പാരീസ്: മൊബൈൽ ഫോൺ സ്പീക്കറിലിട്ട് സംസാരിച്ചതിന് യുവാവിന് 17,522 രൂപ പിഴ(200 ഡോളർ) ചുമത്തി. ഫ്രാൻസിലെ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. ഫോണിൽ സഹോദരിയോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു യുവാവ്. ഇത് ശ്രദ്ധയിൽപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥ സ്പീക്കർ ഓഫാക്കാതെ സംസാരിച്ചില്ലെങ്കിൽ പിഴയൊടുക്കേണ്ടി വരുമെന്ന് യുവാവിന് മുന്നറിയിപ്പ് നൽകി. ആദ്യം അവർ തമാശ പറയുകയാണെന്നാണ് യുവാവ് കരുതിയത്. എന്നാൽ മുന്നറിയിപ്പ് കാര്യമാക്കാതിരുന്നതിന് പിന്നാലെ പിഴ ചുമത്തുകയായിരുന്നു.
അതേസമയം, പിഴ ചുമത്തിയതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് യുവാവ്. ഇതേ വിഷയത്തിൽ റെഡ്ഡിറ്റിൽ വലിയ ചർച്ചയും നടന്നു. വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനും പോലുള്ള തിരക്കേറിയ ഇടങ്ങളിൽ ആളുകൾ ഹെഡ്ഫോൺ പോലും ഉപയോഗിക്കാതെ ഫോണിൽ വലിയ ശബ്ദത്തിൽ വീഡിയോ കാണുന്നത് ശീലമാക്കിയിരിക്കുകയാണെന്നും ഇത് മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നുമായിരുന്നു വിമർശനം. പൊതുസ്ഥലങ്ങളിൽ വെച്ച് വീഡിയോ കോൾ ചെയ്യുമ്പോൾ ഉറപ്പായും ഹെഡ്ഫോണോ ഇയർ ബഡുകളോ ഉപയോഗിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.