തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിലേക്ക് സഹോദരി ഭർത്താവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം നിയമസഭയിൽ കത്തിപ്പടരുന്നു. ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനിടെയാണ് ബന്ധുനിയമന വിഷയം പ്രതിപക്ഷം സഭയിൽ ശക്തമായി ഉന്നയിച്ചത്. പ്രതികാര നടപടിയുടെ ഭാഗമായാണ് ജീവനക്കാരെ സ്ഥലം മാറ്റുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചപ്പോൾ, ഇതൊരു സ്വാഭാവിക നടപടി മാത്രമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.
മന്ത്രിയുടെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മുൻപ് ഇടതുസർക്കാരിന്റെ കാലത്തുണ്ടായ ബന്ധുനിയമനങ്ങളെ രൂക്ഷമായി വിമർശിച്ച യു.ഡി.എഫ്, ഇപ്പോൾ അധികാരത്തിലെത്തിയപ്പോൾ തങ്ങൾ പറഞ്ഞതെല്ലാം മറന്നുവെന്ന് പ്രതിപക്ഷം പരിഹസിച്ചു. വി. ജോയിയാണ് ഈ വിഷയം സഭയിൽ ഉന്നയിച്ചത്. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പോയതിനാൽ, പാർലമെന്ററികാര്യ മന്ത്രിയാണ് ഈ വിഷയത്തിൽ മറുപടി നൽകിയത്. എന്നാൽ, ബന്ധുനിയമനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രി സണ്ണി ജോസഫ് നേരിട്ട് വിശദീകരണം നൽകാൻ തയ്യാറായില്ല.
Also Read:‘എയിംസ് വന്നാൽ ക്രെഡിറ്റ് എനിക്ക്, ഇല്ലെങ്കിൽ രാഷ്ട്രീയം വിടും’: സുരേഷ് ഗോപി
ഭരണാനുകൂല സംഘടനകളുടെ അപേക്ഷ പ്രകാരം ജീവനക്കാരെ തെരഞ്ഞുപിടിച്ച് സ്ഥലം മാറ്റുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. രോഗികളായ ജീവനക്കാരെയും വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളവരെയും ദൂരസ്ഥലങ്ങളിലേക്ക് മാറ്റുന്നുവെന്നും, സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ പോലും നടപടിയെടുക്കുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാൽ, മുൻകാലത്ത് ഇടതുസർക്കാർ നടപ്പിലാക്കിയ സ്ഥലം മാറ്റങ്ങളുടെ പട്ടിക നിരത്തിയായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. അത്തരം ഇടതുനയങ്ങളല്ല യു.ഡി.എഫ് സർക്കാരിന്റേതെന്ന് മന്ത്രി അവകാശപ്പെട്ടു. എന്നാൽ, മറുപടിയിൽ തൃപ്തരാകാതെയും വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിലും പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.






