുന്നതു കൊണ്ടാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ രഹസ്യ വോട്ടെടുപ്പ് അവർ ആവശ്യപ്പെടാതിരുന്നത്.

എന്നാൽ രാജ്യസഭയിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ഇവിടെ കടുത്ത വെല്ലുവിളി തന്നെയാണ് ബി.ജെ.പി നേരിടുന്നത്. ഏതെങ്കിലും ബിൽ രാജ്യസഭയിൽ പാസാക്കാൻ കഴിഞ്ഞില്ലങ്കിൽ പിന്നെ മോദി സർക്കാറിന് തുടരാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടാകുക. ഇന്ത്യാ മുന്നണിയിലോ എൻ.ഡി.എയിലോ ഇല്ലാത്ത ചന്ദ്രശേഖര റാവുവിന്റെ ബി.ആർ.എസ്, ജഗൻ മോഹൻ റെഡിയുടെ വൈ.എസ്.ആർ കോൺഗ്രസ്, തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെ, ഒഡീഷയിലെ ബിജു ജനതാദൾ എന്നിവരുടെ പിന്തുണ ബി.ജെ.പിക്ക് ആവശ്യമാണ്. ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ മുമ്പ് രാജ്യസഭയിൽ ബി.ജെ.പിയെ പിന്തുണച്ചിരുന്ന ബി.ജെ.ഡി ഇനി പിന്തുണക്കാൻ സാധ്യതയില്ല.

11 അംഗങ്ങളുള്ള വൈ.എസ്.ആർ കോൺഗ്രസും നാലു വീതം അംഗങ്ങളുള്ള ബി.ആർ.എസും, എ.ഐ.എ.ഡി.എം.കെയും സഹായിച്ചില്ലെങ്കിൽ, രാജ്യസഭയിൽ ബി.ജെ.പിക്ക് ബില്ലുകൾ പാസാക്കാൻ കഴിയുകയില്ല. ഇന്ത്യാ മുന്നണി ബില്ലുകളിൽ വോട്ടിങ് ആവശ്യപ്പെട്ടാൽ അത് മോദി സർക്കാറിനെ ശരിക്കും പ്രതിസന്ധിയിലാക്കും. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നതിലും ഇനി തിരിച്ചടിയുണ്ടാകും. എൻ.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യുവും ടി.ഡി.പിയും ഏകീകൃത സിവിൽകോഡിനെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഭരണഘടനാ ഭേദഗതിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണ്ടതുണ്ട്. എൻ.ഡി.എ അംഗസംഖ്യ വച്ച് മാത്രം ഏകീകൃത സിവിൽകോഡ് പാർലമെന്റിൽ പാസാക്കാൻ കഴിയുകയില്ല. ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്നത് ആർ.എസ്.എസിന്റെ സുപ്രധാന ആവശ്യമാണ്.

കഴിഞ്ഞ ലോക്‌സഭയിൽ ഏകീകൃത സിവിൽകോഡ് ബിൽ അവതരിപ്പിച്ച് നിയമമാക്കാൻ നീക്കം നടത്തിയിരുന്നെങ്കിലും അവസാന നിമിഷം ശ്രമം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. അതിന് പ്രാധാന കാരണം ഇത്തവണ നാനൂറിലേറെ ഭൂരിപക്ഷത്തോടെ ബിൽ കൊണ്ടുവരാമെന്ന പ്രതീക്ഷയായിരുന്നു. ആ കണക്ക് കൂട്ടലുകളാണ് തെറ്റിപോയിരിക്കുന്നത്. 400 സീറ്റ് ലക്ഷ്യമിട്ട് മോഡിയുടെ നേതൃത്വത്തിൽ പ്രചരണത്തിനിറങ്ങിയ എൻ.ഡി.എക്ക്, മുന്നൂറ് സീറ്റ് കടക്കാൻ പോലും കഴിഞ്ഞിട്ടില്ല. 293 സീറ്റാണ് എൻ.ഡി.എ ആകെ നേടിയിരിക്കുന്നത്. 2019തിൽ 303 സീറ്റുമായി ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷമുണ്ടായിരുന്നു. സഖ്യകക്ഷികളെക്കൂടി കൂട്ടുമ്പോൾ കഴിഞ്ഞ തവണ എൻ.ഡി.എക്ക് 353 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷമാണുണ്ടായിരുന്നത്.

ഇത്തവണ ബി.ജെ.പിക്ക് മാത്രം 63 സീറ്റിന്റെ കുറവാണുള്ളത്. പ്രതിപക്ഷത്തെ ഇന്ത്യാ സഖ്യം 235 സീറ്റിന്റെ മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 100 സീറ്റുമായി ശക്തമായ തിരിച്ചുവരവ് നടത്തിയ കോൺഗ്രസിലെ രാഹുൽഗാന്ധി പ്രതിപക്ഷ നേതാവുമായി. 16 സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുടെയും 12 സീറ്റുള്ള നിധീഷ് കുമാറിന്റെ ജെ.ഡി.യുവിന്റെയും പിന്തുണയിലാണ് മോഡി സർക്കാർ ഇപ്പോൾ ഭരിക്കുന്നത്. ഈ അവസ്ഥയിൽ രാജ്യസഭയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം നഷ്ടമായത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

മോദിക്ക് രാജ്യസഭകടക്കാൻ ജഗൻ മോഹൻ റെഡിയുടെയും ചന്ദ്രശേഖര റാവുവിന്റെയും പിന്തുണ അനിവാര്യമായി വന്നിരിക്കുകയാണ്.
ഈ വർഷം അവസാനം മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഈ സംസ്ഥാനങ്ങളിലും നിലവിലെ അവസ്ഥയിൽ ഇന്ത്യാ സഖ്യത്തിന് തന്നെ നേട്ടമുണ്ടാകാനാണ് സാധ്യത. അങ്ങിനെയെങ്കിൽ രാജ്യസഭയിൽ ബി.ജെ.പിയുടെ നില വീണ്ടും കൂടുതൽ പരുങ്ങലിലാവും. ഈ പ്രതിസന്ധി മറികടക്കാൻ മോദി സർക്കാർ ഇനി എന്താണ് ചെയ്യാൻ പോകുന്നത് എന്നാണ് രാഷ്ട്രീയ തന്ത്രജ്ഞരും ഉറ്റു നോക്കുന്നത്. പ്രതിപക്ഷത്തെ പിളർത്തി ഒരു വിഭാഗത്തെ ഒപ്പം നിർത്താനുള്ള നടപടിയുമായി ബി.ജെ.പി മുന്നോട്ട് പോകാനുള്ള സാധ്യതയും ഈ ഘട്ടത്തിൽ തള്ളിക്കളയാർ കഴിയുകയില്ല. അതാകട്ടെ വ്യക്തവുമാണ്….

Top