CMDRF

‘എംഎൽഎ സ്ഥാനം രാജിവെക്കാൻ അനുവദിക്കണം’: എ കെ ശശീന്ദ്രൻ

പാർട്ടി സെക്രട്ടറിക്ക് മുമ്പാകെ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും മന്ത്രി സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും എ കെ ശശീന്ദ്രൻ പ്രമുഖ മാധ്യമത്തോട് പറഞ്ഞു

‘എംഎൽഎ സ്ഥാനം രാജിവെക്കാൻ അനുവദിക്കണം’: എ കെ ശശീന്ദ്രൻ
‘എംഎൽഎ സ്ഥാനം രാജിവെക്കാൻ അനുവദിക്കണം’: എ കെ ശശീന്ദ്രൻ

തിരുവനന്തപുരം‌: എംഎൽഎ സ്ഥാനം രാജിവെക്കാൻ അനുവദിക്കണമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. എൻസിപിയിൽ മന്ത്രിസ്ഥാന മാറ്റം സംബന്ധിച്ച തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതികരണം. പാർട്ടി സെക്രട്ടറിക്ക് മുമ്പാകെ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും മന്ത്രി സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും എ കെ ശശീന്ദ്രൻ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

എ കെ ശശീന്ദ്രന്റെ വാക്കുകൾ:

‘എംഎൽഎ സ്ഥാനം രാജിവെക്കാൻ അനുവദിക്കണമെന്ന് പാർട്ടി സെക്രട്ടറിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പാർലമെന്ററി പ്രവർത്തനങ്ങളിൽ നിന്നും മാറിനിൽക്കാനാണ് ആ​ഗ്രഹം. ഇനിയുള്ള കാലം സംഘടനാ പ്രവർത്തനങ്ങളിൽ ഉണ്ടാകണമെന്നാണ് ആഗ്രഹം. ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അതിന് അനുവദിക്കണമെന്ന് അപേക്ഷയാണ്. അന്ത്യശാസനമല്ല. പാർട്ടി വിഷയം ചർച്ച ചെയ്തിട്ടില്ല. രാജി വെച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കാൻ താത്പര്യമില്ല. ഒരു ​ഗ്രേസ്ഫുൾ ആയ മാറ്റമാണ് വേണ്ടത്. എംഎൽഎ കാലാവധി കഴിഞ്ഞാൽ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്നുള്ളതായിരിക്കും ചർച്ച. അതിൽ മാറ്റമില്ലല്ലോ. മന്ത്രിസ്ഥാനത്തുനിന്ന് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല. പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് ആദരപൂർവ്വമുള്ള പടിയിറക്കമാണ് ലക്ഷ്യം. രാജിയെന്ന ഭീഷണിയല്ല മുന്നോട്ട് വെക്കുന്നത്. ആ​ഗ്രഹം പ്രകടിപ്പിച്ചുവെന്ന് മാത്രം. അനുവദിച്ചാൽ സന്തോഷപൂർവം സ്വീകരിക്കും.

​ഗുണവും ദോഷവും പ്രത്യാഘാതങ്ങളും പരി​ഗണിച്ച് ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും പാർട്ടി വിഷയത്തിൽ തീരുമാനമെടുക്കുക. പാർട്ടിയിൽ പ്രതിസന്ധിയുണ്ടാക്കുക എന്നതല്ല ലക്ഷ്യം. തുറന്ന ചർച്ചകളാണ് പാർട്ടിയിൽ നടക്കുന്നത്. ബുദ്ധിമുട്ടുണ്ടെങ്കിൽ പാർട്ടിക്ക് അത് തുറന്നുപറയാം’, എ കെ ശശീന്ദ്രൻ പറഞ്ഞു.

മന്ത്രിസഭയിൽ നിന്ന് എ കെ ശശീന്ദ്രനെ മാറ്റാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ മുഖ്യമന്ത്രിക്ക് വിവരം കൈമാറിയിരുന്നു. തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് പാർട്ടിയുടെ നീക്കം. അതേസമയം മന്ത്രിസ്ഥാനത്തുനിന്നും മാറ്റുകയാണെങ്കിൽ എംഎൽഎ സ്ഥാനവും രാജിവെക്കുമെന്ന് എ കെ ശശീന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു.

Also read:എന്‍സിപി സംസ്ഥാന ഘടകത്തില്‍ ഭിന്നത രൂക്ഷം

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തന്നെ ശശീന്ദ്രന് പകരം തന്നെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് പാർട്ടിയിൽ കലാപം തുടങ്ങിയിരുന്നു. രണ്ടരവർഷം കഴിഞ്ഞ് എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തുനിന്നും മാറണമെന്നും ഉപാധിവെച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അന്ന് പാർട്ടി അധ്യക്ഷൻ പി സി ചാക്കോ ഉൾപ്പെടെ പിന്തുണ നൽകിയതായിരുന്നു എ കെ ശശീന്ദ്രൻെ ധൈര്യം. എന്നാൽ സമീപകാലത്ത് പി സി ചാക്കോ തോമസ് കെ തോമസുമായി സൗഹൃദത്തിലെത്തുകയായിരുന്നു. ഇതോടെ മന്ത്രിസ്ഥാനത്തിനായി തോമസ് കെ തോമസ് ആവശ്യം കടുപ്പിക്കുകയും എ കെ ശശീന്ദ്രൻ പ്രതിസന്ധിയിലാവുകയുമായിരുന്നു.

Top