മോദിക്ക് ഇ.ഡി. എന്നപോലെയാണ് പിണറായിക്ക് വിജിലന്‍സെന്ന് ആരോപണവുമായി മാത്യു കുഴല്‍നാടന്‍

മോദിക്ക് ഇ.ഡി. എന്നപോലെയാണ് പിണറായിക്ക് വിജിലന്‍സെന്ന് ആരോപണവുമായി മാത്യു കുഴല്‍നാടന്‍

കൊച്ചി: നരേന്ദ്ര മോദിക്ക് ഇ.ഡി. എന്നപോലെയാണ് പിണറായി വിജയന് വിജിലന്‍സെന്ന് ആരോപണവുമായി മാത്യു കുഴല്‍നാടന്‍. തങ്ങള്‍ക്കെതിരേ വിരല്‍ചൂണ്ടുന്നവരെ ഇവര്‍ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് നേരിടുകയാണെന്നും ഇതുകൊണ്ടൊന്നും താന്‍ തളരില്ലെന്നും അദ്ദേഹം പറഞ്ഞു. ചിന്നക്കനാലിലെ ഭൂമിയിടപാടില്‍ വിജിലന്‍സ് തനിയ്ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇടപാടില്‍ ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴല്‍നാടന്‍ ഭൂമി വാങ്ങിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. മിച്ചഭൂമി കേസിലുള്‍പ്പെട്ട ഭൂമിയിലാണ് റിസോര്‍ട്ട്. കേസിലുള്‍പ്പെട്ടതിനാല്‍ രജിസ്‌ട്രേഷനോ പോക്കുവരവോ സാധ്യമല്ല. ഈ വ്യവസ്ഥ നിലനില്‍ക്കെയാണ് സ്ഥലം വാങ്ങിയതെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ‘അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് നേരത്തേ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴത്തെ എഫ്.ഐ.ആര്‍. കണ്ടിട്ടില്ല. മാത്യു കുഴല്‍നാടന്‍ അഴിമതിക്കാരനാണെന്നും പിണറായി സംശുദ്ധനാണെന്നും പ്രചരിപ്പിക്കാനാണ് എഫ്ഐആര്‍. ഈ ഭൂമിയില്‍ ക്രമക്കേടുണ്ടോ എന്ന് അറിയില്ല. വാങ്ങുന്ന സമയത്ത് രേഖകളില്‍ ക്രമക്കേടൊന്നും കണ്ടിരുന്നില്ല’, മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

മാസപ്പടി കേസ് ഉയര്‍ത്തിയതിന്റെ പേരില്‍ വേട്ടയാടാന്‍ ശ്രമിച്ചാല്‍ മുന്നോട്ടുതന്നെ പോകും. കഴിഞ്ഞ ദിവസം വന്ന വിധിയോടെ ഈ കേസ് അവസാനിച്ചു എന്ന് സി.പി.എം. കരുതണ്ട. നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരും. കെപിസിസി പ്രസിഡന്റുമായും പ്രതിപക്ഷനേതാവുമായും സംസാരിച്ച ശേഷമാണ് താന്‍ നിയമനടപടിയിലേക്ക് കടന്നതെന്നും പാര്‍ട്ടിയില്‍നിന്നും തനിയ്ക്ക് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി.

Top