‘മിസ്സ് എ ഐ’; സൗന്ദര്യറാണിപ്പട്ടത്തിനായി എ ഐ സുന്ദരികള്‍ ഒരുങ്ങുന്നു

‘മിസ്സ് എ ഐ’; സൗന്ദര്യറാണിപ്പട്ടത്തിനായി എ ഐ സുന്ദരികള്‍ ഒരുങ്ങുന്നു

സൗന്ദര്യറാണിപ്പട്ടത്തിനായി നിര്‍മ്മിതിബുദ്ധി ജന്മം നല്‍കുന്ന എ ഐ സുന്ദരികള്‍ ഒരുങ്ങുന്നു. ‘മിസ്സ് എ ഐ’ എന്ന് പേരിട്ടിരിക്കുന്ന മത്സരം സംഘടിപ്പിക്കുന്നത് വേള്‍ഡ് എ ഐ ക്രിയേറ്റര്‍ അവാര്‍ഡ്സ് ആണ്. 2023 ജൂണിലാണ് സ്പാനിഷ് ഫിറ്റ്നെസ് ഫ്രീക്കായ ഐറ്റാന ലോപ്പസ് ഇന്‍സ്റ്റഗ്രാമിലെത്തിയത്. അതിവേഗമാണ് മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സിനെ അവര്‍ക്ക് ലഭിച്ചത്. ഗെയിമറും ഫിറ്റ്നെസ് പ്രിയയുമാണ് താനെന്നാണ് പേജില്‍ ഐറ്റാന സ്വയം വിശേഷിപ്പിക്കുന്നത്. പ്രതിമാസം നാലു ലക്ഷത്തിലധികം രൂപയാണ് ഈ പേജ് ഇന്ന് നേടുന്നത്.

പക്ഷേ ഐറ്റാന ലോപ്പസ് മജ്ജയും മാംസവുമുള്ള യുവതിയല്ല. വിക്ടോറിയ സീക്രട്ട് അണ്ടര്‍ ഗാര്‍മെന്റ്സുകളുടെ മോഡലായി പ്രവര്‍ത്തിക്കുന്ന അവര്‍ ഒരു എ ഐ ജനറേറ്റഡ് മോഡലാണ്. നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് നിര്‍മ്മിച്ച സാങ്കല്‍പിക സുന്ദരി. ക്ലൂലെസ് എന്ന മോഡല്‍ ഏജന്‍സിയ്ക്കായി റോബിന്‍ ക്രൂസ് എന്ന പരസ്യഏജന്‍സി ഉടമയാണ് ഈ വിര്‍ച്വല്‍ മോഡലിനെ സൃഷ്ടിച്ചത്. എ ഐ സൗന്ദര്യറാണികളെ കണ്ടെത്താനായി വേള്‍ഡ് എഐ ക്രിയേറ്റര്‍ അവാര്‍ഡ്സ് നടത്തുന്ന മിസ്സ് എ ഐ മത്സരത്തിന്റെ നാലംഗ ജൂറിയിലെ രണ്ട് എ ഐ ജൂറിയംഗങ്ങളിലൊരാള്‍ കൂടിയാണ് ഐറ്റാന ലോപ്പസ്. എ ഐ മോഡലായ എമിലി പെലിഗ്രിനിയാണ് മറ്റൊരു ജൂറിയംഗം.

ആല്‍ബ റെന, നതാലിയ നോവക്ക്, മില്ല സോഫിയ തുടങ്ങി നിരവധി തകര്‍പ്പന്‍ എ ഐ മോഡലുകളും ഇന്‍ഫല്‍വന്‍സേഴ്സും ഇന്ന് ലോകത്തുണ്ട്. സൗന്ദര്യം, സൃഷ്ടിക്കു പിന്നിലെ സാങ്കേതിക മികവ്, സമൂഹമാധ്യമങ്ങളിലെ ജനപ്രിയത, ആരാധകരുമായുള്ള ഇടപെടല്‍ എല്ലാം തന്നെ മിസ്സ് എ ഐ മത്സരത്തില്‍ വിലയിരുത്തപ്പെടും. മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ സ്വീകരിച്ചു തുടങ്ങി. മേയ് 10നാണ് ഫലപ്രഖ്യാപനം. വിജയിക്ക് അയ്യായിരം ഡോളര്‍ അഥവാ നാലു ലക്ഷം രൂപയാണ് സമ്മാന തുക.

Top