അണുബോംബിനെ പേടിക്കുന്നവരല്ല മോദി സര്‍ക്കാര്‍; അമിത് ഷാ

അണുബോംബിനെ പേടിക്കുന്നവരല്ല മോദി സര്‍ക്കാര്‍; അമിത് ഷാ

ഡല്‍ഹി: ഇത് മോദി സര്‍ക്കാരാണ്, അണുബോംബിനെ പേടിക്കുന്നവരല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്താനുമായി ഇന്ത്യ ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്നും സൈനിക ബലം കാണിച്ച് പ്രകോപിപ്പിക്കുന്ന പക്ഷം പാകിസ്താന്‍ ഇന്ത്യക്കതിരേ അണുബോംബ് പ്രയോഗിക്കുമെന്നുമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി അമിത്ഷാ രംഗത്തെത്തിയത്. പാക് അധീന കശ്മീര്‍(പി.ഒ.കെ) ഇന്ത്യയുടെ ഭാഗമാണ്. പി.ഒ.കെയെ തിരിച്ചെടുക്കുമെന്നും അമിത് ഷാ പറഞ്ഞു. ശനിയാഴ്ച ഝാന്‍സിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അമിത്ഷായുടെ പ്രസ്താവന.

2019-ല്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതോടെ കശ്മീരില്‍ സമാധാനം കൊണ്ടുവരാന്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ പാക് അധീന കശ്മീരില്‍ പ്രതിഷേധ ശബ്ദം കേള്‍ക്കുന്നു. മുമ്പ് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യം ഇവിടെയാണ് കേട്ടിരുന്നത്. എന്നാല്‍ ഇന്നത് കേള്‍ക്കുന്നത് പാക് അധീന കശ്മീരിലാണ്. മുമ്പ് കശ്മീരിലാണ് കല്ലേറുണ്ടായിരുന്നതെങ്കില്‍ ഇന്നത് പി.ഒ.കെയിലാണ് സംഭവിക്കുന്നത്. സെറാംപുരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ പറഞ്ഞു.

നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് ആറ് മാസത്തിനുള്ളില്‍ പാക് അധീന കശ്മീര്‍ തിരിച്ചുകൊണ്ടുവരുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു. പാകിസ്താന് പി.ഒ.കെയെ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടാണെന്നും ആദിത്യനാഥ് വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന. ശത്രുക്കളെ നമ്മള്‍ ആരാധിക്കില്ല. ആരെങ്കിലും നമ്മുടെ ആളുകളെ കൊലപ്പെടുത്തിയാല്‍ അതിന് അര്‍ഹമായ മറുപടി നല്‍കുമെന്നും ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

Top